ഒരുപാട് കൗതുകകരമായ രീതിയില്‍ ചെടികള്‍ വീടിന്റെ മുക്കിലും മൂലയിലുമൊക്കെ വളര്‍ത്താവുന്നതാണ്. പൂക്കള്‍ മുറിച്ചെടുത്ത് അലങ്കരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം ഭംഗിയായി നിലനില്‍ക്കുന്നതാണ് ഇത്തരം ചെടികള്‍. അല്‍പം സമയവും സര്‍ഗാത്മകതയുമുണ്ടെങ്കില്‍ അതിമനോഹരമായി നിങ്ങളുടെ ഡൈനിങ്ങ് ടേബിളില്‍ പച്ചപ്പിന്റെ ഒരു തുരുത്ത് സൃഷ്ടിക്കാം.

എങ്ങനെ വളര്‍ത്താം?

ടെറാ കോട്ട പാത്രങ്ങളുണ്ടെങ്കില്‍ ഏറ്റവും ഭംഗിയായി ചെടികള്‍ അലങ്കരിക്കാം. നിങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്ന ചെടികളുടെ ചെറിയ പാത്രങ്ങള്‍ അതുപോലെ ഈ വലിയ പാത്രത്തിലേക്ക് എടുത്തുവെക്കാവുന്നതാണ്. അല്ലെങ്കില്‍ ആ പാത്രത്തില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് നേരിട്ട് തന്നെ വളര്‍ത്താം. ഇത്തരം പാത്രങ്ങളുടെ പുറത്തും അകത്തും ബ്രഷ് ഉപയോഗിച്ച് ലാറ്റെക്‌സ് പെയിന്റിന്റെ നേര്‍ത്ത ആവരണം നല്‍കാവുന്നതാണ്. ഈ പെയിന്റ് ഈര്‍പ്പമുള്ളതായിരിക്കും. ഈ അവസ്ഥയില്‍ നിങ്ങളുടെ പാത്രം നിറമുള്ളതോ അല്ലാത്തതോ ആയ മണല്‍ത്തരികളില്‍ ഉരുട്ടിയെടുത്താല്‍ പാത്രത്തിന്റെ മുകളില്‍ മനോഹരമായ ചിത്രപ്പണികളായി മാറും. ഇഷ്ടപ്പെടുന്ന ഏതെങ്കിലും മൂന്ന് ചെടികള്‍ ഒന്നിച്ച് ഈ പാത്രത്തിലേക്ക് ഇറക്കിവെക്കാം. താല്‍പര്യമുണ്ടെങ്കില്‍ പാത്രങ്ങള്‍ക്കിടയില്‍ നിറമുള്ള മെഴുകുതിരികള്‍ വെച്ച് കൂടുതല്‍ ഭംഗിയാക്കാവുന്നതാണ്.

ഫേണ്‍ ചെടികള്‍ വളരെ ഭംഗിയായി ഇത്തരം പാത്രങ്ങളില്‍ വളര്‍ത്താം. പക്ഷേ, ഏത് തരത്തില്‍പ്പെട്ട ചെടിയും വളര്‍ത്താവുന്നതാണ്. ഇത് അല്‍പസമയം പുറത്ത് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെച്ച ശേഷം ഡൈനിങ്ങ് ടേബിളിലേക്ക് എടുത്തുവെക്കുന്നതായിരിക്കും നല്ലത്.

ഡ്രിഫ്റ്റ് വുഡ് ഉപയോഗിച്ചും ഡൈനിങ്ങ് ടേബിളില്‍ ചെടികള്‍ വളര്‍ത്താം. ഇതിലേക്ക് ഈര്‍പ്പമുള്ള മോസ് ആണ് നട്ടുപിടിപ്പിക്കുന്നത് . ഒരു ചെറിയ ലെയര്‍ മണ്ണ് ഇട്ടുകൊടുത്ത് വളര്‍ത്താവുന്നതാണ്.

സക്കുലന്റ് ചെടികളും വായുശുദ്ധീകരിക്കുന്ന ചെടികളുമാണ് ഡൈനിങ്ങ് ടേബിളില്‍ വെക്കാന്‍ അനുയോജ്യമായവ. ഇത്തരം ചെടികള്‍ പാത്രങ്ങളില്‍ നിന്ന് എടുത്ത് മണ്ണ് ഒഴിവാക്കി മേശപ്പുറത്ത് വെക്കുന്ന പാത്രത്തിലെ മണ്ണില്‍ നടാവുന്നതാണ്.