പച്ചക്കറികള്‍ പറമ്പിലും ഗ്രോബാഗിലും ചട്ടിയിലും മാത്രമേ വളര്‍ത്താന്‍ കഴിയുവെന്നില്ലല്ലോ. വേര് ആഴ്ന്നിറങ്ങാന്‍ മാത്രം ആഴമുള്ള പാത്രങ്ങളുണ്ടെങ്കില്‍ സുഗമമായി കൃഷി ചെയ്ത് വിളവെടുക്കാം. പ്രത്യേകിച്ച് ഫ്ലാറ്റുകളില്‍ സാധാരണ ചെടിച്ചട്ടികളില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നതിനാല്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കും. ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ പാത്രങ്ങളുണ്ടെങ്കില്‍ ചിലയിനം പച്ചക്കറികള്‍ കൃഷി ചെയ്യാം.

 

ചെറിയ കുറ്റിച്ചെടികളുടെ ഗണത്തില്‍പ്പെട്ട പച്ചക്കറികളാണ് ഇത്തരം പാത്രങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യം. ഏകദേശം എട്ട് ഇഞ്ച് ആഴത്തിലുള്ള പാത്രങ്ങളാണ് ആവശ്യം. വലിയ തക്കാളികള്‍ കൃഷി ചെയ്യാനാണെങ്കില്‍ 12 ഇഞ്ച് ആഴമുള്ള പാത്രങ്ങള്‍ മതി.

പാത്രത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ ചെടികള്‍ വളര്‍ത്താം. പക്ഷേ, പച്ചക്കറിത്തൈകള്‍ കൂട്ടത്തോടെ വളര്‍ത്തരുത്. ഉദാഹരണത്തിന്, വലിയ പാത്രങ്ങളില്‍ രണ്ടോ മൂന്നോ കുരുമുളകിന്റ തൈകള്‍ നടാം. ഒരു ചെറിയ പാത്രത്തില്‍ ഓരേ ഒരു ഔഷധസസ്യം മാത്രം വളര്‍ത്തുന്നതായിരിക്കും നല്ലത്.

ഇത്തരത്തില്‍ പാത്രങ്ങളില്‍ വളര്‍ത്താവുന്ന ചില പച്ചക്കറിയിനങ്ങളെ പരിചയപ്പെടാം

കുള്ളന്‍ ഇനത്തില്‍പ്പെട്ട കാബേജ്, കക്കിരി വര്‍ഗത്തില്‍പ്പെട്ട സ്‌പേസ്മാസ്റ്റര്‍, ലിറ്റില്‍ മിന്നി, പോട്ട് ലക്ക്, മിഡ്ജറ്റ് എന്നീ ഇനങ്ങള്‍ പാത്രങ്ങളില്‍ വളര്‍ത്താം. നിലക്കടലയുടെ ഇനങ്ങളായ ലിറ്റില്‍ മാര്‍വെല്‍, അമേരിക്കന്‍ വണ്ടര്‍ എന്നിവയും ഇങ്ങനെ വളര്‍ത്താം.

ലെറ്റിയൂസ് ഇലകളുടെ ഇനങ്ങളായ സ്വീറ്റ് മിഡ്ജറ്റ്, ടോം തമ്പ് എന്നിവ ഇടത്തരം പാത്രങ്ങളില്‍ ബാല്‍ക്കണികളില്‍ വളര്‍ത്താം.

ചെറി ബെല്ലി, ഈസ്റ്റര്‍ എഗ്ഗ്, പ്ലം പര്‍പ്പിള്‍ എന്നീ റാഡിഷിന്റെ ഇനങ്ങളും സൗകര്യപ്രദമായ പാത്രങ്ങളില്‍ വളര്‍ത്താം. ചീരവര്‍ഗത്തില്‍പ്പെട്ട എല്ലാ ഇലകളും ബീറ്റ്‌റൂട്ടും വളര്‍ത്തി വിളവെടുക്കാവുന്നതാണ്.

നല്ല വലുപ്പമുള്ള പാത്രങ്ങളുണ്ടെങ്കില്‍ ബ്രൊക്കോളി, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളിയുടെ വലിയ ഇനങ്ങള്‍ എന്നിവയും മട്ടുപ്പാവിലോ ബാല്‍ക്കണിയിലോ കൃഷി ചെയ്തുണ്ടാക്കാവുന്നതാണ്.