ചേമ്പിന്റെ കിഴങ്ങും തണ്ടും ഇലയും ഭക്ഷ്യയോഗ്യമാണ്. അതുപോലെ തന്നെ എളുപ്പത്തില്‍ തോട്ടത്തില്‍ നട്ടുവളര്‍ത്താവുന്നതാണ് ചീരച്ചേമ്പ്. മട്ടുപ്പാവില്‍ ഗ്രോബാഗിലും ഇത് നടാം. ഇലകളും തണ്ടും തോരന്‍ വെക്കാനും കറി വെക്കാനും യോജിച്ചതാണ്. ചൊറിച്ചില്‍ ഇല്ലെന്നതാണ് ചീരച്ചേമ്പിന്റെ പ്രത്യേകത. പുറത്ത് നിന്ന് പച്ചക്കറി വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ചീരച്ചേമ്പ് തോട്ടത്തില്‍ വളര്‍ത്തിയാല്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

സാധാരണ നമ്മള്‍ കൃഷി ചെയ്യുന്ന ചേമ്പ് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. വാഴച്ചേമ്പ്, കരിച്ചേമ്പ്, ശീമച്ചേമ്പ് എന്നിവയെല്ലാം അവയില്‍ ചിലതാണ്. മറ്റുള്ള കിഴങ്ങു വര്‍ഗങ്ങളിലുള്ള അന്നജത്തേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നതാണ് ചേമ്പില്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചേമ്പ് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും ചീരച്ചേമ്പ് അറിയപ്പെടുന്നു. സാധാരണ ചേമ്പ് പോലെ ചുവട്ടില്‍ കിഴങ്ങ് ഉണ്ടാകില്ല. പച്ചത്തണ്ടുള്ളതും പര്‍പ്പിള്‍ കളറിലുള്ള തണ്ടുള്ളതുമായ ചീരച്ചേമ്പുകളാണുള്ളത്. ഒരു പ്രാവശ്യം നട്ടാല്‍ എന്നും കറി വെക്കാന്‍ ഇലകള്‍ കിട്ടും.

സാധാരണ ചേമ്പ് കൃഷി ചെയ്യുന്നതുപോലെ നട്ടുവളര്‍ത്താം. മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഗ്രോബാഗില്‍ നടാവുന്നതാണ്. തൈകളാണ് ചീരച്ചേമ്പ് നടാനായി ഉപയോഗിക്കുന്നത്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തഴച്ചുവളരുന്നതാണ്. ഇതിന്റെ ചുവട്ടില്‍ ചെറിയ തൈകളുണ്ടായാല്‍ വേരോടെ പറിച്ചെടുത്ത് നടാവുന്നതാണ്. മട്ടുപ്പാവില്‍ നടുന്നവര്‍ക്ക് ചകിരിച്ചോര്‍ ഗ്രോബാഗില്‍ ചേര്‍ത്താല്‍ ഭാരം കുറയ്ക്കാന്‍ കഴിയും. സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍ മതി.

വിറ്റാമിന്‍ എ.ബി.സി, ഫോസ്ഫറസ്, പൊട്ടാസ്യം, അയേണ്‍, തയാമിന്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞതാണ് ഈ ഇലക്കറി.

ചീര ഉണ്ടാക്കുന്നതുപോലെ തന്നെ ഇത് പാചകം ചെയ്യാം. സാമ്പാര്‍ പോലുള്ള കറികളിലും ഉപയോഗിക്കാം. ചിലര്‍ ചെമ്മീന്‍ ഇട്ടും കറി ഉണ്ടാക്കാറുണ്ട്.

പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അധികം മൂക്കാത്ത തണ്ട് ഉപയോഗിക്കുന്നതാണ് നല്ലത്. തണ്ടിന്റെ പുറംഭാഗത്തുള്ള തോല്‍ നീക്കിയാണ് വേവിക്കേണ്ടത്. ഇലകള്‍ ചെറുതായി അരിഞ്ഞ് തോരന്‍ വെക്കാന്‍ ഉപയോഗിക്കാം.

നമ്മുടെ നാട്ടില്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് ചേമ്പ് കൃഷി ചെയ്യുന്നത്. നനവുണ്ടെങ്കില്‍ എപ്പോഴും കൃഷി ചെയ്യാവുന്നതാണ്. സാധാരണയായി രോഗങ്ങളൊന്നും ബാധിക്കാറില്ലെന്നതും പ്രത്യേകതയാണ്. മഴക്കാലത്ത് ഇലചീയല്‍ കണ്ടുവരാറുണ്ട്.