ഇലകളില്‍ പ്രത്യേക അടയാളങ്ങളോടുകൂടി കുറ്റിച്ചെടിയായി വളരുന്ന ചെടിയാണ് അലുമിനം. അധികം ഉയരത്തില്‍ വളരാത്തതുകൊണ്ട് മിക്കവാറും എല്ലാ സ്ഥലത്തും സൗകര്യപ്രദമായി ഈ ചെടി വളര്‍ത്താവുന്നതാണ്. വിയറ്റ്‌നാമിലും ചൈനയിലുമാണ് ഈ ചെടി ആദ്യകാലങ്ങളില്‍ കണ്ടുവന്നിരുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിച്ചാല്‍ ഈ ചെടിയെ വളരെ എളുപ്പത്തില്‍ വീട്ടില്‍ വളര്‍ത്തിയെടുക്കാം.

പല പല ഇനങ്ങളില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. കടുംപച്ച ഇലകളില്‍ സില്‍വര്‍ നിറത്തിലുള്ള മാര്‍ക്കുകളുള്ള ഇനമാണ് സാധാരണ കണ്ടുവരുന്നത്. ഈ ചെടി പരമാവധി 12 ഇഞ്ച് ഉയരത്തിലേ വളരുകയുള്ളു. ഇലകള്‍ക്കാണ് പ്രത്യേകതയെങ്കിലും വളരെ ചെറിയതും പച്ചനിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്നുണ്ട്. കുലകളായി കാണപ്പെടുന്ന പൂക്കള്‍ക്ക് മണമുണ്ടാകില്ല.

അമിതമായ ചൂടുള്ള കാലാവസ്ഥയും നേരിട്ടുള്ള സൂര്യപ്രകാശവും ഒഴിവാക്കണം. ഇന്‍ഡോര്‍ ആയി വളര്‍ത്തുമ്പോള്‍ പകുതി തണല്‍ മാത്രം മതി. ഭാഗികമായി സൂര്യപ്രകാശം ലഭിക്കണം.

നല്ല ഈര്‍പ്പം ആവശ്യമുള്ള ചെടിയാണിത്. മണ്ണ് വരണ്ടിരിക്കാന്‍ അനുവദിക്കാതെ നനച്ചുകൊടുക്കണം. വേനല്‍ക്കാലത്ത് ദിവസത്തില്‍ മൂന്ന് പ്രാവശ്യം നനയ്ക്കണം. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ആഴ്‍ചയില്‍ ഒരിക്കല്‍ വേനല്‍ക്കാലത്ത് ചെടിക്ക് നല്‍കണം.

തണുപ്പുകാലത്ത് വെള്ളം കുറച്ച് മതിയെങ്കിലും മണ്ണില്‍ നിന്ന് ഈര്‍പ്പം നഷ്ടമാകുന്നതുവരെ നനയ്ക്കാതിരിക്കരുത്.

നല്ല നീര്‍വാര്‍ച്ചയുള്ള പോട്ടിങ്ങ് മിശ്രിതമാണ് ആവശ്യം. വിത്ത് മുളപ്പിച്ചും തണ്ട് മുറിച്ച് നട്ടും പുതിയ ചെടികളുണ്ടാക്കാം. തണ്ട് മുറിച്ചെടുത്ത് മണല്‍ അടങ്ങിയ പോട്ടിങ്ങ് മിശ്രിതത്തില്‍ നടുകയാണ് ചെയ്യുന്നത്. ഇത് വായു കടക്കാന്‍ സൗകര്യമുള്ള പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടി വെക്കണം. ഈ പാത്രം അല്‍പം ചൂടുള്ള സ്ഥലത്താണ് വെക്കേണ്ടത്. വേര് പിടിച്ചാല്‍ മൂന്നോ നാലോ ചെടികളെ ഒരു പാത്രത്തില്‍ വളര്‍ത്താം. വേനല്‍ക്കാലമായാല്‍ ചെടിയുടെ മുകള്‍ഭാഗം ചെറുതായി മുറിച്ചുമാറ്റണം. അടുത്ത വര്‍ഷം ചെടി പൂന്തോട്ടത്തിലേക്ക് സ്ഥിരമായി മാറ്റിനടാവുന്നതാണ്.

അലുമിനം ചെടി വിഷാംശമുള്ളതല്ല. വെള്ളീച്ചകളും ചിതലുകളും ചെടി നശിപ്പിക്കാറുണ്ട്. വേപ്പെണ്ണ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. തൂക്കുപാത്രങ്ങളിലും ഈ ചെടി വളര്‍ത്താവുന്നതാണ്. നീളമുള്ള ചെടികള്‍ക്കിടയിലും ഇവ വളര്‍ത്താം.