അക്വേറിയത്തില്‍ എല്ലാത്തരം ചെടികളും വളര്‍ത്താന്‍ കഴിയില്ല. ചിലര്‍ ബോണ്‍സായ് ചെടികള്‍ അക്വേറിയത്തിലെ വെള്ളത്തിലും വളര്‍ത്താറുണ്ട്. പക്ഷേ, അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് മാത്രം. അക്വാ ബോണ്‍സായി ഇനത്തില്‍പ്പെട്ടവയും മറ്റു ചെടികളും വളര്‍ത്തുമ്പോള്‍ ഇത്തിരി കരുതല്‍ ആവശ്യമാണ്.

 

ബോണ്‍സായ് വളര്‍ത്തുകയെന്നത് പൊതുവേ ശ്രദ്ധ ആവശ്യമുള്ള ജോലിയാണ്. അപ്പോള്‍ വെള്ളത്തില്‍ വളരുമ്പോള്‍ അല്‍പം കൂടി കരുതല്‍ നല്‍കണം. വേരുകളില്‍ വെള്ളം കെട്ടി നിന്ന് നശിച്ചുപോകാന്‍ സാധ്യതയുണ്ട്.

പ്രശ്‌നങ്ങളില്ലാതെ അക്വേറിയത്തില്‍ ബോണ്‍സായ് വളര്‍ത്തുന്നവര്‍ക്ക് ഫോക്‌സ് ബോണ്‍സായ് (Faux bonsai) എന്നയിനത്തില്‍പ്പെട്ട പ്രത്യേക ബോണ്‍സായ് മരങ്ങള്‍ വാങ്ങാവുന്നതാണ്.

ഡ്രിഫ്റ്റ് വുഡ് അക്വേറിയത്തില്‍ വെക്കാന്‍ അനുയോജ്യമാണ്. ഡ്വാര്‍ഫ് ബേബി ടിയേഴ്‌സ് എന്ന ചെടി ഈ ഡ്രിഫ്റ്റ് വുഡിലും സുഷിരങ്ങളുള്ള പാറകളിലും വേര് പിടിപ്പിച്ച് വളര്‍ത്താം. ഏത് ശുദ്ധജല അക്വേറിയത്തിലും വളര്‍ത്താവുന്ന ചെടിയാണിത്.

ജാവാ മോസ് എന്നറിയപ്പെടുന്ന നല്ല കടുംപച്ചനിറത്തിലുള്ള ചെറിയ ഇലകളോട് കൂടിയ ചെടിയും അക്വേറിയത്തിലെ വെള്ളത്തില്‍ നന്നായി വളരും. ഇതും ഡ്രിഫ്റ്റ് വുഡില്‍ വളര്‍ത്തിയാല്‍ അക്വേറിയത്തിന് പച്ചപ്പും മനോഹാരിതയും നിലനിര്‍ത്താം.

 

ചെടികളുടെ വേരുകള്‍ ചീഞ്ഞുപോകാതിരിക്കാന്‍ വെള്ളം കൃത്യമായ ഇടവേളകളില്‍ മാറ്റണം. ആല്‍ഗകള്‍ വളരാതിരിക്കാനും ഇത് നല്ലതാണ്.

ചെടികള്‍ക്ക് ദ്രാവകരൂപത്തിലുള്ള പോഷകങ്ങള്‍ ഓരോ പ്രാവശ്യം വെള്ളം മാറ്റുമ്പോഴും നല്‍കണം. ആഴ്ചയില്‍ ഒരിക്കല്‍ വെള്ളവും വളവും പുതിയതായി നല്‍കണം.