പൂന്തോട്ടത്തിന് നടുവില്‍ ചെറിയ കുളങ്ങള്‍ നിര്‍മിച്ച് താമരയും ആമ്പലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. ഇത്തരം കുളങ്ങള്‍ വീടിന് അലങ്കാരം തന്നെയാണ്. പക്ഷേ, മഴക്കാലമായാല്‍ കൊതുകുകളുടെ ശല്യമുണ്ടാകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. ഇത്തരം കുളങ്ങളില്‍ കൊതുകുകള്‍ പെരുകുന്നത് തടയാനുള്ള ചില വഴികള്‍ ഇതാ.

കുളത്തില്‍ വെള്ളം നിറച്ചുകഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം കൊതുകിന്റെ കൂത്താടികളെ ഭക്ഷണമാക്കുന്ന തരത്തിലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കണം. ഗോള്‍ഡ് ഫിഷ്, മോസ്‌കിറ്റോ ഫിഷ്, തുടങ്ങി അനുയോജ്യമായ ഏത് മത്സ്യവും കുളത്തില്‍ വളര്‍ത്താം.

കൊതുകുകള്‍ മുട്ടയിടുന്ന സീസണ്‍ ആയാല്‍ ഈ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്. അങ്ങനെ വരുമ്പോള്‍ കൊതുകിന്റെ ലാര്‍വകളെ ഭക്ഷണമാക്കി നശിപ്പിച്ചുകളയും. 15 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തുള്ള കുളത്തില്‍ ഏട്ട് മത്സ്യങ്ങളെ വരെ വളര്‍ത്താം.

അലങ്കാരത്തിനായി പൂന്തോട്ടത്തില്‍ കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ ജലസസ്യങ്ങള്‍ വളര്‍ത്താറുണ്ട്. വളരെ ശ്രദ്ധയോടെ ചെടികള്‍ തിരഞ്ഞെടുക്കണം. ഇവയ്ക്കിടയില്‍ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ധാരാളം ജലസസ്യങ്ങള്‍ വളര്‍ത്തുമ്പോള്‍ മത്സ്യങ്ങള്‍ക്ക് ലാര്‍വകളെ കണ്ടെത്താനും പ്രയാസമാണ്. അതുകൊണ്ട് പരിമിതമായ അളവില്‍ മാത്രം സസ്യങ്ങള്‍ വളര്‍ത്തുകയെന്നതാണ് പോംവഴി.

തവളകളും കൊതുകിന്റെ കൂത്താടികളെ ആഹാരമാക്കി നശിപ്പിക്കാന്‍ സഹായിക്കും. ചില സാഹചര്യങ്ങളില്‍ മത്സ്യങ്ങളെക്കൊണ്ട് മാത്രം കൊതുകിനെ നശിപ്പിക്കാന്‍ കഴിയാതെ വരും. അങ്ങനെ വരുമ്പോള്‍ പ്രകൃതിദത്തമായി ലാര്‍വകളെ കൊല്ലുന്ന കൂത്താടി നാശിനികള്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ കൃത്യമായ ഇടവേളകളില്‍ തൡുകൊടുക്കാം. ഇത് മത്സ്യങ്ങള്‍ക്കോ ചെടികള്‍ക്കോ ഹാനികരമല്ല. രാസവസ്തുക്കള്‍ കലര്‍ന്ന ലായനികള്‍ ഒഴിച്ചുകൊടുക്കരുത്.

ഇത്തരം കൂത്താടിനാശിനികള്‍ വെള്ളത്തില്‍ ഒഴിച്ചാല്‍ ആറു മുതല്‍ 12 മണിക്കൂര്‍ വരെ കാര്യക്ഷമമാകും. വളരെക്കൂടുതല്‍ കൂത്താടികളുള്ള കുളമാണെങ്കില്‍ രാവിലെയും വൈകുന്നേരവും ഒഴിച്ചുകൊടുക്കണം.

പപ്പായയുടെ ഇലകൊണ്ടുള്ള നീര് കൊതുക് നിവാരിണിയായി വെള്ളത്തില്‍ ഒഴിച്ചുകൊടുക്കാം. വേപ്പിലയുടെ നീര്, റോസ്‌മേരി എന്ന സസ്യത്തിന്റെ നീര്, പുതിനയിലയുടെ നീര് എന്നിവയെല്ലാം പ്രകൃതിദത്തമായ കൂത്താടിനാശിനികളാണ്.