Asianet News MalayalamAsianet News Malayalam

പര്‍പ്പിള്‍ നിറത്തിന്റെ മനോഹാരിതയുമായി ലൈലാക്ക് പൂക്കള്‍

ഉച്ചയ്ക്ക് ശേഷമുള്ള വെയിലാണ് ഈ ചെടിക്ക് ആവശ്യം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും. അല്‍പം ചരിവുള്ള പ്രദേശങ്ങളില്‍ വളര്‍ത്തിയാല്‍ വെള്ളം കെട്ടിനില്‍ക്കാതെ നന്നായി വളര്‍ന്ന് പൂവിടും.
 

how to care lilac flowers
Author
Thiruvananthapuram, First Published Sep 4, 2020, 9:54 AM IST

മനോഹരമായ പൂക്കളും സുഗന്ധവുമുള്ള ലൈലാക്ക് പൂന്തോട്ടത്തിലെ അതിസുന്ദരി തന്നെയാണ്. പിങ്കും പര്‍പ്പിള്‍ നിറവും ഈ പൂക്കളെ ആകര്‍ഷകമാക്കുന്നു. വെള്ളയും മഞ്ഞയും ഇനങ്ങളും ലഭ്യമാണ്. എട്ട് അടി മാത്രം ഉയരത്തില്‍ വളരുന്ന കുളളന്‍ ഇനങ്ങള്‍ മുതല്‍ 30 അടി ഉയരത്തില്‍ വരെ വളരുന്ന വലിയ ഇനങ്ങളുമുണ്ട്. വര്‍ഷങ്ങളോളം പൂന്തോട്ടത്തിനെ ആകര്‍ഷകമാക്കി നിലനിര്‍ത്താന്‍ ഈ ചെടിക്ക് കഴിയും. വിദേശിയായ ഈ ചെടിയുടെ വിശേഷങ്ങള്‍ അറിയാം.

സിറിന്‍ജ വള്‍ഗാരിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ലൈലാക്ക് പെനിന്‍സുലയിലെ പാറകള്‍ നിറഞ്ഞ കുന്നിന്‍പുറങ്ങളില്‍ വളരുന്ന ചെടിയായിരുന്നു. മനോഹരമായ പൂക്കള്‍ കാരണം യൂറോപ്പിലും വടക്കേ അമേരിക്കയിലുമെല്ലാം തോട്ടങ്ങളില്‍ വളര്‍ത്താന്‍ തുടങ്ങി. അലങ്കാരത്തിനായി വളര്‍ത്തുന്ന ചെടിയാണിത്.

കൂട്ടത്തോടെ ബുഷ് പോലെ വളര്‍ന്ന് നില്‍ക്കുന്ന പൂക്കളാണ് ഇവ. വേരുകള്‍ ആഴത്തില്‍ വളരുന്നതുകൊണ്ട് നടുമ്പോള്‍ ആഴവും വീതിയുമുള്ള കുഴികള്‍ വേണം. ഒന്നില്‍ക്കൂടുതല്‍ ലൈലാക്ക് ചെടികള്‍ വളര്‍ത്തുമ്പോള്‍ ചുരുങ്ങിയത് അഞ്ച് അടിയെങ്കിലും അകലത്തില്‍ നടണം.

ഉച്ചയ്ക്ക് ശേഷമുള്ള വെയിലാണ് ഈ ചെടിക്ക് ആവശ്യം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും. അല്‍പം ചരിവുള്ള പ്രദേശങ്ങളില്‍ വളര്‍ത്തിയാല്‍ വെള്ളം കെട്ടിനില്‍ക്കാതെ നന്നായി വളര്‍ന്ന് പൂവിടും.

how to care lilac flowers

പുതയിടല്‍ നടത്തി ചെടിയുടെ ചുവട്ടില്‍ കളകള്‍ വളരാതെ തടയുകയും അല്‍പം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യാം. വളരെ കുറഞ്ഞ പരിചരണത്തില്‍ വളര്‍ത്താവുന്ന കുറ്റിച്ചെടിയായ ലൈലാക്ക് കൃത്യമായ പ്രൂണിങ്ങ് ആവശ്യമുള്ള ചെടിയാണ്. വസന്തകാലത്തിന് മുമ്പായി വളപ്രയോഗം നടത്തിയാല്‍ ധാരാളം പൂക്കള്‍ തരും. നൈട്രജന്റെ അളവ് കൂടിയാല്‍ പൂക്കള്‍ ഉത്പാദിപ്പിക്കുന്നത് കുറയും.

പ്രാണികളില്‍ നിന്നും കീടങ്ങളില്‍ നിന്നും രക്ഷിക്കാനായി സോപ്പ് വെള്ളം സ്‌പ്രേ ചെയ്യാം. കീടാക്രമണം രൂക്ഷമായാല്‍ കൊമ്പുകള്‍ വെട്ടിക്കളയണം. പൗഡറി മില്‍ഡ്യൂ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാനും കൊമ്പുകോതല്‍ (പ്രൂണിങ്ങ്) നടത്തുന്നത് നല്ലതാണ്.

ചെടിയുടെ തായ്ത്തടിയുടെ താഴെ നിന്ന് പുതിയ തണ്ടുകള്‍ മുളച്ചു വരും. ഇതാണ് വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. വേരോടുകൂടി മാതൃസസ്യത്തില്‍ നിന്നും മുറിച്ചുമാറ്റി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി നടുകയാണ് വേണ്ടത്. ജൈവവളങ്ങള്‍ നല്‍കിയാല്‍ മതി. 

Follow Us:
Download App:
  • android
  • ios