സ്‌പൈഡര്‍ പ്ലാന്റ് അഥവാ ക്ലോറോഫൈറ്റം കോമോസം വീടുകളില്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണ്. പൂന്തോട്ടമുണ്ടാക്കി ഒരു പരിചയവുമില്ലാത്ത തുടക്കക്കാര്‍ക്കും പ്രത്യേകിച്ച് ഒരു പരിചരണവുമില്ലാതെ വളര്‍ത്തിയെടുക്കാവുന്നതാണ് സ്‌പൈഡര്‍ പ്ലാന്‍റ്.

 

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശവുമുള്ള സ്ഥലത്ത് നട്ടുവളര്‍ത്തി നോക്കൂ. വേനല്‍ക്കാലത്ത് സൂര്യപ്രകാശം കൂടുമ്പോള്‍ ഈ ചെടിയില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങും. വെള്ളത്തിലും വളര്‍ത്തിയെടുക്കാവുന്നതാണ് ഇതിന്റെ വേരുകള്‍. പക്ഷേ, മണ്ണിലാണ് കൂടുതല്‍ നന്നായി വളരുന്നത്. ധാരാളം വളര്‍ന്നാല്‍ പ്രൂണിങ്ങ് നടത്തുന്നതും നല്ലതാണ്. അതുപോലെ വേരുകള്‍ പുറത്തേക്ക് കാണാന്‍ തുടങ്ങുകയും നനയ്ക്കാന്‍ പ്രയാസം വരികയും ചെയ്താല്‍ പുതിയ പാത്രത്തിലേക്ക് പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് നടണം.

സ്‌പൈഡര്‍ ചെടിയുടെ ഇലകളുടെ അറ്റത്ത് ബ്രൗണ്‍നിറമുണ്ടായാല്‍ ചെടിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതുകൊണ്ടാകാമെന്ന് അനുമാനിക്കാം. അതുപോലെ മറ്റുപല  കാരണങ്ങള്‍ കൊണ്ടും ബ്രൗണ്‍നിറമുണ്ടാകാം. പാത്രങ്ങളില്‍ വളര്‍ത്തുമ്പോഴാണ് ഈ പ്രശ്‌നം സാധാരണ കണ്ടുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ വേരുകള്‍ക്ക് വളരാന്‍ കൂടുതല്‍ സ്ഥലമുള്ള പാത്രത്തിലേക്ക് മാറ്റി നട്ട ശേഷം വെള്ളം നന്നായി നല്‍കുക.

മണ്ണില്‍ വെള്ളം സംഭരിച്ച് നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലും ബ്രൗണ്‍നിറം വരും. ജൈവവസ്തുക്കള്‍ ചേര്‍ത്ത് മണ്ണിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. വേരുകള്‍ കേടായാലും ഇത് സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ കാരണം കണ്ടെത്തി ചെടി പ്രൂണ്‍ ചെയ്ത് വെള്ളത്തിന്റെ ആവശ്യം കുറയ്ക്കുന്ന രീതിയില്‍ നിലനിര്‍ത്തുക.

 

ആവശ്യത്തില്‍ക്കൂടുതല്‍ വളം നല്‍കിയാലും ഇലകളുടെ അഗ്രഭാഗം ബ്രൗണ്‍നിറമാകും. വെള്ളത്തില്‍ ലയിക്കുന്നതും തരിരൂപത്തിലുള്ളതുമായ വളങ്ങള്‍ ഉപയോഗിക്കാം. വളം കുറഞ്ഞുപോയാലും പ്രശ്‌നമില്ല, പക്ഷേ, കൂടുതലായാല്‍ ചെടി നശിക്കും.