സാമ്പാറിലെ മുഖ്യഘടകമായ കായം വളര്‍ത്തി വിളവെടുക്കുന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഫെറുല അസഫോറ്റിഡ എന്ന ശാസ്ത്രനാമമുള്ള കായം സാധാരണയായി ഹീംഗ് എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഭൂമിക്കടിയിലുള്ള വേരുകളിലുള്ള ലാറ്റക്‌സ് അഥവാ ഗം ഒലിയോറെസിന്‍ (Gum oleoresin) ഉണക്കിയാണ് കായമാക്കി മാറ്റുന്നത്. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് നാം കറികളില്‍ ഉപയോഗിക്കുന്നത്. കായച്ചെടിയുടെ കൃഷിക്ക് പ്രോത്സാഹനവുമായി മുന്നിട്ടിറങ്ങുകയാണ് ചില സംസ്ഥാനങ്ങള്‍.

ബഹുവര്‍ഷിയായ ഈ സസ്യം 1 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. കാശ്മീരിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലുമാണ് ഈ ചെടി വളരുന്നത്. ഇന്ത്യയിലേക്കും ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും കായം കയറ്റി അയക്കുന്നത് പ്രധാനമായും ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്.

കായത്തിന്റെ ചെടിയുടെ തണ്ടിന് 30 സെ.മീ മുതല്‍ 40 സെ.മീ വരെ വണ്ണമുണ്ടാകും. ഇളംപച്ച കലര്‍ന്ന മഞ്ഞ നിറമുള്ള കുലകളായുള്ള പൂക്കളാണുണ്ടാകുന്നത്. വേരുകള്‍ മാംസളവും  നന്നായി വളരുന്നതുമാണ്.

കായത്തിന് രൂക്ഷമായ മണമുണ്ടാകാന്‍ കാരണം അതിലടങ്ങിയിട്ടുള്ള സള്‍ഫര്‍ സംയുക്തങ്ങളാണ്. സ്റ്റാര്‍ച്ചുമായി യോജിപ്പിച്ച ശേഷമാണ് ഇത് പാചകാവശ്യത്തിനായി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. രണ്ടു പ്രധാനപ്പെട്ട ഇനങ്ങളാണ് മില്‍ക്കി വൈറ്റ് അസഫോറ്റിഡ, റെഡ് അസഫോറ്റിഡ എന്നിവ. അതായത് പാല്‍ക്കായവും ചുവന്ന കായവും.

മരത്തിന്റെ തടി, തായ് വേര് എന്നിവിടങ്ങളില്‍ മുറിവുണ്ടാക്കി കറ ശേഖരിക്കും. ഈ കറയ്ക്ക് ചാരനിറം കലര്‍ന്ന വെള്ളനിറമായിരിക്കും. ഈ കറ നന്നായി ഉണങ്ങുമ്പോളാണ് കട്ടിയുള്ള കായം ലഭിക്കുന്നത്. കായത്തിന് ആന്റ്ബയോട്ടിക് ഗുണങ്ങളും നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. മരുന്നുണ്ടാക്കാനും ഇതിന്റെ സത്ത് ഉപയോഗിക്കുന്നുണ്ട്.

ഹിമാലത്തിലെ ഈ വിളകളില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞനാണ് ബിലാസ്‍പൂര്‍ ജില്ലക്കാരനായി ഡോ. വിക്രം ശര്‍മ. 2017 -ല്‍ ഇറാനില്‍ നിന്നും അസഫോറ്റിഡ ചെടിയുടെ വിത്തുകള്‍ ശേഖരിച്ച ഇദ്ദേഹം ഇതിന്റെ രാസപരമായ സവിശേഷതകള്‍ പഠിച്ചു. ഇതില്‍ നിന്ന് വിത്തുകള്‍ ഇന്ത്യയില്‍ കൃഷി ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. തണുത്ത മരുഭൂമികളിലും ഹിമാലയന്‍ മലനിരകളിലുമുള്ള കര്‍ഷകര്‍ക്ക് ഈ വിള ഒരു വരദാനമായിരിക്കുമെന്ന് അദ്ദേഹം കരുതി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോറിസോഴ്‌സ് ടെക്‌നോളജി ആണ് ആദ്യമായി അസഫോറ്റിഡ കൃഷി ഇന്ത്യയില്‍ ആരംഭിച്ചത്. 2018 -ല്‍ ന്യൂഡല്‍ഹിയിലെ നാഷനല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് ഈ സുഗന്ധവിളയുടെ വിത്തുകള്‍ ശേഖരിച്ച് പരീക്ഷണക്കൃഷി നടത്തിയിരുന്നു.

ഹിമാചല്‍ പ്രദേശിലെ ഗവര്‍ണര്‍ ശ്രീ ബന്ദരു ദത്താത്രേയ സംസ്ഥാന ഏജന്‍സികളുമായി ചേര്‍ന്ന് വന്‍തോതിലുള്ള കൃഷിയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2020 -ലെ ബജറ്റില്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ കായച്ചെടിയുടെ പുതിയ ഇനം ചമ്പ ജില്ലയിലും കിന്നോര്‍ ജില്ലയിലും കൃഷി ചെയ്യണമെന്ന നിലപാടിലാണ്. ഇത്തരം സ്ഥലങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ഈ കൃഷിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.