Asianet News MalayalamAsianet News Malayalam

ചൗ ചൗ അഥവാ ശീമ കത്തിരിക്ക വളര്‍ത്താം; മഴക്കാലം കൃഷിക്ക് അനുയോജ്യം

മഴക്കാലത്താണ് സാധാരണയായി കൃഷി ചെയ്യുന്നത്. വേനല്‍ക്കാലത്ത് കൃത്യമായി നനച്ചുകൊടുക്കണം. തുള്ളിനന വഴി വളപ്രയോഗം നടത്തുന്നതും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതുമാണ് കൂടുതല്‍ നല്ലത്.  ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍ നടത്തണം.

how to grow chow chow
Author
Thiruvananthapuram, First Published Jun 16, 2020, 4:52 PM IST

വെള്ളരിയുടെ കുടുംബക്കാരനും ചുരയ്ക്കയോട് സാമ്യമുള്ളതുമായ പച്ചക്കറിയാണ് ചൗ ചൗ. 10 മുതല്‍ 15 സെ.മീ നീളത്തില്‍ പടര്‍ന്നു വളരുന്ന ഈ പച്ചക്കറിച്ചെടിയുടെ കായയും തണ്ടും ഇളം ഇലകളും ഭക്ഷണമായി ഉപയോഗിക്കുന്നു. ധാരാളം പോഷകഗുണങ്ങളുള്ള ചൗ ചൗ ചട്ടികളിലും ഗ്രീന്‍ഹൗസിലും പോളിഹൗസിലുമെല്ലാം വളര്‍ത്തുന്നുണ്ട്. ബംഗളുരു വെങ്കായ, ഇഷ്‌കുസ്, ദാസ് ഗൂസ് എന്നീ പേരുകളിലും പല സ്ഥലങ്ങളില്‍ ഈ പച്ചക്കറി അറിയപ്പെടുന്നു. കേരളത്തില്‍ ഇത് ശീമ കത്തിരിക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്.

വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയുടെ കലവറയാണ് ഈ പച്ചക്കറി. മുഖക്കുരു തടയാനും രക്തസമ്മര്‍ദം കുറയ്ക്കാനും ഭാരം കുറയ്ക്കാനും വിളര്‍ച്ച തടയാനും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനുമെല്ലാം കഴിവുള്ള ഈ പച്ചക്കറി വീട്ടുവളപ്പില്‍ കൃഷിചെയ്യുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

വെള്ളയും പച്ചയും നിറത്തിലാണ് പ്രധാനമായും ചൗ ചൗ ലഭ്യമാകുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് ഈ പച്ചക്കറി വളരും. ഉഷ്ണമേഖല- ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെടിയാണിത്. ധാരാളം കായകളുണ്ടാകാന്‍ അനുയോജ്യമായ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥയിലാണ് കൂടുതല്‍ നന്നായി വളരുന്നത്.

അസിഡിറ്റിയുള്ള മണ്ണിലും അതിജീവിക്കാന്‍ കഴിവുള്ള ഈ പച്ചക്കറി സാധാരണയായി 5.5 -ല്‍ കുറഞ്ഞ പി.എച്ച് മൂല്യമുള്ള മണ്ണിലും വളരാറുണ്ട്. ശരിയായ വളര്‍ച്ചയ്ക്ക് പി.എച്ച് മൂല്യം 5.5 -നും 6.5 -നും ഇടയിലായിരിക്കും.

കൃഷിരീതി

വിത്ത് മുളപ്പിച്ചാണ് ഈ പച്ചക്കറി വളര്‍ത്തുന്നത്. ഉഴുതുമറിച്ച നിലത്ത് ചാണകപ്പൊടി ചേര്‍ത്താണ് കൃഷി ചെയ്യുന്നത്. പാവയ്ക്കയും വെള്ളരിയും ചുരയ്ക്കയും കൃഷി ചെയ്യുന്ന അതേരീതിയില്‍ത്തന്നെ ഈ പച്ചക്കറി കൃഷി ചെയ്യാം.

മഴക്കാലത്താണ് സാധാരണയായി കൃഷി ചെയ്യുന്നത്. വേനല്‍ക്കാലത്ത് കൃത്യമായി നനച്ചുകൊടുക്കണം. തുള്ളിനന വഴി വളപ്രയോഗം നടത്തുന്നതും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതുമാണ് കൂടുതല്‍ നല്ലത്.  ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍ നടത്തണം.

വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാല്‍ പന്തല്‍ ഇട്ടുകൊടുക്കണം. പടര്‍ന്ന് വളര്‍ന്ന് കായ്ക്കുന്ന ഈ പച്ചക്കറി നവംബര്‍ മാസം മുതല്‍ വിളവെടുക്കാം.  വിളവെടുത്ത ശേഷം തണ്ടുകള്‍ മുറിച്ച് മാറ്റിയാല്‍ പുതിയ തണ്ടുകള്‍ ഉണ്ടായിവരും. നാല് മാസം കൊണ്ട് കായകളുണ്ടാകും. ആദ്യത്തെ ആറു മാസത്തോളം ധാരാളം വിളവ് ലഭിക്കും. സാധാരണ ജൈവവളം തന്നെ നല്‍കിയാല്‍ മതി. ഒരേക്കറില്‍ നിന്ന് ഒരാഴ്ച ആയിരം കിലോ വരെ കൃഷി ചെയ്‌തെടുത്തിട്ടുണ്ട്.

നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ ആവശ്യമാണ്. പടര്‍ന്നുവളരുന്ന ചെടിയായതിനാല്‍ താങ്ങ് നല്‍കണം. ചെറിയ മരങ്ങളിലേക്ക് പടര്‍ത്തിയും വളര്‍ത്താം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കായകളുണ്ടാകുന്നതുകൊണ്ട് ഓരോ സീസണ്‍ അവസാനിക്കുമ്പോഴും പ്രൂണ്‍ ചെയ്തുകൊടുക്കണം. പഴയീച്ചയും മീലിമൂട്ടയും ആക്രമിക്കാന്‍ സാധ്യതയുണ്ട്. മൊസൈക് രോഗം, പൗഡറി മില്‍ഡ്യൂ, ഡൗണി മില്‍ഡ്യു എന്നിവയും ബാധിക്കാറുണ്ട്.  

കേരളത്തില്‍ വയനാട് ജില്ലയിലെ മൂപ്പനാട് പഞ്ചായത്തില്‍ ചൗ ചൗ കൃഷി ചെയ്ത് വിളവെടുത്തിട്ടുണ്ട്. ഊട്ടിയിലും ഈ കൃഷിയുണ്ട്. കേരളത്തിലെ വിപണിയില്‍ ആവശ്യക്കാര്‍ കുറവാണെങ്കിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും നല്ല ഡിമാന്റാണ്. 

Follow Us:
Download App:
  • android
  • ios