Asianet News MalayalamAsianet News Malayalam

ആവശ്യത്തിനുള്ള വെളുത്തുള്ളി ഇനി വീട്ടിൽത്തന്നെ കൃഷി ചെയ്താലോ?

നടാനായി വെളുത്തുള്ളി വീട്ടില്‍ നിന്നു തന്നെ തിരഞ്ഞെടുക്കാം. കേടുപാടുകളുള്ള വെളുത്തുള്ളി എടുക്കരുതെന്ന് മാത്രം. ചീഞ്ഞ പോലെ തോന്നുന്ന അല്ലികളും നടാനായി ഉപയോഗിക്കരുത്.

how to grow garlic in home
Author
Thiruvananthapuram, First Published May 13, 2020, 10:54 AM IST

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല. പല ചികിത്സാവിധികളിലും പ്രധാന ഘടകമാണ് വെളുത്തുള്ളി. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്. മണ്ണ് പാകപ്പെടുത്തുമ്പോളും വളപ്രയോഗത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ ഒട്ടേറെ ഔഷധഗുണമുള്ള വെളുത്തുള്ളി നമ്മുടെ ആവശ്യത്തിനുള്ളത് വേണമെങ്കില്‍ വീട്ടില്‍ നിന്നുതന്നെ ലഭിക്കും.

അല്ലിയം എന്ന ജനുസില്‍പ്പെടുന്ന പ്രധാനപ്പെട്ട വിളയാണ് വെളുത്തുള്ളി. പാശ്ചാത്യ വൈദ്യശാസ്ത്രത്തിലെ അഗ്രഗണ്യനായ ഹിപ്പോക്രാറ്റസ് ശ്വസനവ്യവസ്ഥയിലെയും വയര്‍ സംബന്ധമായ പ്രശ്‌നങ്ങളുടെയും പരിഹാരങ്ങള്‍ക്കായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. പണ്ടു കാലത്ത് ഒളിമ്പിക് താരങ്ങള്‍ തങ്ങളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാനായി വെളുത്തുള്ളി കഴിച്ചിരുന്നു.

how to grow garlic in home

 

അല്ലിയം സറ്റൈവം എന്നാണ് വെളുത്തുള്ളിയുടെ ശാസ്ത്രനാമം. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണ് അല്ലിസിന്‍. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും വെളുത്തുള്ളി സഹായിക്കുന്നു. പാകം ചെയ്യുമ്പോള്‍ അല്ലിസിന്‍ അതുപോലെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് രോഗപ്രതിരോധ ശേഷിക്ക് നല്ലത്.

കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവടയിലാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്. ബീഹാര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും വെളുത്തുള്ളിക്കൃഷിയുണ്ട്.

കൃഷി ചെയ്യുന്ന വിധം

വെളുത്തുള്ളി കൃഷി ചെയ്യാന്‍ യോജിച്ചത് അല്‍പം മണലിന്റെ അംശമുള്ള മണ്ണാണ്. അതായത് നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണിത്. തണുപ്പ് കൂടിയാല്‍ വെളുത്തുള്ളിയുടെ വളര്‍ച്ച ശരിയായി നടക്കില്ല.

നന്നായി വളം ആവശ്യമുള്ളതാണ് വെളുത്തുള്ളിച്ചെടിക്ക്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്തണം.

how to grow garlic in home

 

നടാനായി വെളുത്തുള്ളി വീട്ടില്‍ നിന്നു തന്നെ തിരഞ്ഞെടുക്കാം. കേടുപാടുകളുള്ള വെളുത്തുള്ളി എടുക്കരുതെന്ന് മാത്രം. ചീഞ്ഞ പോലെ തോന്നുന്ന അല്ലികളും നടാനായി ഉപയോഗിക്കരുത്.

കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തിയ ശേഷം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച വെളുത്തുള്ളി അല്ലികള്‍ നടാനായി ഉപയോഗിക്കണം. നട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ച് വരാറുണ്ട്.

വിളവെടുക്കണമെങ്കില്‍ മൂന്ന് മുതല്‍ നാല് മാസം വരെ ആവശ്യമാണ്. മറ്റുള്ള പച്ചക്കറികളെ അപേക്ഷിച്ച് ദീര്‍ഘകാലത്തെ പരിചരണം ആവശ്യമില്ലാതെ തന്നെ വിളവ് ലഭിക്കും.

ഏകദേശം 50 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് വെളുത്തുള്ളിച്ചെടി. ഇലകള്‍ നീണ്ട് മാംസളമായതാണ്. വെളുത്തുള്ളിയുടെ പൂക്കള്‍ വെള്ളനിറത്തിലാണ്.

സാലഡിലും സൂപ്പുകളിലും സ്റ്റ്യൂ ഉണ്ടാക്കാനുമെല്ലാം വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി തുടര്‍ച്ചയായി കഴിച്ചാല്‍ അമിതരക്തസമര്‍ദം കുറയുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ് ട്രബിള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസേന കഴിച്ചാല്‍ മതിയെന്നും അനുഭവസ്ഥര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios