ഈ ചെടി വരള്‍ച്ചയെ അതിജീവിക്കാന്‍ കരുത്തുള്ളതാണ്. വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണ് ഒഴിവാക്കണം. പൂക്കളുണ്ടായ ശേഷം ചെടിയുടെ കാണ്ഡം മുറിച്ചുമാറ്റുകയും കേടുവന്ന ഇലകള്‍ പറിച്ചുകളയുകയും വേണം.

നല്ല ഭംഗിയുള്ള നിരവധി പൂക്കളുടെ ഇനങ്ങളുള്ള ഐറിസ് പൂത്തുനില്‍ക്കുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഇറിഡേസി സസ്യകുടുംബത്തില്‍ നിന്നാണ് ഈ പൂക്കളുടെ വരവ്. ഗ്രീക്ക് ദേവതയായ ഐറിസിന്റെ പേരില്‍ നിന്നാണ് വര്‍ണവൈവിധ്യമുള്ള പൂക്കള്‍ക്ക് ഈ പേര് ലഭിച്ചത്. ബഹുവര്‍ഷിയായ ഈ ചെടിയില്‍ താടിരോമം പോലെ വളര്‍ച്ചയുള്ള പ്രത്യേകവിഭാഗത്തില്‍ തന്നെ നൂറോളം ഇനങ്ങളുണ്ട്. ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ചിഹ്നമായാണ് വയലറ്റ് പൂക്കളെ ആളുകള്‍ കാണുന്നത്.

ഭൂകാണ്ഡത്തില്‍ നിന്നാണ് ഈ ചെടി വളരുന്നത്. മുകളിലേക്ക് വളരുന്ന മൂന്ന് ഇതളുകളെ സ്റ്റാന്‍ഡേര്‍ഡ് എന്നും താഴേക്ക് വളരുന്ന മൂന്ന് ഇതളുകളെ ഫാള്‍സ് എന്നുമാണ് പറയുന്നത്. താഴേക്ക് വളരുന്ന ഇതളുകള്‍ക്കാണ് മുടിയിഴകള്‍ പോലുള്ള വളര്‍ച്ചയുള്ളത്. അതുകൊണ്ടാണ് ഇവയെ താടിക്കാരന്‍ പൂക്കള്‍ എന്ന് വിളിക്കുന്നത്.

വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഭൂകാണ്ഡങ്ങല്‍ മേല്‍മണ്ണില്‍ വിലങ്ങനെയാണ് നടേണ്ടത്. വളരെ ആഴത്തില്‍ നടാന്‍ പാടില്ല. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ ചെടിക്ക് ആവശ്യം. ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം. കമ്പോസ്റ്റും മിതമായ ജൈവവളവും നല്‍കാം. കൂടുതല്‍ നൈട്രജന്‍ വളങ്ങള്‍ നല്‍കരുത്. പൂക്കളുടെ വളര്‍ച്ച കുറയും.

ഈ ചെടി വരള്‍ച്ചയെ അതിജീവിക്കാന്‍ കരുത്തുള്ളതാണ്. വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണ് ഒഴിവാക്കണം. പൂക്കളുണ്ടായ ശേഷം ചെടിയുടെ കാണ്ഡം മുറിച്ചുമാറ്റുകയും കേടുവന്ന ഇലകള്‍ പറിച്ചുകളയുകയും വേണം.

വയലറ്റിന്റെ മനോഹാരിത

ആസാം, മണിപ്പൂര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലാണ് വയലറ്റ് ഐറിസ് കാണപ്പെടുന്നത്. കുളവാഴയോട് സാമ്യമുള്ള ചെടിയാണിത്.

ആസാമിലും ത്രിപുരയിലുമെല്ലാം വീടുകളുടെ പൂന്തോട്ടങ്ങളിലെ പ്രധാന താരമാണ് വയലറ്റ് ഐറിസ്. വിത്ത് പാകിയും ശിഖരങ്ങള്‍ മുറിച്ചു നട്ടുമാണ് സാധാരണ വളര്‍ത്തുന്നത്. കേരളത്തിലും വളരാന്‍ അനുയോജ്യമായ കാലാവസ്ഥയുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.