ഐസ്‌ക്രീമിലും കേക്കിലും ജാമിലും പുഡ്ഡിങ്ങിലുമൊക്കെ ചേര്‍ക്കുന്ന പഴമായ പേഴ്‌സിമണ്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ അലങ്കാരച്ചെടിയായി വളര്‍ത്തുന്നു. ഉത്തര്‍പ്രദേശിലും കാശ്മീരിലുമെല്ലാം വളരുന്ന ഈ പഴം നല്ല പോഷകഗുണമുള്ളതാണ്. നീലഗിരിയിലും കൃഷിചെയ്യുന്നുണ്ട്. ഉണങ്ങിയ പഴം എന്നര്‍ഥം വരുന്ന അമേരിക്കന്‍ പദത്തില്‍ നിന്നാണ് പേഴ്‌സിമണ്‍ എന്ന പേര് വന്നത്.

തണുപ്പുകാലത്ത് മുഴുവന്‍ പഴങ്ങള്‍ ലഭ്യമാകുന്ന പേഴ്‌സിമണ്‍ രണ്ടു വ്യത്യസ്ത രുചിയില്‍ ലഭ്യമാണ്. കുരുമുളകിന്റെ ആകൃതിയുള്ളതും കയ്പുരസമുള്ളതുമായ ഇനമാണ് പാചകാവശ്യത്തിനും ഉണങ്ങിയ രൂപത്തിലും ഉപയോഗിക്കുന്നത്. എന്നാല്‍, തക്കാളിയുടെ രൂപത്തിലുള്ള മറ്റൊരിനമാണ് മരത്തില്‍ നിന്ന് തന്നെ നേരിട്ട് പറിച്ചെടുത്ത് ഭക്ഷിക്കാന്‍ കഴിയുന്നത്.

അമേരിക്കന്‍ പേഴ്‌സിമണ്‍, ഏഷ്യന്‍ പേഴ്‌സിമണ്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചെടികളുണ്ട്. ഏഷ്യന്‍ പേഴ്‌സിമണ്‍ 15 അടി മാത്രം ഉയരത്തില്‍ വളരുമ്പോള്‍ അമേരിക്കന്‍ പേഴ്‌സിമണ്‍ 35 അടിയോളം ഉയരത്തില്‍ വളരും.

വ്യത്യസ്ത ഇനങ്ങളെ അറിയാം

ചോക്കലേറ്റ്

കയ്പുരസമുള്ളതും വിത്തില്ലാത്തതുമായ ഇനമാണിത്. ഇടത്തരം വലുപ്പത്തിലുള്ള പഴത്തിന് ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമുള്ള തൊലിയാണ്. അകത്തുള്ള മാംസളമായ ഭാഗം ബ്രൗണ്‍ നിറത്തിലും കാണപ്പെടുന്നു. അതുകൊണ്ടാണ് ചോക്കലേറ്റ് എന്ന പേര് ലഭിച്ചത്. ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍ ആദ്യവാരം വരെയാണ് പഴുക്കാനുള്ള സമയം. വളരെ വലുപ്പത്തില്‍ വളരുന്ന മരമാണിത്.

ഫുയു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നയിനമാണിത്. നേരിട്ട് പറിച്ചെടുത്ത് ഭക്ഷിക്കാവുന്ന ഇനത്തില്‍പ്പെട്ട പേഴ്‌സിമണ്‍ ആണിത്. സ്വപരാഗണം നടത്തുന്ന ഇനത്തില്‍ പഴങ്ങള്‍ നേരിട്ട് തന്നെ ഉത്പാദിപ്പിക്കുന്നു. മധുരമുള്ളതും വലുപ്പമുള്ളതുമായ പഴങ്ങളാണ്.

നവംബര്‍ മാസത്തിലാണ് പഴുക്കാറുള്ളത്. സലാഡിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ആപ്പിളിന് സമാനവും നല്ല രുചിയുമുള്ളതുമാണ് ഈ ഇനം. കീടാക്രമണം ഏല്‍ക്കാതെ വളര്‍ത്താവുന്നതുമാണ്. പുറംതൊലിക്ക് ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമാണ്. അകത്തുള്ള ഭാഗം കടുത്ത ഓറഞ്ച് നിറത്തിലാണ്.

എങ്ങനെ വളര്‍ത്താം?

നന്നായി നനച്ച് വളര്‍ത്തേണ്ട ചെടിയാണിത്. വെള്ളം കെട്ടിനിന്ന് വേര് ചീയാതിരിക്കാന്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ത്തന്നെ വളര്‍ത്തണം. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരെക്കുറച്ചേ നനയ്ക്കാവൂ.

ഏകദേശം പി.എച്ച് മൂല്യം 6 ഉള്ള മണ്ണാണ് പെഴ്‌സിമണ്‍ വളരാന്‍ അനുയോജ്യം. നിങ്ങളുടെ മണ്ണ് അസിഡിക് ആണെങ്കില്‍ അല്‍പം ആല്‍ക്കലൈന്‍ ആയ മണ്ണാണ് ആവശ്യമെന്നര്‍ഥം. ലൈം ചേര്‍ത്ത് മണ്ണിനെ ആല്‍ക്കലൈന്‍ ഗുണമുള്ളതാക്കി മാറ്റാം.

വേരുകള്‍ക്ക് വലുപ്പമുള്ളതും നല്ല ആഴത്തില്‍ വളര്‍ന്നിറങ്ങിപ്പോകുന്നതുമായ ചെടിയാണിത്. അതിനാല്‍ത്തന്നെ നടാനായി കുഴിയെടുക്കുമ്പോള്‍ നല്ല ആഴത്തില്‍ത്തന്നെ വേണം. അടുത്തടുത്തായി ചെടികള്‍ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചുരുങ്ങിയത് 25 അടി അകലത്തിലെങ്കിലുമായിരിക്കണം നടേണ്ടത്. പഴങ്ങളുണ്ടാകാനായി അമേരിക്കന്‍ പെഴ്‌സിമണ്‍ നട്ടുവളര്‍ത്തുകയാണെങ്കില്‍ ആണ്‍ചെടിയും പെണ്‍ചെടിയും വളര്‍ത്തണം. അതായത് ക്രോസ് പോളിനേഷന്‍ നടന്നാണ് പഴങ്ങളാകുന്നത്. നിങ്ങള്‍ക്ക് ചെറിയ പൂന്തോട്ടമാണെങ്കില്‍ ഏഷ്യന്‍ പെഴ്‌സിമണ്‍ ചെടിയാണ് വളര്‍ത്താന്‍ അനുയോജ്യം. സ്വപരാഗണം നടന്ന് പഴങ്ങളുണ്ടാകുന്നതിനാല്‍ ഒരേ ഒരു ചെടി വളര്‍ത്തിയാല്‍ മതി.

 

വിത്ത് പാകി മുളപ്പിച്ച് വളര്‍ത്താം. അതുപോലെ ബഡ്ഡ് ചെയ്തും വളര്‍ത്താവുന്നതാണ്. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ഈര്‍പ്പമുള്ള മണ്ണില്‍ വിത്ത് പാകാം. വിത്ത് മുളയ്ക്കാന്‍ പത്ത് ദിവസമെങ്കിലും എടുക്കും. നന്നായി സൂര്യപ്രകാശമുള്ള സ്ഥലത്താണ് ചെടി തഴച്ചുവളരുന്നത്. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്ത് വളരുന്ന പഴങ്ങള്‍ നീര് കുറവും ചെറുതുമായിരിക്കും.

അമേരിക്കന്‍ പേഴ്‌സിമണ്‍ ചെടികള്‍ തണുപ്പുള്ള കാലാവസ്ഥയും അതിജീവിക്കും. ഏഷ്യന്‍ പേഴ്‌സിമണ്‍ ചെടികള്‍ അത്രത്തോളം തണുപ്പിനെ പ്രതിരോധിക്കില്ല. അതിശൈത്യമുള്ള സ്ഥലത്താണ് ജീവിക്കുന്നതെങ്കില്‍ അമേരിക്കന്‍ പേഴ്‌സിമണ്‍ ചെടിയാണ് വളര്‍ത്താന്‍ അനുയോജ്യം.

ബഡ്ഡ് ചെയ്ത ചെടികളാണ് വാങ്ങുന്നതെങ്കില്‍ മുളച്ച് ഒന്നര മാസം പ്രായമെത്തിയാല്‍ മാത്രമേ പറിച്ചു നടാവൂ. പതിനഞ്ച് ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി ചേര്‍ത്തുകൊടുക്കാം. നന്നായി വളരാന്‍ ഒരു ഹെക്ടറില്‍ 200 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റും 50 കിലോ പൊട്ടാഷും 50 കിലോ യൂറിയയും നല്‍കാം. കൊമ്പുകോതല്‍ നടത്തണം. ഒരു മരത്തില്‍ നിന്ന് ഏകദേശം 60 കായകള്‍ വരെ ലഭിക്കും.