പനവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വീടുകളില്‍ ധാരാളമായി വളര്‍ത്തുന്നുണ്ട്. അലങ്കാരപ്പനകളോടാണ് പലര്‍ക്കും താല്‍പര്യം. വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ഇലകളോടുകൂടിയതും വേരിനോട് ചേര്‍ന്ന താഴ്ഭാഗം ഗോളാകൃതിയിലുള്ളതുമായ പനയല്ലാത്ത ഒരിനം ചെടിയാണ് പോണി ടെയ്ല്‍ പാം അഥവാ എലഫെന്റ് ഫൂട്ട് ട്രീ. ദീര്‍ഘകാലം വെള്ളം ആവശ്യമില്ലാത്തതിനാല്‍ ദൂരയാത്രകള്‍ ചെയ്യുന്നവര്‍ക്കും വീട്ടില്‍ വല്ലപ്പോഴും മാത്രം താമസിക്കാന്‍ വരുന്നവര്‍ക്കും വെച്ചുപിടിപ്പിക്കാവുന്ന നല്ലൊരു ചെടിയാണിത്.

 

കുതിരവാല്‍ പോലെയുള്ള ഇലകളും ആനയുടെ പാദത്തിന്റെ ആകൃതിയുള്ള അടിഭാഗവുമാണ് ഈ പേര് വരാന്‍ കാരണം. കാര്യമായ പരിചരണമില്ലാതെ തന്നെ തഴച്ച് വളരുന്ന ചെടിയാണിത്. നല്ല സൂര്യപ്രകാശമുള്ള എവിടെയെങ്കിലും നട്ടാല്‍ മാത്രം മതി. വളരെ പതുക്കെയാണ് വളര്‍ച്ച. 100 വര്‍ഷത്തില്‍ക്കൂടുതല്‍ ആയുസുണ്ട്. പരമാവധി 30 അടി ഉയരത്തില്‍ വളരും. കിഴക്കന്‍ മെക്‌സിക്കോ ആണ് ജന്മദേശം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് വളര്‍ത്തേണ്ടത്. പെര്‍ലൈറ്റും മണലും മണ്ണും ചേര്‍ത്തും നടീല്‍ മിശ്രിതം തയ്യാറാക്കാം. കളിമണ്ണ് കൊണ്ടുള്ള പാത്രങ്ങളോ മണ്‍ചട്ടികളോ ഉപയോഗിച്ചാല്‍ മണ്ണില്‍ അടങ്ങിയിരിക്കുന്ന ഈര്‍പ്പം വലിച്ചെടുത്ത് വെള്ളം കെട്ടിനില്‍ക്കാത്ത അവസ്ഥയുണ്ടാക്കാന്‍ പറ്റും.

സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടിയുടെ താഴെയുള്ള തടിച്ച ഭാഗത്താണ് വെള്ളം ശേഖരിക്കുന്നത്. മണ്ണില്‍ തൊട്ടുനോക്കി വെള്ളം ഒട്ടും ഇല്ലെന്ന് ഉറപ്പുവരുമ്പോള്‍ മാത്രമേ നനയ്ക്കാവൂ. വെള്ളം വളരെക്കുറച്ച് മാത്രം മതി.

അഞ്ച് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ചെടി നല്ല ആരോഗ്യത്തോടെ വളരുന്നത്. ഇന്‍ഡോര്‍ ആയി വളര്‍ത്തുമ്പോള്‍ നല്ല വേനല്‍ക്കാലത്ത് തോട്ടത്തിലേക്ക് മാറ്റിവെച്ച് വെയില്‍ നല്‍കുന്നത് നല്ലതാണ്.

ആരോഗ്യമുള്ള മാതൃവൃക്ഷത്തിന്റെ അടിഭാഗത്തു നിന്നും മുളച്ചുവരുന്ന ചെറിയ തൈകള്‍ ആണ് നടാന്‍ അനുയോജ്യം. നാല് ഇഞ്ചെങ്കിലും വലുപ്പമെത്തിയാല്‍ മാത്രമേ മാതൃവൃക്ഷത്തില്‍ നിന്ന് മാറ്റി നടാന്‍ ഉപയോഗിക്കാവൂ.

ഈര്‍പ്പുമുള്ള മണ്ണിലേക്കാണ് ചെറിയ തൈകള്‍ വേര് പിടിപ്പിക്കാനായി മാറ്റി നടേണ്ടത്. ഗ്രീന്‍ഹൗസ് പോലുള്ള സംവിധാനമുണ്ടാക്കാനായി ഈ തൈയുടെ മുകളില്‍ ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൂടി നല്ല സൂര്യപ്രകാശമുള്ള മുറിയിലേക്ക് വെച്ചാല്‍ മതി. രണ്ടു ദിവസം കഴിയുമ്പോള്‍ കവര്‍ മാറ്റി പോട്ടിങ്ങ് മിശ്രിതത്തിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. വേര് പിടിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏതു ചട്ടിയിലാണോ നടേണ്ടത് അങ്ങോട്ട് മാറ്റാവുന്നതാണ്.

പോണിടെയ്ല്‍ പാം പൂക്കളുണ്ടായ ശേഷം വിത്തുകള്‍ ശേഖരിച്ച് നടാവുന്നതാണ്. അതിനായി വിത്തുകള്‍ നനഞ്ഞ പേപ്പര്‍ ടവലില്‍ പൊതിഞ്ഞ് തണുപ്പുള്ളതും ഉണങ്ങിയതും ഇരുട്ടുള്ളതുമായ മുറിയില്‍ കുറേ ആഴ്ചകള്‍ വെക്കണം. പേപ്പര്‍ ടവല്‍ പരിശോധിച്ച് ഈര്‍പ്പം നിലനിര്‍ത്താന്‍ നനച്ചുകൊടുക്കണം. മുളച്ച് വരുമ്പോള്‍ സാധാരണ സക്കുലന്റ് ചെടികള്‍ വളര്‍ത്തുന്ന നടീല്‍ മിശ്രിതം തന്നെ ഉപയോഗിച്ച് മാറ്റി നടാവുന്നതാണ്. പ്രാരംഭ ഘട്ടത്തില്‍ വെറും രണ്ടു മണിക്കൂര്‍ സൂര്യപ്രകാശം ലഭിച്ചാല്‍ മതി. അല്ലെങ്കില്‍ വിത്തുകള്‍ ഉണങ്ങി നശിച്ചുപോകും.

 

ദിവസത്തില്‍ രണ്ടു പ്രാവശ്യം തൈകള്‍ക്ക് നനച്ചുകൊടുക്കണം. ഈ തൈകള്‍ പിന്നീട് വലിയ ചട്ടികളിലേക്ക് മാറ്റിനടാവുന്നതാണ്. ഓരോ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നടീല്‍ മിശ്രിതം മാറ്റണം. മണ്ണ് നിറയ്ക്കുമ്പോള്‍ തടിച്ചു ജലാംശമുള്ള ഗോളാകൃതിയുള്ള ഭാഗം മണ്ണിനടിയിലാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏകദേശം 10 അടി ഉയരത്തിലെത്തിയാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റാന്‍ പ്രയാസമായിരിക്കും. അപ്പോള്‍ മേല്‍മണ്ണ് മാത്രം മാറ്റിനിറയ്ക്കണം.