പലരും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്ന 'റബ്ബര്‍ പ്ലാന്‍റ്' നല്ല വെളിച്ചത്തില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണെങ്കിലും മങ്ങിയ വെളിച്ചമുള്ള മുറികള്‍ക്കുള്ളില്‍ വളര്‍ത്താന്‍ പറ്റിയതല്ല. റബ്ബര്‍ ട്രീ, റബ്ബര്‍ ബുഷ്, റബ്ബര്‍ ഫിഗ് എന്നീ പേരുകളിലെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്.

ഈ ചെടിയുടെ ഇലകളിലും തണ്ടുകളിലും കാണപ്പെടുന്ന ലാറ്റക്‌സ് സാപ് എന്ന വസ്‍തു റബ്ബര്‍ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് റബ്ബര്‍ച്ചെടിയെന്ന് പേര് വന്നത്. ഇന്ത്യ, ചൈന, നേപ്പാള്‍ മ്യാന്‍മാര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഈ ചെടി വളരുന്നുണ്ട്. ഫൈക്കസ് ഇലാസ്റ്റിക്ക എന്നാണ് ചെടിയുടെ ശാസ്ത്രനാമം. പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഹാനികരമാണ് ഈ ചെടി. ഡെക്കോറ, റോബസ്റ്റ, ബ്ലാക്ക് പ്രിന്‍സ് എന്നീ വിവിധ ഇനങ്ങളിലുണ്ട്.

 

വളരാന്‍ മിതമായ രീതിയിലുള്ള നനവ് മാത്രമേ പാടുള്ളു. വളരെ പെട്ടെന്ന് വളരുന്ന സ്വഭാവമുള്ളതിനാല്‍ വളര്‍ച്ചാഘട്ടത്തില്‍ നന്നായി നനയ്ക്കണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുന്ന രീതിയില്‍ നനയ്ക്കരുത്.

ചെടിയുടെ ഇലകള്‍ വരണ്ട പോലെ കാണപ്പെടുമ്പോള്‍ വെള്ളം സ്‌പ്രേ ചെയ്‍തുകൊടുക്കാം. ഉയര്‍ന്ന താപനിലയിലും കുറഞ്ഞ താപനിലയിലും വളരും. കുറഞ്ഞ താപനിലയിലും അതിജീവിക്കും. താഴ്ന്ന താപനിലയില്‍ കൂടുതല്‍ അളവില്‍ നനച്ചാല്‍ ചെടി നശിച്ചുപോകും. ചെടിയുടെ വേരുകള്‍ ചട്ടിയില്‍ മുഴുവന്‍ വളര്‍ന്ന് നിറയുമ്പോള്‍ പുതിയ ചട്ടിയിലേക്ക് നിറയ്ക്കണം. അല്‍പം കൂടി വലിയ ചട്ടിയില്‍ പുതുതായി മണ്ണ് നിറച്ച് നനച്ച് ചെടി മാറ്റി നടുക.

റബ്ബര്‍ ചെടിക്ക് വളരാന്‍ കൃത്യമായ വളപ്രയോഗം അനിവാര്യമല്ല. പക്ഷേ, നിങ്ങള്‍ക്ക് വലുതും മിനുസമുള്ളതുമായ ഇലകളാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും വളം നല്‍കണം. സാധാരണ ജൈവവളം തന്നെ രണ്ടാഴ്‍ച ഇടവിട്ട് നല്‍കിയാല്‍ മതി. മണ്ണ് മാറ്റിനിറച്ച് പുതിയ ചട്ടിയിലേക്ക് പറിച്ചുനടുമ്പോള്‍ ആദ്യത്തെ മൂന്ന് മാസം വളം ആവശ്യമില്ല. മണ്ണില്‍ ആവശ്യത്തിനുള്ള പോഷകമുണ്ടായിരിക്കും.

വേരുകളുടെ വളര്‍ച്ചയ്ക്കും നല്ല ആരോഗ്യമുള്ളതും ശക്തിയുള്ളതുമായ രീതിയില്‍ ചെടി വളരാനും ഫോസ്ഫറസ് അടങ്ങിയ വളങ്ങള്‍ ആവശ്യമാണ്. അതുപോലെ വളര്‍ച്ചയെത്തുമ്പോള്‍ ഇലകളുടെ വികാസത്തിനായി നൈട്രജന്‍ ആവശ്യമാണ്. തണുപ്പുകാലത്ത് വളം നല്‍കിയാല്‍ മറ്റേതൊരു ചെടിയെയും പോലെ റബ്ബര്‍ച്ചെടിയുടെയും വളര്‍ച്ച മന്ദഗതിയിലാകും.

തണ്ട് മുറിച്ച് നടുമ്പോള്‍ വേനല്‍ക്കാലത്ത് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞത് ആറ് ഇഞ്ച് നീളമുള്ളതും നാല് ഇലകളുള്ളതുമായ തണ്ട് മുറിച്ചെടുക്കുന്നതാണ് നല്ലത്. തണ്ടിന്റെ അടിഭാഗം വളര്‍ച്ചാഹോര്‍മോണില്‍ മുക്കിവെക്കാം. ഇങ്ങനെ ഹോര്‍മോണ്‍ പ്രയോഗം നിര്‍ബന്ധമില്ല. നല്ല നീര്‍വാര്‍ച്ചയുള്ള പോട്ടിങ്ങ് മിശ്രിതത്തില്‍ തണ്ടുകള്‍ കുഴിച്ചിടണം. പ്ലാസ്റ്റിക് കപ്പോ ഗ്ലാസ് ജാറോ ഉപയോഗിച്ച് ഇത് മൂടിവെക്കണം. ഇലകള്‍ ഈ കവറില്‍ സ്‍പര്‍ശിക്കാത്ത രീതിയിലായിരിക്കണം മൂടേണ്ടത്. ഈ തണ്ട് നല്ല വെളിച്ചമുള്ള സ്ഥലത്ത് വെക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. മണ്ണ് കൃത്യമായി നനയ്ക്കുക. കുറച്ച് ആഴ്‍ചകള്‍ക്കുള്ളില്‍ വേര് പിടിച്ച് വന്നാല്‍ പ്ലാസ്റ്റിക് കവര്‍ മാറ്റാം. എയര്‍ ലെയറിങ്ങ് രീതിയിലും പുതിയ ചെടി വളര്‍ത്താം. അല്‍പം ജോലി കൂടുതലുണ്ടെങ്കിലും വിജയസാധ്യത കൂടുതല്‍ ഇത്തരം രീതിക്കാണ്.

 

പ്രൂണിങ്ങ് ആവശ്യമില്ല. സാധാരണ പലരും ഇന്‍ഡോര്‍ ആയി വളര്‍ത്തുന്ന ഈ ചെടിയില്‍ പൂക്കളുണ്ടാകാറില്ല. പൂക്കളുണ്ടാകുമെന്ന് തോന്നാമെങ്കിലും അത് യഥാര്‍ഥത്തില്‍ പൂക്കളല്ല. പുതിയ ഇലകളുണ്ടാകാനുള്ള തയ്യാറെടുപ്പാണ് പലരും പൂക്കളുടെ സാധ്യതയായി തെറ്റിദ്ധരിക്കുന്നത്.

വെളുത്ത ദ്രാവകരൂപത്തിലുള്ള പദാര്‍ഥം ഇലകളിലും തണ്ടുകളിലുമുള്ളത് കാരണം വിഷാംശമുള്ള ചെടിയാണിത്. തൊലി, കണ്ണ്, വായ എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ശരീരത്തിലെ മുറിവുകളില്‍ ഈ പദാര്‍ഥം തട്ടിയാല്‍ വേദന കൂടുതലാകും. അതുകാരണം കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടി സ്പര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്.

കൂടുതല്‍ വെള്ളം നല്‍കിയാല്‍ ഇലകള്‍ മഞ്ഞനിറമാകാം. അതുപോലെ ഇലകള്‍ കൊഴിഞ്ഞും പോകാം. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ഇലകളിലുള്ള പൊടികള്‍ തുടച്ച് വൃത്തിയാക്കണം.