ഇതൊരു കലയാണ്. ജപ്പാനില്‍ നിന്ന് നമുക്ക് ലഭിച്ച കലാപരമായ കൃഷിരീതി. മലയാളികള്‍ കൊക്കെഡാമയെ പായല്‍പ്പന്ത് എന്ന് പേരിട്ട് വിളിക്കുന്നു. നല്ല ഭംഗിയായി തയ്യാറാക്കിയ കൊക്കെഡാമ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാവുന്ന സമ്മാനവും കൂടിയാണ്. താല്‍പര്യമുണ്ടെങ്കില്‍ വെറുതെയിരിക്കുമ്പോള്‍ വരാന്തയില്‍ ഇങ്ങനെ ചെടികള്‍ വളര്‍ത്തി തൂക്കിയിട്ടാല്‍ മനോഹരമായ കാഴ്ചയായിരിക്കും.

ജപ്പാനില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പൂന്തോട്ട നിര്‍മാണരീതിയാണിത്. പായല്‍പ്പന്തുകള്‍ നമുക്ക് എവിടെയെങ്കിലും ഉറപ്പിച്ചു വെക്കുകയോ കൊളുത്ത് ഉപയോഗിച്ച് ചുവരില്‍ തൂക്കിയിടുകയോ ചെയ്യാം. മണ്ണുകൊണ്ടുള്ള ബോളില്‍ പച്ചനിറമുള്ള മോസ് പൊതിയുന്നതാണ് ഈ രീതി. ബോള്‍ തയ്യാറാക്കാനുള്ള മണ്ണ് 'ബോണ്‍സായ് മണ്ണ്' എന്ന രീതിയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കിട്ടും. അതല്ലെങ്കില്‍ ചുവന്നമണ്ണും ഈര്‍പ്പമുള്ള മതിലുകളില്‍ പറ്റിപ്പിടിച്ച് വളരുന്ന പായലും ഉപയോഗിച്ച് ബോള്‍ നിര്‍മിക്കാം.

ഏതൊക്കെ ചെടികള്‍ വളര്‍ത്താം?

ലക്കി ബാംബു, ഐവി, സക്കുലന്റ് ചെടികള്‍, കള്ളിച്ചെടി, പന്നല്‍, സിങ്കോണിയ, ഡ്രസീന, ഫിറ്റോണിയ, സ്‌പൈഡര്‍, ലിപ്സ്റ്റിക് പ്ലാന്റ് എന്നിവയെല്ലാം കൊക്കെഡാമ നിര്‍മിക്കാന്‍ ഉപയോഗിക്കാം.

ബ്രൊമീലിയാഡുകളും വളര്‍ത്താവുന്നതാണ്. ആധികം ആഴത്തില്‍ വേര് പിടിക്കാത്ത, വളരെ ഉയരത്തില്‍ വളരാത്ത അലങ്കാരച്ചെടികള്‍ നിങ്ങള്‍ക്ക് കൊക്കെഡാമ ആയി പരീക്ഷിച്ചു നോക്കാവുന്നതാണ്.

കൊക്കെഡാമ തയ്യാറാക്കാം

കുഴിയുള്ള ഒരു ചെറിയ പാത്രം എടുക്കുക. പാത്രത്തിന്റെ അടിയില്‍ ചാക്കുനൂലുകള്‍ വെയ്ക്കണം. കൊക്കെഡാമയുടെ പുറംഭാഗം ചുറ്റിപ്പൊതിയാനാണിത്. ഇതിന് മുകളിലായി പച്ചനിറത്തിലുള്ള പായല്‍ നിറച്ചു വെക്കണം. ഇതിന്റെയെല്ലാം മുകളില്‍ ഉണങ്ങിയ ചകിരിനാരും വെക്കുക.

ചെടികള്‍ നടാനുള്ള മിശ്രിതം തയ്യാറാക്കണമല്ലോ. ചകിരിച്ചോറും ചുവന്ന മണ്ണും ചേര്‍ത്ത് നടീല്‍മിശ്രിതം ഉണ്ടാക്കാം. ഇതില്‍ കമ്പോസ്റ്റ് ചേര്‍ക്കാവുന്നതാണ്. വെള്ളം ചേര്‍ത്ത് കുഴച്ച് ഈ മണ്ണ് ബോള്‍ പോലെ ആക്കിയെടുക്കണം. മണ്ണ് അടര്‍ന്ന് പോകാത്ത വിധത്തില്‍ ഉരുട്ടിയെടുക്കണം.

ചെടി ചട്ടിയില്‍ നിന്ന് വേരോടുകൂടി പുറത്തെടുക്കണം. വേരിലെ മണ്ണ് സാവധാനം നീക്കെ ചെയ്യണം. ഈ വേരിലാണ് പീറ്റ്‌മോസ് അഥവ പച്ചപ്പായല്‍ ഉപയോഗിച്ച് പൊതിയുന്നത്. ഈ മോസ് ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ ഒരു മണിക്കൂര്‍ ബക്കറ്റിലെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാം. അതിനുശേഷം വെള്ളം കുടഞ്ഞ് കളഞ്ഞ് മാറ്റിവെക്കാം. തയ്യാറാക്കിയ മണ്ണിലും ഈര്‍പ്പം നിലനിര്‍ത്തണം.

ബോള്‍ പോലെ തയ്യാറാക്കിയ മണ്ണിന്റെ നടുഭാഗം പിളര്‍ന്ന് ചെടിയുടെ വേര് ഇറക്കിവെക്കുക. പായല്‍ പൊതിഞ്ഞ ചെടിയായിരിക്കണം ഇത്.

അതിനുശേഷം മണ്ണ് ചെടിയുടെ വേരിനുചുറ്റും ബോള്‍ പോലെ ഉറപ്പിക്കണം. എന്നിട്ട് നേരത്തേ തയ്യാറാക്കിയ പാത്രത്തിലെ പീറ്റ്‌മോസിന്റെയും ചകിരിനാരിന്റെയും മുകളിലേക്ക് വെക്കുക.

ഈ ചകിരിനാരും പീറ്റ്‌മോസും ഉപയോഗിച്ച് ബോള്‍ നന്നായി പൊതിയുക. ബോള്‍ മുഴുവനും പച്ചപ്പ് കൊണ്ട് മൂടത്തക്കവിധത്തില്‍ മോസ് ആവശ്യമാണ്.  ചാക്കുനൂല് കൊണ്ട് പീറ്റ്‌മോസ് ചുറ്റിവരിഞ്ഞ് ഉറപ്പിക്കാം. മുഴുവനായി ബോള്‍ പോലെ ചുറ്റിവരിഞ്ഞ ശേഷം 4 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ക്കുക. ഇത് പുറത്തെടുത്ത് പായല്‍പ്പന്തിന്റെ വശങ്ങളില്‍ നൂല്‍ കെട്ടി തൂക്കിയിടാം. ഇത്തരത്തില്‍ അഞ്ച് കൊക്കെഡാമകള്‍ തൂക്കിയിട്ടാല്‍ സ്ട്രിങ്ങ് ഗാര്‍ഡന്‍ എന്ന് പറയാം.

നിങ്ങളുടെ വീടിന്റെ വരാന്തയില്‍ തൂക്കിയിടാം. ജനലരികില്‍ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ വെള്ളത്തിലേക്ക് പായല്‍പ്പന്ത് മുഴുവനും മുക്കിവെച്ച് വേരുകള്‍ക്ക് ആവശ്യമായ ഈര്‍പ്പം നല്‍കണം.

വല്ലാതെ വളര്‍ന്ന് പോകുന്ന ശാഖകള്‍ ഭംഗിയായി മുറിച്ച് രൂപപ്പെടുത്തിയെടുക്കണം. ലായനി രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. വളരെ പെട്ടെന്ന് വളര്‍ന്ന് പൊങ്ങേണ്ട കാര്യമില്ലാത്തതുകൊണ്ട് പോഷകമൂല്യങ്ങള്‍ ഇടയ്ക്കിടെ കൊടുക്കേണ്ട കാര്യമില്ല. വളര്‍ച്ച സാവധാനത്തിലാക്കുന്ന രീതിയില്‍ നനയും ക്രമീകരിക്കണം.