ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വളര്‍ത്താവുന്ന പച്ചക്കറികളും പഴങ്ങളും ഏതൊക്കെയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. എല്ലാത്തരം വിളകളും പോഷകലായനി അടങ്ങിയ വെള്ളത്തില്‍ വളര്‍ത്തി വിളവെടുക്കാന്‍ കഴിയില്ല. മണ്ണില്ലാതെ ഫലപ്രദമായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പച്ചക്കറികളും പഴങ്ങളും ഏതൊക്കെയാണെന്ന് അറിയാം.

ലെറ്റിയൂസ്

 

സലാഡിലും സാന്‍ഡ് വിച്ചിലും അവശ്യഘടകമായ ഈ ഇലക്കറി ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വ്യാപകമായി വളര്‍ത്തുന്നു. വളരെ വേഗത്തില്‍ വളരുകയും എളുപ്പത്തില്‍ പരിചരിക്കാന്‍ കഴിയുകയും ചെയ്യുന്ന ഇലവര്‍ഗമാണിത്.

തക്കാളി

 

സാധാരണ തക്കാളികളും ചെറിതക്കാളിയും ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി നന്നായി വളരും. തക്കാളി യഥാര്‍ഥത്തില്‍ പഴമാണെങ്കിലും പച്ചക്കറിയാണെന്ന രീതിയിലാണ് വില്‍ക്കപ്പെടുന്നതും വാങ്ങുന്നതും. തക്കാളിക്ക് നല്ല വെളിച്ചം ആവശ്യമായിതിനാല്‍ ഇന്‍ഡോര്‍ ആയി വളര്‍ത്തുമ്പോള്‍ തക്കതായ വെളിച്ചം നിലനിര്‍ത്തണം.

റാഡിഷ്

വളരെ എളുപ്പത്തില്‍ മണ്ണില്ലാതെ വളര്‍ത്താവുന്ന പച്ചക്കറിയാണിത്. വിത്ത് മുളപ്പിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ തൈകളുണ്ടാകും. തണുപ്പുള്ള കാലാവസ്ഥയില്‍ തഴച്ചുവളരുകയും പ്രത്യേകിച്ച് വെളിച്ചം ആവശ്യമില്ലാത്തതുമായ പച്ചക്കറിയാണിത്.

കക്കിരി

പലതരത്തിലുള്ള കക്കിരിയുടെ ഇനങ്ങളുണ്ട്. വിത്തില്ലാത്ത കട്ടി കുറഞ്ഞ തൊലിയുള്ളതും മിനുസമുള്ള തൊലിയുള്ളതുമായ കക്കിരികള്‍ വളരെ നന്നായി ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വളരും. അല്‍പം ചൂട് ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ വെളിച്ചവും അനുയോജ്യമായ താപനിലയും നിലനിര്‍ത്താന്‍ ശ്രമിക്കണം.

സ്‍പിനാഷ്

വെള്ളത്തില്‍ നന്നായി വളരുന്ന സ്‍പിനാഷ് ഒരു തണുപ്പന്‍ ചെടിയാണ്. വളരെ സൂര്യപ്രകാശമോ വെളിച്ചമോ ആവശ്യമില്ല. അനുയോജ്യമായ അന്തരീക്ഷത്തില്‍ 12 ആഴ്‍ചകളോളം തുടര്‍ച്ചയായി വിളവെടുക്കാന്‍ കഴിയും.

ബീന്‍സ്

വളരെ കുറഞ്ഞ പരിചരണം നല്‍കിയാലും നന്നായി വളര്‍ന്ന് വിളവെടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് ബീന്‍സ്.  പച്ച ബീന്‍സ്, പോള്‍ ബീന്‍സ്, പിന്റോ ബീന്‍സ്, ലിമ ബീന്‍സ് എന്നിവ ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി നന്നായി വളരും. എട്ട് ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കും. ഏകദേശം എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വിളവെടുപ്പ് നടക്കും.

ഔഷധസസ്യങ്ങളും വളര്‍ത്താം

തുളസി

കര്‍പ്പൂരതുളസി ഈ സംവിധാനം വഴി വളര്‍ത്താം. ഏറ്റവും നന്നായി വളരുന്ന ഔഷധ സസ്യവും ഇതുതന്നെ. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ വിളവെടുത്ത് വെട്ടിക്കൊടുത്ത് കൃത്യമായ ആകൃതി നിലനിര്‍ത്തണം. 11 മണിക്കൂര്‍ വെളിച്ചം നല്‍കിയാലാണ് നന്നായി വളരുന്നത്.

പുതിന

പെപ്പര്‍മിന്റും സ്പിയര്‍ മിന്റും ഹൈഡ്രോപോണിക്‌സ് വഴി നന്നായി വളരും. പുതിനയുടെ വേരുകള്‍ വളരെ പെട്ടെന്ന് വളരുന്നതിനാല്‍ വെള്ളത്തിലെ പോഷകങ്ങള്‍ വലിച്ചെടുത്ത് വളരും.

വെള്ളത്തില്‍ വളര്‍ത്താവുന്ന പഴവര്‍ഗങ്ങള്‍

സ്ട്രോബെറികള്‍ ഈ സംവിധാനം വഴി നന്നായി വളര്‍ത്താം. വീട്ടില്‍ത്തന്നെ വളര്‍ത്തി ദീര്‍ഘകാലം വിളവെടുക്കാം.

ബ്ലൂബെറികളും ഈ സംവിധാനം വഴി വളരും. അല്‍പം ദീര്‍ഘകാലം വേണ്ടിവരും വിളവെടുക്കാന്‍. വിത്തില്‍ നിന്നും ബ്ലൂബെറി നട്ടുവളര്‍ത്തുന്നത് എളുപ്പമല്ല. തൈകള്‍ മുളപ്പിച്ചാണ് പുതിയ ചെടികളുണ്ടാക്കുന്നത്.