ക്രിസ്മസ് ചെറി എന്നും വിന്റര്‍ ചെറി എന്നും അറിയപ്പെടുന്ന ജെറുസലേം ചെറിയുടെ ഭംഗി കണ്ട് ആരും ഭക്ഷണമാക്കല്ലേ. വീട്ടില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികളില്‍ വിഷാംശമുള്ള വിഭാഗത്തില്‍പ്പെട്ടതാണിത്. സൗത്ത് അമേരിക്കയില്‍ നിന്നുള്ള ഈ ചെടിക്ക് ജെറുസലേം ചെറി എന്ന പേര് വന്നത് കൗതുകമുള്ള കാര്യമാണ്. ജെറുസലേമിലും വളരുമെന്നുള്ളത് മാത്രമാണ് ഇതില്‍ കണ്ടെത്താവുന്ന കാര്യം. ജനനം കൊണ്ട് സൗത്ത് അമേരിക്ക തന്നെ. കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഇലയോ പൂവോ കായോ ഭക്ഷണമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

 

പച്ചപ്പ് നിറഞ്ഞ കുറ്റിച്ചെടിയായി വളര്‍ത്തുന്ന ചെടിയാണിത്. ഏകദേശം 3 ഇഞ്ച് വലിപ്പമുള്ള തിളങ്ങുന്ന പച്ച ഇലകളാണ് ഈ ചെടിക്ക്. സൊളാനം സ്യൂഡോകാപ്‌സിക്കം എന്നതാണ് ഈ ചെടിയുടെ ശാസ്ത്രനാമം.

വെളുത്ത നിറത്തിലുള്ള പൂക്കളാണ് ജെറുസലേം ചെറിക്ക്. വിഷാംശമുള്ള സ്വഭാവം കാണിക്കുന്ന വര്‍ഗത്തില്‍പ്പെട്ട ചെടിയാണിത്. അതായത് പുകയിലച്ചെടി പോലെയുള്ളവയുടെ കുടുംബത്തില്‍പ്പെട്ടതാണ് ജെറുസലേം ചെറി എന്നര്‍ഥം. തൊലിയില്‍ ചൊറിച്ചില്‍,അലര്‍ജി എന്നിവയ്ക്ക് കാരണമായേക്കാവുന്നതാണ്.

ചുവപ്പും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പഴങ്ങള്‍ ജെറുസലേം ചെറിയിലുണ്ട്. ഈ പഴങ്ങളുടെ നിറം കാരണം ക്രിസ്മസ് കാലത്ത് വളരെയധികം വിറ്റഴിയുന്ന ചെടിയാണിത്. അലങ്കാരച്ചെടിയായി വളര്‍ത്താനാണ് ഇത് വാങ്ങുന്നത്.

സാധാരണ കാലാവസ്ഥയില്‍ വീടിന് വെളിയില്‍ വളര്‍ത്തുന്ന ഈ ചെടി മഞ്ഞുകാലത്ത് വീടിനകത്ത് വളര്‍ത്തുന്നതാണ് ഉചിതം. നഴ്‌സറികളില്‍ നിന്നും ചെടി വാങ്ങുകയോ വിത്ത് മുളപ്പിച്ചോ തണ്ടുകള്‍ മുറിച്ചു നട്ടോ ഈ ചെടി വളര്‍ത്താം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് ജെറുസലേം ചെറി വളര്‍ത്തുന്നത്. കൃത്യമായി നനയ്ക്കുകയും വളപ്രയോഗം നടത്തുകയും വേണം. ദ്രാവക രൂപത്തിലുള്ള വളം എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നല്‍കണം.

 

നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് വളരുന്ന ചെടിയാണ്. എന്നാല്‍, ചൂട് കൂടിയാല്‍ പൂക്കള്‍ കൊഴിഞ്ഞു പോകും. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ പ്രകൃതിദത്തമായ പരാഗണകാരികള്‍ ഇല്ലാത്തതിനാല്‍ ചെടി പതുക്കെ കുലുക്കിക്കൊടുത്താല്‍ പരാഗണം നടക്കും. പഴങ്ങള്‍ ഉണ്ടായാല്‍ വളപ്രയോഗവും നനയും കുറയ്ക്കണം. പ്രൂണ്‍ ചെയ്ത് നിലനിര്‍ത്തിയാല്‍ 2 അടി മുതല്‍ 3 അടി വരെ ഉയരത്തില്‍ ക്രമീകരിക്കാവുന്ന ഭംഗിയുള്ള അലങ്കാരച്ചെടിയാണിത്.