പാചകാവശ്യങ്ങള്‍ക്കും മരുന്നുകള്‍ക്കായും ഉപയോഗപ്പെടുത്തുന്ന പുണര്‍പ്പുളി തന്നെയാണ് കൊക്കം എന്ന പേരിലറിയപ്പെടുന്നത്. ഗാര്‍സിനിയ ഇന്‍ഡിക എന്ന ശാസ്ത്രനാമമുള്ള ഈ ചെടി പശ്ചിമഘട്ടത്തിലെ കാടുകളില്‍ വളരുന്നുണ്ട്. കൊങ്കണ്‍, ഗോവ, കേരളം, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളിലാണ് പുണര്‍പ്പുളി നന്നായി വളരുന്നത്. ഗോവ ബട്ടര്‍ ട്രീ, കൊക്കം ബട്ടര്‍ ട്രീ എന്നീ വിളിപ്പേരുകളും ഈ ചെടിക്കുണ്ട്.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പുണര്‍പ്പുളി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. അതുപോലെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മലബന്ധം ഇല്ലാതാക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ ഈ പഴത്തിലുണ്ട്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആസാമിലും പശ്ചിമബംഗാളിലും പുണര്‍പ്പുളി കൃഷിയുണ്ട്.

കൊങ്കണ്‍ അമൃത ( S-8), കൊങ്കണ്‍ ഹാതിസ് എന്നിവയാണ് പുണര്‍പ്പുളിയിലെ പുതിയ താരങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിളവ് തരുന്നതും നേരത്തേ പഴങ്ങളുണ്ടാകുന്നതുമായ ഇനങ്ങള്‍ ലഭ്യമാണ്.

പെഡ്‌നം കേരി 1, കസര്‍പല്‍ 5, ബോറിം 2 എന്നീ ഇനങ്ങള്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ളതാണ്. ഗോല 17, സാവോയ് കമിനി 1, ഹെഡോദെ 1 എന്നിവ വളരെ നേരത്തേ തന്നെ പഴങ്ങളുണ്ടാകുന്ന ഇനങ്ങളാണ്.

ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ചെടിയാണിത്. 20 ഡിഗ്രി സെല്‍ഷ്യസിനും 36 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയുള്ള പ്രദേശങ്ങളാണ് വളരാന്‍ അനുയോജ്യം. വര്‍ഷത്തില്‍ 250 സെ.മീ മുതല്‍ 400 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ നന്നായി വളരും.

മണല്‍ കലര്‍ന്നതും നീര്‍വാര്‍ച്ചയുള്ളതും പശിമരാശി മണ്ണിലും പുണര്‍പ്പുളി കൃഷി ചെയ്യാം. നന്നായി ഇര്‍പ്പം പിടിച്ചുവെക്കാനുള്ള കഴിവുള്ള മണ്ണാണ് ആവശ്യം. വരള്‍ച്ചയെയും വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്.

വിത്ത് മുളപ്പിച്ചും തണ്ടുകള്‍ വേരു പിടിപ്പിച്ചും വളര്‍ത്താം. മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ പുണര്‍പ്പുളി കൃഷി ചെയ്യാം. തൈകള്‍ നട്ടുകഴിഞ്ഞാല്‍ വേരുകള്‍ക്കു ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി നിര്‍ത്തണം. നാല് മീറ്ററെങ്കിലും അകലത്തിലേ തൈകള്‍ നടാന്‍ പാടുള്ളു. തൈകള്‍ നട്ട ഉടനെ ജലസേചനം നടത്തണം. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. തുള്ളിനന അവലംബിക്കാവുന്നതാണ്. മധുരക്കിഴങ്ങ്, പച്ചക്കറികള്‍, പൂച്ചെടികള്‍ എന്നിവ ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്.

തൈകള്‍ നട്ട് ആദ്യത്തെ വര്‍ഷം ജൈവവളം രണ്ട് കിലോഗ്രാമും 50 ഗ്രാം നൈട്രജനും 25 ഗ്രാം ഫോസ്ഫറസും 250 ഗ്രാം പൊട്ടാസ്യവും ചേര്‍ക്കണം. ഈ ഡോസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കണം. 10 വര്‍ഷമായാല്‍ 20 കി.ഗ്രാം ജൈവവളവും 500 ഗ്രാം നൈട്രജനും 250 ഗ്രാം ഫോസ്ഫറസും 250 ഗ്രാം പൊട്ടാസ്യവും നല്‍കണം. ഈ വളപ്രയോഗം നടത്തുന്നത് റിങ്ങ് രീതിയിലാണ്. മണ്‍സൂണ്‍ കഴിഞ്ഞയുടനെയാണ് വളപ്രയോഗം. വളരെ ഗുരുതരമായ കീടാക്രമണങ്ങളൊന്നും പുണര്‍പ്പുളിയില്‍ കാണാറില്ല. മീലിമൂട്ട ഇളം ഇലകളെ നശിപ്പിക്കാറുണ്ട്.

ഗ്രാഫ്റ്റിങ്ങ് വഴി കൃഷി ചെയ്ത പുണര്‍പ്പുളി നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൊണ്ട് പഴങ്ങളുണ്ടാക്കും. എന്നാല്‍ തൈകള്‍ നേരിട്ട് കുഴിച്ചിട്ട് വളര്‍ത്തിയാല്‍ എട്ട് വര്‍ഷത്തോളമെടുത്താണ് പഴങ്ങളുണ്ടാകുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് 45 കി.ഗ്രാം മുതല്‍ 60 കി.ഗ്രാം വരെ പഴങ്ങള്‍ ഒരു വര്‍ഷം ലഭിക്കും.

പഴുത്ത പുണര്‍പ്പുളിപ്പഴങ്ങള്‍ ഉണക്കി സിറപ്പ് ഉണ്ടാക്കാനായി ഉപയോഗിക്കാം. അതുപോലെ ഉണക്കിയ പുണര്‍പ്പുളിയുടെ രണ്ട് അല്ലി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിഴിഞ്ഞെടുത്ത് കഴിക്കാം. പുണര്‍പ്പുളി സ്‌ക്വാഷില്‍ നിന്ന് രണ്ട് ടീസ്പൂണ്‍ അല്‍പം ഏലക്കായും ചേര്‍ത്ത് കഴിച്ചാല്‍ ദാഹശമനിയായും ഉപയോഗിക്കാം.