സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കൃഷി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ സമയം ലഭിച്ചത് ഈ കൊവിഡ് കാലത്താണെന്ന് സാക്ഷ്യപ്പെടുത്തുന്ന ചിലര്‍ ഇവിടെയുണ്ട്. തിരക്ക് പിടിച്ച ജോലിക്കിടയില്‍ സ്വയം നട്ടുവളര്‍ത്തിയ പച്ചക്കറികളെ പരിചരിക്കാന്‍ സമയം കണ്ടെത്താതെ വലയുന്നവര്‍ക്ക് ലോക്ക്ഡൗണ്‍ നല്‍കിയത് ആശ്വാസത്തിന്റെ നാളുകളാണ്. പാടത്തിറങ്ങാനും വളമിടാനും നനയ്ക്കാനും വിളവെടുക്കാനും ഈ കൊവിഡ് കാലത്തെ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശവാസികള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ നല്‍കുന്ന സ്വയം സഹായ സംഘത്തിലെ അംഗങ്ങളെ പരിചയപ്പെടാം. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.

 

'2010 ഒക്ടോബര്‍ 10 നാണ് പുരുഷന്‍മാരുടെ സ്വയം സഹായ സംഘം രൂപീകരിച്ചത്. കാര്‍ഷിക, കലാകായിക, ആതുരശുശ്രൂഷ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.  കിരണം എന്നാണ് ഈ സംഘത്തിന്റെ പേര്. കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിലെ പത്ത്,പതിനൊന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നെല്ലിയില്‍ത്താഴം പ്രദേശത്ത് ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ചതാണിത്. ഒരേക്കര്‍ മുതല്‍ രണ്ടര ഏക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യുമായിരുന്നു. ഓരോ വര്‍ഷവും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഈ വര്‍ഷം ഏകദേശം 70 സെന്റ് സ്ഥലത്ത് മാത്രമേ പച്ചക്കറി കൃഷി ചെയ്തിട്ടുള്ളു.' നന്‍മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജറും സംഘത്തിന്റെ സെക്രട്ടറിയുമായ സുധീഷ് കുമാര്‍ പറയുന്നു.

 

പുത്തൂര്‍ എ.യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായ സതീഷ് നെല്ല്യേരി, കെ.എസ്.ഇ.ബി സബ് എന്‍ജീനിയറായ സന്തോഷ് കുമാര്‍, നന്‍മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജറായ സുധീഷ് കുമാര്‍, ബി.ടി.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ സുജിത് നെല്ല്യേരി, നരിക്കുനി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹരീഷ് കുമാര്‍, രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന അനീഷ്, ഇറിഗേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ജിതു കൃഷ്ണന്‍, കൃഷി വകുപ്പില്‍ ജോലി ചെയ്യുന്ന ജിനു കൃഷ്ണന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ജോലി ചെയ്യുന്ന അഞ്ജിത്, സൈന്യത്തില്‍ നിന്ന് വിരമിച്ച ശ്യാം മനോഹര്‍ പ്രസാദ്, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ജയേഷ്, ആര്‍ക്കിടെക്ടായ ശ്രീകാന്ത് നെല്ല്യേരി, മെക്കാനിക്കായി ജോലി ചെയ്യുന്ന അനു, ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സലേഷ്, ഡോക്യുമെന്റ് എഴുത്തുകാരനായ സുജേഷ്, ബിസിനസ് ചെയ്യുന്ന പ്രജീഷ്, ഡ്രൈവറായ രവീന്ദ്രന്‍ എന്നിവരാണ് ഈ സ്വയം സഹായ സംഘത്തിന്റെ സാരഥികള്‍. തുള്ളിനനയ്ക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുത്ത അജിത് കുമാർ, കർഷകനായ കൃഷ്ണൻ, ഇപ്പോൾ വിദേശത്തുള്ള ഷൈജു കുമാർ, ലിജേഷ് എന്നിവരും ഈ സംഘത്തിലെ അംഗങ്ങളാണ്

 

ചുറ്റുവട്ടത്തുള്ളവരും കുടുംബാംഗങ്ങളുമെല്ലാം അടങ്ങിയ കൂട്ടായ്മയില്‍ നിന്ന് രൂപം കൊണ്ട ആശയമാണിതെന്ന് സുധീഷ് വിശദമാക്കുന്നു. 'എല്ലാതരം വിളകളും ഞങ്ങള്‍ കൃഷി ചെയ്തിട്ടുണ്ട്. ചീര,മത്തന്‍, പാവയ്ക്ക, കണിവെള്ളരി, പടവലം, പീച്ചിങ്ങ, വെണ്ട, ചുരങ്ങ, തണ്ണിമത്തന്‍, ഇളവന്‍, കക്കിരി എന്നിവയെല്ലാം ഇവിടെയുണ്ട്. നല്ല വിളവും ലഭിക്കുന്നുണ്ട്. സംഘത്തിലെ 22 പേരുടെയും വീടുകളിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഈ കൃഷിഭൂമിയില്‍ നിന്ന് കിട്ടും. അതുകൂടാതെ പുറത്ത് ആളുകള്‍ക്കും പച്ചക്കറികള്‍ക്ക് വില്‍ക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് കുറേപ്പേര്‍ രാവിലെയോ വൈകുന്നേരമോ ഓരോ മണിക്കൂര്‍ വയലിന്റെ അരികിലുള്ള റോഡിന്റെ സൈഡിലായി പച്ചക്കറികള്‍ വെച്ച് വില്‍പ്പന നടത്തുന്നുണ്ട്'

 

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച് പൊലീസ് വകുപ്പില്‍ സേവനമനുഷ്ഠിച്ച് ആറുമാസം മുമ്പ് വിരമിച്ച ബാബു. പി.സി ആണ് ഈ സംഘത്തിന്റെ നിലവിലുള്ള പ്രസിഡണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 'അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷമയമായ പച്ചക്കറികള്‍ നമ്മള്‍ കഴിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു കൃഷി തുടങ്ങിയത്. ശുദ്ധമായ പച്ചക്കറികള്‍ പ്രദേശവാസികള്‍ക്ക് മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് ലക്ഷ്യം. കോവിഡ് കാലത്ത് കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ സമയം കൃഷിപ്പണിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. അതുപോലെ വിളവെടുത്ത പച്ചക്കറികള്‍ ഒരു മണിക്കൂര്‍ കൊണ്ടുതന്നെ വിറ്റഴിഞ്ഞു പോകുന്നുണ്ട്. കൃഷിഭവനില്‍ നിന്ന് വലിയ പിന്തുണയാണ് ഞങ്ങളുടെ കൃഷിക്ക് ലഭിച്ചത്. വിത്തു വാങ്ങാനും തുള്ളിനനയ്ക്കുമുള്ള സാമ്പത്തിക സഹായവും അവര്‍ നല്‍കി.'

 

ലോക്ക്ഡൗണ്‍ കാലത്ത് പച്ചക്കറി കൃഷി നന്നായി തുടരുന്നുണ്ട്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൃഷിഭൂമിയില്‍ എത്തി പരിചരിക്കുന്നു. കൊവിഡ് കാലത്താണ് ഇവര്‍ക്ക് ഏറെ പ്രയോജനമുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ കൂട്ടായ്മ ആയതുകൊണ്ട് പലര്‍ക്കും ജോലി സമയത്ത് കൃഷി ശ്രദ്ധിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. എന്നാല്‍, ലോക്ക്ഡൗണ്‍ ആയപ്പോള്‍ മണ്ണ് കയറ്റാനും കള പറിക്കാനും വളമിടാനുമെല്ലാം ഇവര്‍ സജീവമായി രംഗത്തിറങ്ങി. ചാണകം കലക്കി കടലപ്പിണ്ണാക്കും ചേര്‍ത്ത് നാല് ദിവസത്തോളം വെച്ച് പുളിപ്പിച്ച് ഒഴിച്ചുകൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പൂര്‍ണമായും ജൈവകീടനാശിനികളാണ് ഉപയോഗിക്കുന്നത്.

 

ബി.ടി.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും ഈ സ്വയം സഹായ സംഘത്തിലെ അംഗവുമായ സുജിത് നെല്ല്യേരി പറയുന്നത് ഇതാണ്, 'മറ്റുള്ളവര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതും നമുക്ക് ആത്മസംതൃപ്തി നല്‍കുന്നതുമായ മേഖലയാണ് കൃഷി. ലോക്ക്ഡൗണ്‍ സമയത്ത് ദിവസവും 1500 രൂപയുടെ കച്ചവടമെങ്കിലും ഈ പാടവരമ്പത്ത് നടക്കുന്നുണ്ട്. ഈ സമയത്ത് കൃഷിയിലേര്‍പ്പെടാന്‍ എല്ലാവര്‍ക്കും കുറേസമയം ലഭിച്ചു. ആരും ലോക്ക്ഡൗണ്‍ ലംഘിച്ച് പോയതല്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുതന്നെയാണ് കൃഷിയിലേക്കിറങ്ങിയത്. അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ചീര ആവശ്യമുള്ളത്. അവരുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണിത്. ഇത് കൂടാതെ കമ്മ്യൂണിറ്റി കിച്ചനിലേക്കും ഇവിടെ നിന്ന് പച്ചക്കറികള്‍ കൊടുക്കുന്നുണ്ട്. 

ലോക്ക്ഡൗണില്‍ വില്‍പ്പനയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. വളരെ പെട്ടെന്ന് തന്നെ ആളുകള്‍ അന്വേഷിച്ച് വന്ന് വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. അതിഥിത്തൊഴിലാളികളും രണ്ടും മൂന്നും കിലോ പച്ചക്കറികള്‍ വാങ്ങിക്കൊണ്ടു പോകുന്നു. രണ്ട് പേര്‍ റോഡരികില്‍ വില്‍പ്പനയ്ക്ക് ഇരിക്കുമ്പോള്‍ നാല് പേര്‍ വിളവുകള്‍ പറിച്ചെടുത്ത് കൊണ്ടുകൊടുക്കാനുണ്ടാകും. ഇതാണ് ഇവരുടെ വില്‍പ്പനയുടെ രീതി. ഏകദേശ കണക്ക് സൂചിപ്പിക്കുന്നത് ഒരു ക്വിന്റല്‍ വെള്ളരിയും 10 കിലോ വെണ്ടയും ചീരയും ഒരു ദിവസം ഇവര്‍ക്ക് വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നതാണ്.

 

'തുള്ളിനനയെക്കുറിച്ച് പറഞ്ഞു തന്നത് കൃഷി ഓഫീസര്‍ ഡാന മുനീര്‍ ആണ്. ആവശ്യമായ സാമ്പത്തിക സഹായം കൃഷിഭവനില്‍ നിന്ന് ലഭിക്കുമെന്ന് അറിഞ്ഞപ്പോഴാണ് തുള്ളിനനയിലേക്ക് മാറിയത്. സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് പ്രധാനമായും മുന്നിട്ടിറങ്ങിയത്. രാവിലെയും വൈകുന്നേരവും ഇത്രയും വലിയ സ്ഥലത്ത് ബക്കറ്റില്‍ വെള്ളം കൊണ്ടുപോയി നനയ്ക്കുക എന്നതാണ് ഞങ്ങളെ ഏറ്റവും പ്രയാസപ്പെടുത്തിയത്. ചുരുങ്ങിയത് അഞ്ചോ ആറോ ആളുകളുണ്ടെങ്കിലേ നനയ്ക്കാന്‍ കഴിയൂ. എന്നാല്‍ തുള്ളിനനയില്‍ ഒരാള്‍ മാത്രം മതി. മാനുഷിക അധ്വാനം നന്നായി കുറയ്ക്കാന്‍ കഴിഞ്ഞു. കൃഷിഭവനില്‍ നിന്ന് സബ്‌സിഡിയും സാങ്കേതിക ഉപദേശങ്ങളും തന്നിട്ടുണ്ട്.' സുധീഷ് കുമാര്‍ പറയുന്നു.

ചെടികള്‍ വലുതാകുന്നതുവരെ തുള്ളിനന വളരെ ഫലപ്രദമാണെന്ന് ഇവര്‍ പറയുന്നു. ചെടികള്‍ വാടാതെ പുതുമയോടെ നില്‍ക്കും എന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുത. ഈ സംഘത്തിലെ ആളുകള്‍ വയലിലെ പച്ചക്കറിക്കൃഷി കൂടാതെ സ്വന്തം വീട്ടിലും കൃഷി ചെയ്യുന്നുണ്ട്.
കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് സ്വയം പര്യാപ്തമാകാനും നല്ല പച്ചക്കറികള്‍ നാട്ടുകാര്‍ക്ക് എത്തിച്ചുകൊടുക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വെണ്ടയും ചീരയുമാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.