കമ്പോസ്റ്റ് ഉണ്ടാക്കാന്‍ മിക്കവാറും എല്ലാവര്‍ക്കും അറിയാം. അടുക്കളയില്‍ നിന്നുള്ള പച്ചക്കറികളുടെ അവശിഷ്ടങ്ങളും പേപ്പര്‍ കൊണ്ടുള്ള ടവലുകളുമെല്ലാം കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, നമ്മള്‍ കഴിക്കുന്ന ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളും കമ്പോസ്റ്റ് നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്താം.

സാധാരണയായി പരിസ്ഥിതി സൗഹൃദപരമായി ചിന്തിക്കുന്നവര്‍ ജൈവവസ്തുക്കള്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന പാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നൈട്രജനും കാര്‍ബണും അടങ്ങിയ പദാര്‍ഥങ്ങള്‍ ശരിയായ അനുപാതത്തില്‍ യോജിപ്പിച്ച് സൂര്യപ്രകാശമുള്ള സ്ഥലത്ത് വെച്ചാല്‍ നല്ല ഗുണം ലഭിക്കും. ഇത്തരം കമ്പോസ്റ്റ് നിര്‍മാണത്തിലെ പ്രധാനപ്പെട്ട ഘടകമാണ് ഈര്‍പ്പം. ഇവിടെയാണ് ദ്രാവകങ്ങള്‍ കമ്പോസ്റ്റില്‍ ചേര്‍ക്കേണ്ടതിന്റെ ആവശ്യകത.

കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ സസ്യങ്ങള്‍ക്ക്  ദോഷമുണ്ടാകാത്ത തരത്തിലുള്ളതായിരിക്കണം. അതായത് രാസവസ്തുക്കള്‍ കലര്‍ന്ന ദ്രാവകങ്ങള്‍ ഒഴിക്കരുതെന്നര്‍ഥം. കാപ്പി, ചായ, പാല്‍, ബിയര്‍, വളരെ ചെറിയ അളവില്‍ പാചക എണ്ണ, അടുക്കളയില്‍ പച്ചക്കറികള്‍ കഴുകിയ ശേഷമുള്ള വെള്ളം എന്നിവ കമ്പോസ്റ്റ് നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്താം.

ദ്രാവകങ്ങള്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ നിങ്ങള്‍ ഈര്‍പ്പം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അമിതമായി ഈര്‍പ്പം നല്‍കിയാല്‍ രോഗാണുക്കളുണ്ടാകാനും കമ്പോസ്റ്റ് ഉണ്ടാകുന്ന പ്രവര്‍ത്തനം സാവധാനത്തിലാകുകയും ചെയ്യും. ഉണങ്ങിയ ഇലകളും, പത്രങ്ങളും, പേപ്പര്‍ കൊണ്ടുള്ള ടവലുകളും നിക്ഷേപിച്ചാല്‍ ഈര്‍പ്പം അമിതമാകുന്നത് തടയാം. വായുസഞ്ചാരമുള്ള രീതിയിലായിരിക്കണം കമ്പോസ്റ്റ് നിര്‍മിക്കാന്‍ സാധനങ്ങള്‍ നിക്ഷേപിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കമ്പോസ്റ്റ് കൂമ്പാരത്തില്‍ നിന്ന് കൂടുതലുള്ള ഈര്‍പ്പം ബാഷ്പീകരിക്കപ്പെടും.