യൂറിയ ഡീപ് പ്ലേസ്‌മെന്റ് (Urea deep placement) എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മണ്ണിലേക്ക് ആഴത്തില്‍ വളങ്ങളെത്തിക്കാനുള്ള മാര്‍ഗമാണ് ആയുഷ് നിഗമും സന്തോഷ് കുമാറും കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുത്തത്. തങ്ങള്‍ നിര്‍മിച്ച മെഷീന്‍ വഴി കൂടുതല്‍ വിളകള്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു. ഏകദേശം 450 -ല്‍ക്കൂടുതല്‍ കര്‍ഷകര്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് 25 ശതമാനം അധികം ഉത്പാദനം കൈവരിച്ചു കഴിഞ്ഞു.

കാര്‍ഷിക മേഖലയില്‍ കുറഞ്ഞ വിളയുത്പാദനത്തിന് കാരണമാകുന്നത് രാസവളങ്ങളും കീടനാശിനികളുമാണ്. ഗുണനിലവാരം കുറയ്ക്കാനും ഇത് കാരണമാകുന്നു. ദീര്‍ഘകാലത്തെ പരീക്ഷണങ്ങളും പുതിയ സാങ്കേതികവിദ്യയും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമാണ്. ഇതിനായി ഡല്‍ഹി ആസ്ഥാനമായി ആരംഭിച്ച അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പാണ് ഡിസ്റ്റിന്‍ക്റ്റ് ഹൊറിസോണ്‍. ക്ഷയിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാനുമാണ് ഇവരുടെ പദ്ധതി. മദ്രാസ് ഐ.ഐ.ടി യിലെ വിദ്യാര്‍ഥിയായിരുന്ന ആയുഷ് നിഗമും അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ സന്തോഷ് കുമാറുമാണ് ഡി.എച്ച് വൃദ്ധി എന്ന ഈ സ്ഥാപനത്തിന്റെ സംരംഭകര്‍.

സംരംഭത്തിന് തുടക്കമിടുന്നു

ഐ.ഐ.ടി മദ്രാസില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ആയുഷ് പലതരം കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്തു. ചെറുപ്പക്കാരായ എന്‍ജിനീയര്‍മാരോടൊപ്പം സോഷ്യല്‍ ഇന്നൊവേഷന്‍ ലാബ് എന്ന ആശയം നാല് വര്‍ഷത്തേക്ക് ഇദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നു.

കോളേജ് വിദ്യാഭ്യാസ കാലത്ത് സുഹൃത്തായ സന്തോഷിനോട് കൃഷി സംബന്ധമായ സംരംഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് സന്തോഷ് ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. തങ്ങളുടെ വഴി തെളിഞ്ഞപ്പോള്‍ ഇവര്‍ രണ്ടുപേരും ഗ്രാമീണ ഇന്ത്യയുടെ ഊടുവഴികളിലൂടെയും ബംഗ്‌ളാദേശിലൂടെയും സഞ്ചരിച്ച് കൃഷിയെക്കുറിച്ച് മനസിലാക്കി. ടാറ്റാ കെമിക്കല്‍സിന്റെ മേധാവിയായിരുന്ന ബീരേന്ദ്ര സിങ്ങിനെ ഇവര്‍ കണ്ടുമുട്ടി. അദ്ദേഹമാണ് രാസവളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഉത്പാദനം കുറയുന്ന പ്രശ്‌നത്തെക്കുറിച്ച് ഇവരോട് പറയുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും വെള്ളം മലിനമാക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

നൂതനമായ കൃഷിരീതികള്‍

അങ്ങനെയാണ് ആയുഷും സന്തോഷും വളങ്ങള്‍ മണ്ണിലേക്ക് ആഴത്തില്‍ പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി ഒരു മെഷീന്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. രാസവളങ്ങളുടെ പ്രയോഗം കുറയ്ക്കാനും മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കാനും കഴിയുന്ന മെഷീനായിരുന്നു ഇത്.

നാല് വര്‍ഷത്തോളം ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ശേഷം അവരെ ബോധ്യപ്പെടുത്താനായി മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് കൃഷിയിടത്തില്‍ തന്നെ ഉത്പാദനം വര്‍ധിപ്പിക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുത്തു. മെഷീന്‍ വികസിപ്പിക്കുന്നതിനായി ലക്‌നൗവിലെ ഫാക്ടറിയുമായി സഹകരിച്ചാണ് രൂപകല്‍പ്പന നടത്തിയത്.

ഡി.എച്ച് വൃദ്ധി എന്ന മെഷീന്‍ ട്രാക്റ്ററിന്റെയും പവര്‍ ടില്ലറിന്റെയും സംയോജിത രൂപമായിരുന്നു. വളത്തിന്റെ പെല്ലെറ്റുകള്‍ മണ്ണില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ യോജിപ്പിക്കാന്‍ പറ്റിയ രീതിയിലാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. 30- 45 മിനിറ്റുകള്‍ കൊണ്ട് ഒരു ഏക്കര്‍ കൃഷിഭൂമിയില്‍ വളപ്രയോഗം നടത്താനും കഴിയും. സാധാരണ രീതികളേക്കാള്‍ 60 മടങ്ങ് ക്ഷമതയുള്ളതാണ് ഈ യന്ത്രം വഴിയുള്ള വളപ്രയോഗരീതി.

ഈ മെഷീന്‍ ഉപയോഗിക്കുന്നതുവഴി നൈട്രജന്‍ ഓക്‌സിഡേഷന്‍ ചെയ്യുന്നത് ഒഴിവാക്കാം. പ്രധാനപ്പെട്ട ഗ്രീന്‍ഹൗസ് വാതകമായ നൈട്രസ് ഓക്‌സൈഡ് കുറയ്ക്കാനും കഴിയും. വെള്ളത്തോടൊപ്പം വളങ്ങള്‍ ഒഴുകിപ്പോകുന്നത് തടയുന്നതുകൊണ്ട് മലിനീകരണം നടക്കുന്നില്ല.

'സര്‍ക്കാര്‍ ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പ്രാഥമിക പരീക്ഷണത്തില്‍ നിന്ന് തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 6000 കര്‍ഷകര്‍ ഈ മെഷീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കമ്പനിക്ക് ഈ സാങ്കേതിക വിദ്യയില്‍ ആത്മവിശ്വാസമുണ്ട്.' ആയുഷ് പറയുന്നു.