പുതയിടല്‍ നടത്തിയാല്‍ മണ്ണില്‍ കളകള്‍ വളരുന്നത് തടയാനും മണ്ണിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് നിയന്ത്രിക്കാനും കഴിയും. ഓരോ പച്ചക്കറികള്‍ക്കും പുതയിടുന്നത് ഓരോ തരത്തിലാണ്. തക്കാളിച്ചെടികള്‍ മിക്കവാറും എല്ലാവരുടെയും അടുക്കളത്തോട്ടത്തില്‍ കാണാം. യോജിച്ച വസ്‍തുക്കള്‍ കൊണ്ട് പുതയിടല്‍ നടത്തിയാല്‍ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും.

തക്കാളിയുടെ തൈകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മാസം വരെ പ്രായമാകുമ്പോഴാണ് പുതയിടല്‍ നടത്തുന്നത്. ആരോഗ്യത്തോടെ വളര്‍ന്ന് ഗുണനിലവാരമുള്ള തക്കാളി ലഭിക്കാന്‍ ഇത് സഹായിക്കുന്നു. ജൈവവസ്‍തുക്കള്‍ ഉപയോഗിച്ച് പുതയിടല്‍ നടത്തുമ്പോള്‍ ഒച്ചുകള്‍ കയറിക്കൂടുന്നത് ശ്രദ്ധിക്കണം.

ജൈവവസ്‍തുക്കളും അജൈവവസ്‍തുക്കളും ഉപയോഗിച്ച് പുതയിടാറുണ്ട്. വൈക്കോല്‍ പുതയിടാന്‍ ഉപയോഗിച്ചാല്‍ അവയില്‍ കാണപ്പെടുന്ന ധാന്യങ്ങളുടെ വിത്തുകള്‍ പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ശീതകാല പച്ചക്കറികളായ കാബേജ്, ബ്രൊക്കോളി എന്നിവയ്ക്ക് പുതയിടാന്‍ ഏറ്റവും നല്ലതാണ് വൈക്കോല്‍. പക്ഷേ, ചില ചെടികള്‍ക്ക് വൈക്കോല്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

അടുക്കളത്തോട്ടങ്ങളില്‍ മരത്തിന്റെ ചെറിയ കഷണങ്ങള്‍ പുതയിടാന്‍ ഉപയോഗിക്കാറുണ്ട്. രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ ഉണങ്ങിയ ഇലകളോടൊപ്പം പുതയിട്ടാല്‍ നല്ലതാണ്. പെയിന്റ് അടിച്ച മരക്കഷണങ്ങള്‍ ഉപയോഗിക്കരുത്.

ചൂടുകാലത്ത് വളര്‍ത്തുന്ന ചെടികള്‍ക്കാണ് തുണികള്‍ കൊണ്ടുള്ള പുതയിടല്‍ യോജിച്ചത്. ലാന്‍ഡ്‌സ്‌കേപ്പ് ഫാബ്രിക്‌സ് എന്നാണ് ഇതിന് പറയുന്നത്. തക്കാളി, വഴുതന എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്. തുണിയുടെ ഇരുണ്ടനിറം മണ്ണിലെ താപനില വര്‍ധിപ്പിക്കുകയും ഉയര്‍ന്ന വിളവ് ലഭിക്കുകയും ചെയ്യും. മത്തന്റെ ഇനങ്ങള്‍ക്ക് ഇരുണ്ട നിറത്തിലുള്ള തുണികളോ പ്ലാസ്റ്റിക്കുകളോ ഉപയോഗിച്ച് പുതയിട്ടാല്‍ 50 ശതമാനത്തോളം വിളവ് വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് തുണികളാണ് പുതയിടാന്‍ കൂടുതല്‍ നല്ലത്. പത്തോ അതിലധികമോ വര്‍ഷം കൂടുതല്‍ ഉപയോഗിക്കാനും വെള്ളം വാര്‍ന്ന് മണ്ണിലേക്ക് പോകാനും തുണി ഉപയോഗിക്കുന്നത് വഴി കഴിയും.

പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഒരു വര്‍ഷം മാത്രമേ പറ്റുകയുള്ളു. ബ്രൗണ്‍, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള വസ്‍തുക്കള്‍ ലഭ്യമാണ്. ഇതില്‍ ചുവപ്പാണ് തക്കാളിയും സ്‌ട്രോബെറിയുമൊക്കെ പുതയിടുമ്പോള്‍ ഉപയോഗിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്‍തുക്കള്‍ ഉപയോഗിച്ച് പുതയിടുന്നതിനേക്കാള്‍ കൂടതല്‍ വിളവ് ലഭിക്കുന്നത് ചുവന്ന നിറത്തിലുള്ള വസ്‍തുക്കള്‍ കൊണ്ടാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ കാരണം നശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സീസണ്‍ അവസാനിച്ചാല്‍ മണ്ണില്‍ നിന്നും ശ്രദ്ധയോടെ എടുത്തുമാറ്റണം.

ഉണങ്ങിയ ഇലകള്‍ തക്കാളിച്ചെടിക്ക് പുതയിടാന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ പൂന്തോട്ടത്തിലും നടപ്പാതകളിലും വളര്‍ത്തുന്ന പുല്‍ത്തകിടികളിലെ പുല്ലുകളുടെ അവശിഷ്ടങ്ങളും പുതയിടാന്‍ ഉപയോഗിക്കാം. തക്കാളിയുടെ തണ്ടില്‍ നിന്നും അകലെയായി മാത്രമേ ഇത് ഇട്ടുകൊടുക്കാവൂ. അങ്ങനെയാകുമ്പോള്‍ വെള്ളം വേരുകളില്‍ എളുപ്പത്തില്‍ എത്തും.

പീറ്റ്‌മോസും തക്കാളിക്ക് പുതയിടാനായി ഉപയോഗിക്കാം. ഇത് അഴുകുമ്പോള്‍ മണ്ണില്‍ പോഷകമായി അലിഞ്ഞു ചേരും. അതുകൂടാതെ വീട്ടില്‍ വളര്‍ത്തുന്ന ഏത് ചെടിയുടെയും ചുവട്ടില്‍ വളരെ ഭംഗിയായി ഇട്ടുകൊടുക്കാവുന്നതാണ് മോസ്. പീറ്റ്‌മോസ് തക്കാളിച്ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതിന് മുമ്പായി നന്നായി വെള്ളം ഒഴിക്കണം. ഇത് മണ്ണില്‍ നിന്നും ഈര്‍പ്പം വലിച്ചെടുക്കുന്ന തരത്തിലുള്ള മോസ് ആണ്.

ന്യൂസ് പേപ്പര്‍ ഉപയോഗിച്ചും പുതയിടാം. എട്ട് അടുക്കുകളായി പത്രങ്ങള്‍ നിരത്തിവെക്കാം. കളകള്‍ മുളച്ച് വരുന്നത് തടയും. പത്രങ്ങള്‍ ഭാരം കുറഞ്ഞതിനാല്‍ കാറ്റില്‍ പറക്കാതിരിക്കാന്‍ വൈക്കോലോ മരച്ചീളുകളോ മുകളില്‍ ഇട്ടുകൊടുക്കാം.