Asianet News MalayalamAsianet News Malayalam

വേപ്പെണ്ണ ചെടികളുടെ ഇലകള്‍ക്ക് മാത്രമല്ല; മണ്ണിന് മരുന്നായും നല്‍കാം

ഒരു ടേബിള്‍ സ്പൂണ്‍ വേപ്പെണ്ണയും സസ്യ എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ടീസ്‍പൂണ്‍ സോപ്പും നാല് ഗ്ലാസ് ചൂടുവെള്ളവുമാണ് ഈ മരുന്ന് തയ്യാറാക്കാന്‍ ആവശ്യം.

neem oil to soil
Author
Thiruvananthapuram, First Published Aug 15, 2020, 4:09 PM IST

വളരെയേറെ ഉപകാരപ്രദമായ പ്രകൃതിദത്തമായ കീടനിയന്ത്രണ ഉപാധിയാണ് വേപ്പെണ്ണ. ജാപ്പനീസ് ബീറ്റില്‍, പുല്‍ച്ചാടികള്‍, വെള്ളീച്ചകള്‍, ഇലപ്പേന്‍ എന്നിവയ്‌ക്കെതിരെ പലരും വേപ്പെണ്ണ ഉപയോഗിക്കാറുണ്ട്.  ചെടികളുടെ ഇലകളില്‍ സ്‌പ്രേ ചെയ്‍താല്‍ കീടങ്ങളെ തുരത്തുന്നതുപോലെ തന്നെ മണ്ണിന് മരുന്നായും നല്‍കാം.

വേപ്പെണ്ണയില്‍ അടങ്ങിയിരിക്കുന്ന അസാഡിരാച്ചിന്‍ എന്ന സംയുക്തമാണ് ചെടികളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നത്. കീടങ്ങള്‍ ഈ സംയുക്തം ഭക്ഷണമാക്കുമ്പോള്‍ അവയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ആഹാരത്തോട് താല്‍പര്യമില്ലാതാക്കുകയും ചെയ്യും.

മണ്ണില്‍ ഇത് നല്‍കുമ്പോള്‍ ചെടികള്‍ അസാഡിരാച്ചിന്‍ സംയുക്തം വലിച്ചെടുത്ത് വാസ്‌കുലാര്‍ സിസ്റ്റം വഴി മുകളിലെത്തിക്കും. കുമിള്‍ രോഗങ്ങളെ ചെറുക്കാന്‍ ഇത്തരത്തില്‍ മണ്ണിന് മരുന്ന് നല്‍കുന്നത് വഴി കഴിയും. അതുപോലെ മണ്ണില്‍ വളരുന്ന ലാര്‍വകളെ നശിപ്പിക്കാനും വേര് ചീയല്‍ ഒഴിവാക്കാനും സഹായിക്കും. ഇപ്രകാരം മണ്ണില്‍ വേപ്പെണ്ണ നല്‍കുന്നത് തക്കാളിച്ചെടികളിലെ നെമാറ്റോഡ് വിരകളുടെ ശല്യം ഒഴിവാക്കാന്‍ സഹായിക്കും.

ഒരു ടേബിള്‍ സ്പൂണ്‍ വേപ്പെണ്ണയും സസ്യ എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ടീസ്‍പൂണ്‍ സോപ്പും നാല് ഗ്ലാസ് ചൂടുവെള്ളവുമാണ് ഈ മരുന്ന് തയ്യാറാക്കാന്‍ ആവശ്യം. ഈ ചേരുവകളെല്ലാം യോജിപ്പിച്ച് മാസത്തില്‍ ഒരിക്കല്‍ മണ്ണില്‍ ചേര്‍ക്കാം. ഇതേ മിശ്രിതം ഇലകളിലും തളിക്കാവുന്നതാണ്.

സോപ്പ് ഉപയോഗിക്കുന്നത് കുഴമ്പ് രൂപത്തില്‍ ആക്കാനാണ്. ചൂടുവെള്ളത്തില്‍ വേപ്പെണ്ണ മുഴുവനായും വ്യാപിക്കാനാണ് എമള്‍സിഫയര്‍ ആയി സോപ്പ് ഉപയോഗിക്കുന്നത്. നിങ്ങള്‍ സോപ്പ് ഒഴിവാക്കുകയാണെങ്കില്‍ വളരെ കുറഞ്ഞ ചൂടുള്ള വെള്ളവും അല്‍പം ചൂടുള്ള എണ്ണയും യോജിപ്പിച്ചാല്‍ മതി. നന്നായി കുലുക്കിയശേഷമേ ഈ മിശ്രിതം സ്‌പ്രേ ചെയ്യാന്‍ പാടുള്ളൂ.

ചെടികളുടെ ഇലകളില്‍ സ്‌പ്രേ ചെയ്യുകയാണെങ്കില്‍ ഒരു ചെറിയ ഭാഗത്ത് ആദ്യം പ്രയോഗിച്ച ശേഷം 24 മണിക്കൂര്‍ കാത്തിരിക്കുക. അതുപോലെ മണ്ണില്‍ നേരിട്ട് ഒഴിക്കുകയാണെങ്കിലും ഒരേ ഒരു ചെടിയുടെ ചുവട്ടില്‍ മാത്രം ഒഴിച്ച് 24 മണിക്കൂര്‍ കാത്തിരിക്കുക. ചെടികളിലെ പ്രതികരണം എന്താണെന്ന് നിരീക്ഷിച്ചശേഷം മാത്രം പിന്നീട് എല്ലാ ചെടികള്‍ക്കുമായി ഒഴിച്ചുകൊടുത്താല്‍ മതി. 

Follow Us:
Download App:
  • android
  • ios