കൊറോണക്കാലത്ത് കര്‍ഷകരുടെ വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയുന്ന കാര്യമല്ല. ഭക്ഷണ സാധനങ്ങള്‍ പാഴാക്കാതിരിക്കാനും കര്‍ഷകരുടെ നഷ്ടം ഇല്ലാതാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

കൊവിഡ് കാലത്ത് കര്‍ഷകരെ സഹായിക്കാനായി ഇന്ത്യയിലെ പച്ചക്കറികളുടെ വിതരണം നടത്തുന്ന വലിയ ശ്യംഖലയായ നിന്‍ജകാര്‍ട്ട് രംഗത്തെത്തിയിരിക്കുന്നു. നിരവധി പച്ചക്കറി കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നുണ്ട്. ഇത്തരം കര്‍ഷകരുടെ വിളകള്‍ ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കാനാണ് നിന്‍ജകാര്‍ട്ട് സഹായിക്കുന്നത്. ഇപ്പോള്‍ ഇവര്‍ക്ക് ആവശ്യക്കാര്‍ക്ക് നേരിട്ട് പച്ചക്കറികള്‍ വില്‍ക്കാന്‍ കഴിയുന്നു.

പ്രാദേശിക ഗ്രോസറി ഷോപ്പുകളുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു ആശയം പ്രാവര്‍ത്തികമാക്കുന്നത്. ചില സ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയാണ് പച്ചക്കറികളും വിതരണം നടത്താന്‍ സഹായിക്കുന്നത്. ബംഗളുരു, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുതിയ പച്ചക്കറികള്‍ തിരഞ്ഞെടുക്കാനും ഓര്‍ഡര്‍ ഉറപ്പിക്കാനും കഴിയും.

നിന്‍ജകാര്‍ട്ട് എന്ന കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ തിരുകുമാരന്‍ നാഗരാജന്‍ പറയുന്നത് ഇതാണ്, 'നിന്‍ജകാര്‍ട്ട് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒരു പോസിറ്റീവ് ആയ ഫലം സമൂഹത്തിലുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ കൊറോണക്കാലത്ത് കര്‍ഷകരുടെ വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയുന്ന കാര്യമല്ല. ഭക്ഷണ സാധനങ്ങള്‍ പാഴാക്കാതിരിക്കാനും കര്‍ഷകരുടെ നഷ്ടം ഇല്ലാതാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'

'കൃഷി സ്ഥലത്ത് നിന്ന് തന്നെ വിളവെടുത്ത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നത് വഴി കര്‍ഷകര്‍ക്കുള്ള ഭക്ഷണത്തിനുള്ള വകയാണ് പ്രതിഫലമായി നല്‍കുന്നത്. പ്രാദേശികമായ സ്‌റ്റോറുകളുടെയും സൊമാറ്റോ, സ്വിഗ്ഗി എന്നീ കമ്പനികളുടെയും സഹായമില്ലാതെ ഞങ്ങള്‍ക്ക് വലിയൊരു വിഭാഗം ആവശ്യക്കാരെ കണ്ടെത്താന്‍ കഴിയില്ലായിരുന്നു' നാഗരാജന്‍ പറയുന്നു.