Asianet News MalayalamAsianet News Malayalam

അടുക്കളത്തോട്ടത്തില്‍ ഇപ്പോള്‍ വെണ്ടയ്ക്ക കൃഷി ചെയ്യാം; ഇങ്ങനെ

വിത്ത് വിതച്ച് വിളവെടുക്കാന്‍ 90 മുതല്‍ 100 വരെ ദിവസങ്ങള്‍ ആവശ്യമുള്ള പച്ചക്കറിയാണിത്. 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയാണ് വളരാന്‍ അനുയോജ്യം.

Okra Cultivation in our kitchen garden
Author
Thiruvananthapuram, First Published Apr 26, 2020, 10:13 AM IST

വെണ്ടയ്ക്ക അടുക്കളത്തോട്ടത്തിലെ പ്രധാനപ്പെട്ട പച്ചക്കറിയാണല്ലോ. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വളരുന്ന വെണ്ടയ്ക്ക നമ്മുടെ സാമ്പാറിലെ പ്രധാന ഘടകവുമാണ്. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ തോട്ടത്തില്‍ നടാന്‍ യോജിച്ച പച്ചക്കറിയാണിത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയും ജൂണ്‍-ജൂലായ് മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമാണ് ഇന്ത്യയില്‍ വെണ്ടയ്ക്ക കൃഷി ചെയ്യുന്നത്.

വിത്ത് വിതച്ച് വിളവെടുക്കാന്‍ 90 മുതല്‍ 100 വരെ ദിവസങ്ങള്‍ ആവശ്യമുള്ള പച്ചക്കറിയാണിത്. 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയാണ് വളരാന്‍ അനുയോജ്യം.

പുസ സവാനി, പുസ മഖ്മലി, ഐ.എ.ആര്‍.ഐ സെലക്ഷന്‍ 2, കിരണ്‍, സല്‍കീര്‍ത്തി എന്നിവയാണ് വെണ്ടയ്ക്കയിലെ ഇനങ്ങള്‍.

കോ-1, അരുണ എന്നീ ഇനങ്ങളില്‍ ചുവന്ന നിറമുള്ള വെണ്ടയ്ക്കയാണുണ്ടാകുന്നത്.

മൊസൈക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള അര്‍ക്ക അനാമിക, അര്‍ക്ക അഭയ്, സുസ്ഥിര എന്നിവയും നല്ല ഇനങ്ങളാണ്.

എപ്പോള്‍ നടണം?

ഇന്‍ഡോര്‍ ആയി നിങ്ങള്‍ക്ക് ചെറിയ ചട്ടികളില്‍ ചകിരിച്ചോറും മണ്ണും നിറച്ച് വെണ്ടയ്ക്കയുടെ വിത്തുകള്‍ നടാവുന്നതാണ്. നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്തായിരിക്കണം.

നിങ്ങളുടെ തോട്ടത്തില്‍ 65 ഡിഗ്രി മുതല്‍ 70 ഡിഗ്രി ഫാറന്‍ഹീറ്റ് വരെ താപനിലയുള്ളപ്പോള്‍ വെണ്ടയ്ക്ക കൃഷി ചെയ്യാവുന്നതാണ്.

ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണിത്. നല്ല സൂര്യപ്രകാശം ആവശ്യമാണ്.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നന്നായി വളരുന്നതെങ്കിലും മിക്കവാറും എല്ലാതരത്തില്‍പ്പെട്ട മണ്ണിലും കൃഷി ചെയ്യാവുന്നതാണ്.

മണ്ണിന്റെ പി.എച്ച് മൂല്യം 5.8 നും 7.0 നുമിടയിലായിരിക്കുന്നതാണ് അഭികാമ്യം.

എങ്ങനെയാണ് ചെടി നടേണ്ടത്?

ചെടികള്‍ പറിച്ചു നടുകയാണെങ്കില്‍ തൈകള്‍ തമ്മില്‍ ഒന്നു മുതല്‍ 2 അടി വരെ അകലമുണ്ടായിരിക്കണം.

വിത്തുകള്‍ വിതയ്ക്കുമ്പോള്‍ ഒരു ഇഞ്ച് ആഴത്തിലുള്ള കുഴിയെടുത്ത് ഓരോ ചെടിയും തമ്മില്‍ 12 മുതല്‍ 18 ഇഞ്ച് വരെ അകലം നല്‍കണം.

വിത്ത് നടുന്നതിന് മുമ്പ് അല്‍പസമയം സ്യൂഡോമോണാസ് ഇരുപത് ശതമാനം വീര്യമുള്ള ലായനിയില്‍ കുതിര്‍ത്ത് വെക്കുന്നത് നല്ലതാണ്. നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, കരിയില എന്നിവ നല്‍കാം.

മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കും. രണ്ടാഴ്ചക്കാലം വളങ്ങള്‍ നല്‍കരുത്. ചെടികള്‍ക്ക് മൂന്നോ നാലോ ഇലകള്‍ വന്നാല്‍ ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും നല്‍കാവുന്നതാണ്.

പരിചരണം നല്‍കാം

ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ കളകള്‍ നീക്കം ചെയ്യണം. പുതയിടല്‍ നടത്തി കൂടുതല്‍ കളകള്‍ വളരാനുള്ള സാധ്യത ഇല്ലാതാക്കണം. 2 മുതല്‍ 3 വരെ ഇഞ്ച് ഉയരത്തില്‍ പുതയിടണം.

വെള്ളത്തില്‍ ലയിപ്പിക്കുന്ന തരത്തിലുള്ള വളങ്ങള്‍ മാസംതോറും നല്‍കാം. വേനല്‍ക്കാലത്ത് ദിവസേന നനയ്ക്കണം.

ഒന്നാം തവണ വിളവെടുപ്പ് നടത്തിയാല്‍ താഴെയുള്ള ഇലകള്‍ നീക്കം ചെയ്യണം. അപ്പോള്‍ കൂടുതല്‍ കായകള്‍ ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകും.

തൈകള്‍ നട്ട് രണ്ട് മാസത്തിനുശേഷം ആദ്യത്തെ വിളവെടുപ്പ് നടത്താം. വെണ്ടയക്ക രണ്ടോ മൂന്നോ ഇഞ്ച് വലുപ്പമുണ്ടാകുമ്പോള്‍ വിളവെടുപ്പ് നടത്താം. പറിച്ചെടുത്ത വെണ്ടയ്ക്കയുടെ ഞെട്ട് കളയാതെ ബാഗുകളില്‍ ശേഖരിച്ച് ഫ്രീസറില്‍ വെയ്ക്കാം.

Follow Us:
Download App:
  • android
  • ios