Asianet News MalayalamAsianet News Malayalam

പൊള്ളുന്ന ചൂടില്‍ ആശ്വാസത്തിന് പാഷന്‍ ഫ്രൂട്ട്; ഇനങ്ങളും കൃഷിരീതിയും അറിയാം

ലോകത്തിലാകെ 600 -ല്‍ക്കൂടുതല്‍ പാഷന്‍ഫ്രൂട്ട് വര്‍ഗങ്ങളുണ്ട്. ബ്രസീല്‍ ആണ് പാഷന്‍ഫ്രൂട്ടിന്റെ ജന്മദേശം. മഞ്ഞ നിറത്തിലുള്ള പാഷന്‍ഫ്രൂട്ട് ഗോള്‍ഡന്‍ പാഷന്‍ഫ്രൂട്ട് എന്നും  അറിയപ്പെടുന്നു. 

Passion fruit how to grow
Author
Thiruvananthapuram, First Published May 8, 2020, 10:42 AM IST

പാഷന്‍ഫ്രൂട്ട് ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? ദാഹശമനിയായി ഉപയോഗിക്കാന്‍ കഴിയുന്ന പാഷന്‍ഫ്രൂട്ട് പോഷകമൂല്യങ്ങള്‍ ധാരാളമടങ്ങിയ പഴമാണ്. വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ നല്ലൊരു പാനീയമാണ് പാഷന്‍ഫ്രൂട്ട് ജ്യൂസ്. കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ നിറയെ കായകള്‍ തരുന്ന പാഷന്‍ഫ്രൂട്ടിനായി വീട്ടിലൊരു പന്തല്‍ ഒരുക്കാമല്ലോ.

രണ്ടിനങ്ങളിലാണ് പഷന്‍ഫ്രൂട്ട് പ്രധാനമായും കാണുന്നത്. പര്‍പ്പിള്‍, മഞ്ഞ എന്നിവയാണ് അവ. ഇത് കൂടാതെ സങ്കരയിനമായ കാവേരിയുമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറാണ് കാവേരി എന്ന ഇനം വികസിപ്പിച്ചത്.

ഏതു കാലാവസ്ഥയിലും ഭക്ഷ്യയോഗ്യമായ പഴമാണിത്. വിറ്റാമിന്‍ സി, റൈബോഫ്‌ളാവിന്‍, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്.

കായകള്‍ ഉണ്ടാകുന്ന സമയമായാല്‍ വള്ളികള്‍ നിറയെ കായകള്‍ തരും. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നടാന്‍ നല്ലത്. ഏത് താങ്ങ് കിട്ടിയാലും വള്ളികള്‍ പടര്‍ന്ന് വളരും. പക്ഷേ, നല്ലൊരു പന്തല്‍ ഇട്ടുകൊടുത്താല്‍ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്താം. ശക്തമായ കാറ്റിനെയും മഴയേയും അതിജീവിക്കാന്‍ പറ്റുന്നതായിരിക്കണം. ചെടികള്‍ വളരുന്നതിനനുസരിച്ച് ചെറിയ കമ്പുകളോ കയറോ കൊണ്ട് ഈ പന്തലിലേക്ക് കയറ്റിവിട്ടാല്‍ മതി. സ്വയം പരാഗണം നടക്കാത്ത ഇനങ്ങളും പാഷന്‍ഫ്രൂട്ടിലുണ്ടാകാം. അതുകൊണ്ട് വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് നല്ലതാണ്. പരപരാഗണം നടക്കാനായി രണ്ടിനങ്ങളുടെയും വള്ളികള്‍ കെട്ടുപിണഞ്ഞ് വളരാന്‍ അനുവദിക്കുന്നതാണ് ഉചിതം.

വ്യത്യസ്ത ഇനങ്ങളെ അറിയാം

ലോകത്തിലാകെ 600 -ല്‍ക്കൂടുതല്‍ പാഷന്‍ഫ്രൂട്ട് വര്‍ഗങ്ങളുണ്ട്. ബ്രസീല്‍ ആണ് പാഷന്‍ഫ്രൂട്ടിന്റെ ജന്മദേശം. മഞ്ഞ നിറത്തിലുള്ള പാഷന്‍ഫ്രൂട്ട് ഗോള്‍ഡന്‍ പാഷന്‍ഫ്രൂട്ട് എന്നും  അറിയപ്പെടുന്നു. പര്‍പ്പിള്‍ നിറമുള്ളതിനേക്കാള്‍ പുളി കൂടുതലാണ് ഇവയ്ക്ക്. കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്തുന്ന ഇനങ്ങളുമുണ്ട്. സമതലപ്രദേശത്തും ഉയര്‍ന്ന സ്ഥലത്തും രണ്ടിനങ്ങളെയാണ് കൃഷി ചെയ്യുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഇനമാണ് 134 പി.

Passion fruit how to grow

 

കൃഷി ചെയ്യാം

തണ്ട് മുറിച്ചു നട്ടും വിത്തുകള്‍ വഴിയും കൃഷി ചെയ്യാവുന്നതാണ്. ഗ്രാഫ്റ്റിങ്ങ്, ലെയറിങ്, ടിഷ്യു കള്‍ച്ചര്‍ എന്നീ വഴികള്‍ കൃഷിയില്‍ ഉപയോഗപ്പെടുത്തുന്നു.

വിത്ത് മുളപ്പിക്കുന്നവര്‍ രണ്ട് ദിവസം വെള്ളത്തില്‍ മുക്കിവെച്ച് ആവരണത്തിന്റെ കട്ടി കുറഞ്ഞ ശേഷം പാകി മുളപ്പിക്കണം. 10 മുതല്‍ 20 ദിവസം വരെയാണ് വിത്ത് മുളയ്ക്കാനെടുക്കുന്ന സമയം.

മുളച്ച് രണ്ടാഴ്ച ആവുമ്പോള്‍ പോളിബാഗുകളിലേക്ക് മാറ്റാം. അത്യാവശ്യം ആരോഗ്യത്തോടെ വളരുന്ന 30 സെന്റീമീറ്റര്‍ വലുപ്പമുള്ള ചെടികളെ കൃഷിയിടത്തിലേക്ക് മാറ്റി നടാം.

തണ്ടുകളാണ് നിങ്ങള്‍ വേര് പിടിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ നല്ല ആരോഗ്യത്തോടെ വളരുന്ന വള്ളികളില്‍ നിന്നും രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകള്‍ മുറിച്ചെടുക്കണം. വേര് വരാനുള്ള ഭാഗത്തിന് മുകളിലായി ഇലകള്‍ പറിച്ചുകളയണം.  ഈ തണ്ട് കുറേസമയം വെള്ളത്തില്‍ മുക്കി വെക്കുക. പിന്നീട് പുറത്തെടുക്കുമ്പോള്‍ വെള്ളം ഒഴിവാക്കിക്കളയണം.

Passion fruit how to grow

 

വേര് പിടിക്കാനായി വേണമെങ്കില്‍ ഹോര്‍മോണില്‍ മുക്കിയിട്ട് പോട്ടിങ്ങ് മിശ്രിതത്തിലേക്ക് നടാവുന്നതാണ്. ഒരു മാസമെടുക്കും വേരുണ്ടാകാന്‍. അതിനുശേഷം കൃഷിസ്ഥലത്തേക്ക് മാറ്റി നടാം. തണ്ടുകള്‍ വേരുപിടിപ്പിക്കുമ്പോഴാണ് മാതൃസസ്യത്തിന്റെ അതേ ഗുണമുള്ള ചെടികള്‍ കിട്ടുന്നത്.

ഒന്‍പത് മാസമായാല്‍ പൂക്കളുണ്ടാകും. നല്ല ചൂടുള്ള കാലാവസ്ഥയാണ് പാഷന്‍ഫ്രൂട്ടിന് നല്ലത്. സൂര്യപ്രകാശം വളര്‍ച്ചയ്ക്ക് ആവശ്യമാണ്. നന്നായി നനയ്ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്താല്‍ ധാരാളം കായകള്‍ ലഭിക്കും. വെള്ളം ആവശ്യത്തിന് കിട്ടിയില്ലെങ്കില്‍ കായകളുടെ വളര്‍ച്ച് മുരടിക്കും. അതുപോലെ ഇലയും പൂവും കായയും പൊഴിയാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios