ഇത്തിരി സമാധാനവും സന്തോഷവും കിട്ടാനായി പൂന്തോട്ടമുണ്ടാക്കുന്നവര്‍ക്കായി ഇതാ തൂവെള്ളപ്പൂക്കള്‍ തരുന്ന ലില്ലിച്ചെടി. പീസ് ലില്ലി എന്നു തന്നെയാണ് ഈ ചെടിയെ വിളിക്കുന്നത്. വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊര്‍ജ്ജം തരാനും ഈ ചെടിക്ക് കഴിയുമെന്ന് വിദേശികള്‍ വിശ്വസിക്കുന്നു. ചേമ്പിന്റെ വര്‍ഗത്തില്‍പ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താന്‍ യോജിച്ചതാണ്.

കടുംപച്ചനിറത്തിലാണ് ഇലകള്‍. വീട്ടിനകത്ത് വെക്കുമ്പോള്‍ ആവശ്യത്തില്‍ക്കൂടുതല്‍ നനയ്‌ക്കേണ്ട ആവശ്യമില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാല്‍ മതി. സൂര്യപ്രകാശം ഇല്ലാത്ത മുറികളില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്.

അശുദ്ധവായു ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്. കിടപ്പുമുറിയുടെ ഒരു മൂലയില്‍ വളര്‍ത്തിയാല്‍ നല്ല ഉറക്കം പ്രദാനം ചെയ്യാനും ഈ ചെടിക്ക് കഴിയുമത്രെ. രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടാന്‍ കഴിവുള്ള ചെടിയാണിത്.

എങ്ങനെ വളര്‍ത്താം?

വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ ആരോഗ്യത്തോടെ വളര്‍ന്ന് പൂക്കളുണ്ടാകും. ഈ ചെടി വളര്‍ത്തുന്നവര്‍ ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം നല്‍കുന്നതിനാലാണ് ചെടി നശിച്ചുപോകുന്നത്. ചട്ടിയിലെ മണ്ണിന്റെ മുകള്‍ഭാഗം തൊട്ടുനോക്കി ഈര്‍പ്പമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം വെള്ളം ഒഴിച്ചുകൊടുക്കാം.

അതുപോലെ വളപ്രയോഗവും ശ്രദ്ധിക്കണം. മിതമായ രീതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വളപ്രയോഗം നടത്താവൂ. പാത്രത്തില്‍ നിന്നും പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് വീണ്ടും നടാവുന്നതാണ്. അങ്ങനെ മാറ്റുമ്പോള്‍ ആദ്യം നടാനുപയോഗിച്ച പാത്രത്തേക്കാള്‍ രണ്ട് ഇഞ്ച് വലിയ പാത്രത്തിലേക്കാണ് മാറ്റി നടേണ്ടത്.

പീസ് ലില്ലിയുടെ ഇലകള്‍ മുറിക്കുള്ളിലെ പൊടികള്‍ വലിച്ചെടുക്കുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇലകള്‍ കഴുകുകയോ തുടച്ചുകളയുകയോ വേണം. ഷവറിന് കീഴിലോ വെള്ളം വരുന്ന ടാപ്പിന് കീഴിലോ കാണിച്ച് ഇലകളുടെ മുകളില്‍ വെള്ളം വീഴ്ത്തി കഴുകാവുന്നതാണ്. എന്നിട്ട് നന്നായി തുണി ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കണം. ചില്ലുകുപ്പിയില്‍ വളര്‍ത്താം

ഉപയോഗ ശൂന്യമായ ചില്ലുപാത്രങ്ങളിലും പീസ് ലില്ലി വളര്‍ത്താം. രണ്ട് ഇഞ്ച് ആഴത്തില്‍ വെള്ളം നിറയ്ക്കാന്‍ കഴിവുള്ള കുപ്പി ഉപയോഗിക്കാവുന്നതാണ്.

പാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്‍ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. പീസ് ലില്ലിയുടെ വേര് നന്നായി കഴുകി വൃത്തിയാക്കി ചില്ലുപാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കിവെച്ച് വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിക്ക് ബലം നല്‍കാം.