മറ്റൊരു വിഷാംശമുള്ള തേന്‍ നിറഞ്ഞ ചെടിയാണ് മൗണ്ടന്‍ ലോറല്‍ അഥവാ കാല്‍മിയ ലാറ്റിഫോളിയ. അമേരിക്കന്‍ സ്വദേശിയാണിത്. യൂറോപ്പിലേക്ക് പതിനെട്ടാം നൂറ്റാണ്ടിലെത്തിയ ഈ ചെടിയും അലങ്കാരത്തിനായി തന്നെയാണ് വളര്‍ത്തുന്നത്.

തേന്‍ മനുഷ്യര്‍ക്ക് ഹാനികരമാകാറുണ്ടോ? വളരെയേറെ ഔഷധഗുണമുള്ള തേനിലും ചിലപ്പോള്‍ വിഷാംശം കടന്നുകൂടാം. തേനീച്ചകള്‍ ചില പ്രത്യേക പൂക്കളില്‍ നിന്ന് തേനും പൂമ്പൊടിയും ശേഖരിച്ചാല്‍ മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ഇതു കേട്ടയുടന്‍ തേന്‍ മുഴുവന്‍ ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന് വിചാരിച്ച് ആരും വലിച്ചെറിയേണ്ട. അല്‍പം ശ്രദ്ധ വേണമെന്ന് മാത്രം.

ചില പൂക്കളിലുള്ള തേനില്‍ ഗ്രായനോടോക്‌സിന്‍ (Grayanotoxins) എന്ന രാസവസ്‍തു അടങ്ങിയിട്ടുണ്ട്. ഇത് തേനീച്ചകള്‍ക്ക് ഹാനികരമല്ല. പക്ഷേ, മനുഷ്യശരീരത്തില്‍ വിഷാംശമുണ്ടാക്കും. വിഷാംശമുള്ള തേന്‍ എന്നത് പുതിയ കാര്യമല്ല. പുരാതനകാലത്ത് മെഡിറ്ററേനിയന്‍ മേഖലകളില്‍ യുദ്ധം ചെയ്‍തിരുന്ന പട്ടാളക്കാര്‍ ലഹരിയുടെ അംശമുള്ള തേന്‍ കഴിച്ച് ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നു. അവര്‍ കുറേ ദിവസങ്ങള്‍ വയറിളക്കവും ഛര്‍ദിയുമായി കഴിയുകയും ചില പടയാളികള്‍ മരിക്കുകയും ചെയ്‍തു. ഇന്നത്തെ കാലത്ത് വിഷാംശമുള്ള പൂക്കളില്‍ നിന്നുള്ള തേന്‍ യഥാര്‍ഥത്തില്‍ തുര്‍ക്കിയിലെ സഞ്ചാരികള്‍ക്ക് പേടിസ്വപ്‌നമാണ്.

ശ്രദ്ധിക്കേണ്ട ചെടികളും പൂക്കളും

റോഡോഡെന്‍ഡ്രോണ്‍ കുടുംബത്തില്‍ ഏകദേശം 700 ഇനങ്ങളുണ്ട്. ഇവയില്‍ വളരെ കുറച്ചെണ്ണത്തില്‍ ഗ്രായനോടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. റോഡോഡെന്‍ഡ്രോണ്‍ പൊന്റികം, റോഡോഡെന്‍ഡ്രോണ്‍ ലുടിയം ( Rhododendron luteum) എന്നിവയിലാണ് ഹാനികരമായ വിഷാംശമുള്ളത്. ഇത് രണ്ടും ബ്ലാക്ക് സീയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പരുക്കന്‍ നിലങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്നവയാണ്.

പൊന്റിക് റോഡോഡെന്‍ഡ്രോണ്‍ (Pontic rhododendrone) എന്ന ചെടി കിഴക്ക് പടിഞ്ഞാറന്‍ ഏഷ്യയിലും യൂറോപ്പിന്റെ തെക്കന്‍ യൂറോപ്പിലും കാണപ്പെടുന്നതാണ്. അലങ്കാരച്ചെടിയായി വളര്‍ത്തുന്ന ഇത് യൂറോപ്പിലും ന്യൂസിലന്റിലും വളരുന്നുണ്ട്.

മറ്റൊരു വിഷാംശമുള്ള തേന്‍ നിറഞ്ഞ ചെടിയാണ് മൗണ്ടന്‍ ലോറല്‍ അഥവാ കാല്‍മിയ ലാറ്റിഫോളിയ. അമേരിക്കന്‍ സ്വദേശിയാണിത്. യൂറോപ്പിലേക്ക് പതിനെട്ടാം നൂറ്റാണ്ടിലെത്തിയ ഈ ചെടിയും അലങ്കാരത്തിനായി തന്നെയാണ് വളര്‍ത്തുന്നത്.

തേനീച്ചകള്‍ പലതരം ചെടികളില്‍ നിന്ന് തേന്‍ ശേഖരിക്കുമ്പോള്‍ സാധാരണയായി വിഷാംശമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഇത്തരം ഹാനികരമായ പൂക്കളില്‍ നിന്ന് മാത്രം സ്ഥിരമായി തേന്‍ ശേഖരിച്ച് കൂട്ടിലെത്തിക്കുമ്പോഴാണ് മനുഷ്യര്‍ക്ക് പ്രശ്‌നം വരുന്നത്.

ഗ്രായനോടോക്‌സിന്‍സ് എന്ന രാസവസ്‍തു ദഹനവ്യവസ്ഥയില്‍ അസ്വസ്ഥതയുണ്ടാക്കും. ചിലപ്പോള്‍ കാഴ്ചയ്ക്ക് മങ്ങലും വളരെ അപൂര്‍വമായി മാത്രം ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്‌നങ്ങളുണ്ടാക്കാറുമുണ്ട്. തേന്‍ ഹാനികരമാണോയെന്ന് സംശയം തോന്നിക്കഴിഞ്ഞാല്‍ ഒരു സ്പൂണിനപ്പുറത്തേക്ക് കഴിക്കാതിരിക്കുകയെന്നതാണ് ഏറ്റവും നല്ലത്.