Asianet News MalayalamAsianet News Malayalam

ആണ്‍പൂക്കളും പെണ്‍പൂക്കളും പച്ചക്കറിയിനങ്ങളില്‍; തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ വിളവുണ്ടാക്കാം

മൊണീഷ്യസ് ചെടിയില്‍ പഴങ്ങളുണ്ടാകുന്നത് ആണ്‍പൂവില്‍ നിന്ന് പരാഗം പെണ്‍പൂവില്‍ എത്തുമ്പോഴാണ്. പരാഗണകാരികളുടെ സഹായം ഇത്തരം പൂക്കള്‍ക്ക് ആവശ്യമാണ്. നിരവധി പരാഗണകാരികള്‍ സന്ദര്‍ശിക്കുന്ന ഒരു പെണ്‍പൂവ് വലിയ വ്യക്തമായ ആകൃതിയുള്ള പഴം ഉത്പാദിപ്പിക്കുന്നു.

pollination process in plants
Author
Thiruvananthapuram, First Published Aug 19, 2020, 9:29 AM IST

ചെടികളില്‍ ആണ്‍ചെടിയും പെണ്‍ചെടിയുമുള്ളതുപോലെ പൂക്കളിലും ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ട്. ഇവ തിരിച്ചറിഞ്ഞ് പരാഗണം നടത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഉത്പാദനം നേടാന്‍ കഴിയും. ആണ്‍പൂക്കളെയും പെണ്‍പൂക്കളെയും തിരിച്ചറിയുന്നതെങ്ങനെ?

ചിലപ്പോള്‍ ചെടികളില്‍ ആണ്‍-പെണ്‍ അവയവങ്ങള്‍ വ്യത്യസ്‍ത പൂക്കളില്‍ കാണപ്പെടാറുണ്ട്. മൊണീഷ്യസ് ആയ ചെടികളില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ടാകും. കുക്കുര്‍ബിറ്റ് കുടുംബത്തില്‍പ്പെട്ട മത്തങ്ങ, വെള്ളരിക്ക തുടങ്ങിയവയില്‍ ഒരേ ചെടിയില്‍ തന്നെ  രണ്ടുതരത്തില്‍പ്പെട്ട പൂക്കളുമുണ്ടാകുന്നുണ്ട്. ഒരു ചെടിയില്‍ ആണ്‍പൂവ് അല്ലെങ്കില്‍ പെണ്‍പൂവ് മാത്രമായി കാണപ്പെടുന്നതിനെ ഡയീഷ്യസ് എന്നാണ് പറയുന്നത്. നിലക്കടല, തക്കാളി എന്നിങ്ങനെ സ്വപരാഗണം നടക്കുന്ന ചെടികളില്‍ ആണ്‍-പെണ്‍ അവയവങ്ങള്‍ ഒരേ പൂവില്‍ തന്നെ കാണാം. പ്രാണികളോ കാറ്റോ പരാഗണം നടക്കാന്‍ കാരണമാകുകയും പൂവിനുള്ളില്‍ വെച്ചുതന്നെ ബീജസങ്കലനം നടക്കുകയും ചെയ്യുന്നു.

pollination process in plants

ചില പച്ചക്കറിച്ചെടികള്‍ വെവ്വേറെ ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ടാക്കുന്നുണ്ട്. തേനീച്ചകളോ മറ്റ് പ്രാണികളോ പൂക്കള്‍ സന്ദര്‍ശിക്കുമ്പോഴാണ് പരാഗണം നടക്കുന്നത്. ആണ്‍ പരാഗം അതേ വര്‍ഗത്തില്‍പ്പെട്ട ചെടിയുടെ പെണ്‍പൂക്കളിലേക്ക് മാറ്റപ്പെടുമ്പോഴാണ് പഴങ്ങളുണ്ടാകുന്നത്. ആണ്‍ചെടി എന്നു പറയുന്നത് ആണ്‍പൂക്കളുണ്ടാകുന്ന ചെടിയെയാണ്. അതുപോലെ പെണ്‍പൂക്കളുണ്ടാകുന്ന ചെടിയെ പെണ്‍ചെടിയെന്നും പറയുന്നു. ഒരു ഫിലമെന്റും പൂമ്പൊടിയും കാണപ്പെടുന്ന പൂക്കളാണ് ആണ്‍പൂക്കളെന്ന് വിളിക്കുന്നത്. അതേസമയം അണ്ഡാശയവും പരാഗണസ്ഥലവും അടങ്ങിയ പൂക്കളാണ് പെണ്‍പൂക്കളായി കണക്കാക്കുന്നത്.

മൊണീഷ്യസ് ചെടിയില്‍ പഴങ്ങളുണ്ടാകുന്നത് ആണ്‍പൂവില്‍ നിന്ന് പരാഗം പെണ്‍പൂവില്‍ എത്തുമ്പോഴാണ്. പരാഗണകാരികളുടെ സഹായം ഇത്തരം പൂക്കള്‍ക്ക് ആവശ്യമാണ്. നിരവധി പരാഗണകാരികള്‍ സന്ദര്‍ശിക്കുന്ന ഒരു പെണ്‍പൂവ് വലിയ വ്യക്തമായ ആകൃതിയുള്ള പഴം ഉത്പാദിപ്പിക്കുന്നു.

പരാഗണകാരികളെ കൊല്ലുന്ന കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും അടച്ചുവെച്ച ഗ്രീന്‍ഹൗസ് പോലുള്ള സംവിധാനങ്ങളിലും വളര്‍ത്തുമ്പോളും പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നില്ല. ആവശ്യമായ പരാഗണകാരികള്‍ ഇല്ലാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് കൈകള്‍ കൊണ്ട് പരാഗണം നടത്താവുന്നതാണ്. ഇങ്ങനെ ചെയ്യാന്‍ ആദ്യം ആണ്‍പൂവും പെണ്‍പൂവും ഏതാണെന്ന് തിരിച്ചറിയണം.

ഒരു പെണ്‍പൂവിന്റെ ചുവട്ടില്‍ മുന്തിരിയുടെ വലുപ്പത്തിലുള്ള ചെറിയ മുഴപോലുള്ള ആകൃതി പരാഗണശേഷം കാണാം. ഈ മുഴയാണ് വലുതായി പഴമായി മാറുന്നത്. അതേ സമയം ആണ്‍പൂവിനെ തിരിച്ചറിയാന്‍ പുരുഷകേസരം പൂവിന്റെ മധ്യത്തിലായി കാണാം. ഈ കേസരത്തില്‍ നിന്ന് പെയിന്റ് ബ്രഷ് ഉപയോഗിച്ചോ പഞ്ഞി ഉപയോഗിച്ചോ പരാഗം ശേഖരിച്ചെടുത്ത ശേഷം പെണ്‍പൂക്കളുടെ മധ്യത്തിലേക്ക് ചേര്‍ത്ത് വെച്ചാല്‍ മതി.

pollination process in plants

സ്പിനാഷ്, ശതാവരി എന്നിവയില്‍ വ്യത്യസ്‍തമായ ആണ്‍-പെണ്‍ ചെടികളുണ്ട്. അതുപോലെ ചില ഹൈബ്രിഡ് കക്കിരി ഇനങ്ങളിലും ആണ്‍ ചെടിയും പെണ്‍ ചെടിയുമുണ്ട്. നിങ്ങള്‍ ഈ ചെടികള്‍ നടുകയാണെങ്കില്‍ രണ്ടു തരത്തിലുള്ള ചെടികളും ലഭിക്കാനാവശ്യമായ രീതിയില്‍ വിത്തുകള്‍ വേണ്ടത്ര ഉപയോഗിക്കണം. അതുപോലെ പരാഗം ചെടികള്‍ക്കിടയില്‍ മാറ്റപ്പെടുകയും വേണം.

ചില ചെടികളില്‍ ഒരേ ഒരു വിത്ത് മാത്രം ഉണ്ടാകും. പീച്ച്, അവൊക്കാഡോ എന്നിവ ഉദാഹരണങ്ങളാണ്. എന്നാല്‍, മറ്റു ചിലതില്‍ ധാരാളം വിത്തുകള്‍ ഉണ്ടാകും.

ആണ്‍പൂക്കളും പെണ്‍പൂക്കളുമുള്ള പച്ചക്കറിയിനങ്ങള്‍

പീച്ചിങ്ങയില്‍ രണ്ടുതരം പൂക്കളുമുണ്ട്. പെണ്‍പൂക്കളില്‍ പൂമൊട്ടുകളുടെ തൊട്ടുതാഴെയായി വലിയ ബള്‍ബ് പോലുള്ള വളര്‍ച്ച കാണാം. ആണ്‍പൂക്കളില്‍ ഇതുണ്ടാവില്ല. ചില സമയത്ത് പെണ്‍പൂക്കളില്‍ ഒന്നുപോലും കായകളുത്പാദിപ്പിക്കാതെ കൊഴിഞ്ഞുപോകാം. പരാഗണം ശരിയായി നടക്കാത്തതാണ് ഇതിന് കാരണം. ആണ്‍പൂക്കളാണ് ആദ്യം ഉണ്ടാകുന്നത്.

തക്കാളികളിലും സ്വപരാഗണം നടക്കുന്നു. ആണ്‍-പെണ്‍ അവയവങ്ങളുള്ള പൂക്കള്‍ ഇവയിലും കാണപ്പെടുന്നു. ചുരയ്ക്കയിലും ഒരേ ചെടിയില്‍ തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കാണപ്പെടുന്നുണ്ട്. പൂക്കള്‍ വിരിയുന്നത് വൈകുന്നേരവും പരാഗണം നടക്കുന്നത് രാത്രിയിലുമാണ്. ചുരയ്ക്കയും കുക്കുമ്പര്‍ കുടുംബത്തില്‍പ്പെട്ടതാണ്.

ചുരയ്ക്കയുടെ പെണ്‍പൂക്കളില്‍ വൈകുന്നേരമാണ് തേനീച്ചകള്‍ ചുറ്റിപ്പറക്കുന്നത്. അപ്പോള്‍ ആണ്‍പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍ അതിരാവിലെ പെണ്‍പൂക്കള്‍ വാടിക്കഴിഞ്ഞാല്‍ പരാഗണകാരികള്‍ ആണ്‍പൂക്കളെ തേടിവരുന്നത് കാണാം. അതായത് ആണ്‍-പെണ്‍ പൂക്കള്‍ ഒരേ സമയത്ത് വിരിയാത്തതിനാല്‍ കായകളുടെ ഉത്പാദനത്തില്‍ കുറവ് സംഭവിക്കുന്നു. നല്ല വിളവ് ലഭിക്കാന്‍ രാവിലെയും രാത്രിയും കൈകള്‍ കൊണ്ട് പരാഗണം നടത്തിക്കൊടുക്കണം.

പടവലം വളരെ പെട്ടെന്ന് പടര്‍ന്ന് വളരുന്ന പച്ചക്കറിയാണ്. ഇതിലും ഒരേ ചെടിയില്‍ത്തന്നെ ആണ്‍-പെണ്‍ പൂക്കള്‍ കാണപ്പെടുന്നു. കൈകള്‍ കൊണ്ട് പരാഗണം നടത്താന്‍ യോജിച്ചത് പകല്‍സമയത്ത് മാത്രമാണ്. ആണ്‍പൂക്കള്‍ സൂര്യോദയത്തിന് മുമ്പ് പൂര്‍ണമായും വിടരും. അതാണ് പരാഗണം നടത്താന്‍ ഏറ്റവും യോജിച്ച സമയം.

പാവയ്ക്കയില്‍ പെണ്‍പൂക്കളും ആണ്‍പൂക്കളും ഒരേ ചെടിയില്‍ വെവ്വേറെ ഉണ്ടാകും. സാധാരണ ആണ്‍പൂക്കളാണ് കൂടുതലുണ്ടാകുന്നത്. പൂക്കളുണ്ടാകാനുള്ള ഹോര്‍മോണ്‍ ആദ്യത്തെ എട്ട് ഇലകള്‍ വന്ന ശേഷം തളിച്ചുകൊടുത്താല്‍ പെണ്‍പൂക്കള്‍ കൂടുതലുണ്ടാക്കാം.

Follow Us:
Download App:
  • android
  • ios