വിപണിയില്‍ നല്ല ഡിമാന്റുള്ളതും രുചിയുള്ളതുമായ മത്സ്യമാണ് രോഹു. ഇന്ത്യയില്‍ ത്രിപുര, ബീഹാര്‍, ആസാം,പശ്ചിമ ബംഗാള്‍, ഭോജ്പൂര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഈ മത്സ്യത്തിന് ആവശ്യക്കാര്‍ ഏറെയുള്ളത്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മത്സ്യത്തിന് 45 കിലോഗ്രാം ഭാരവും പരമാവധി രണ്ട് മീറ്റര്‍ നീളവും ഉണ്ടായിരിക്കും. ഈ മത്സ്യത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാം.

രോഹു ശുദ്ധജല മത്സ്യമാണ്. രണ്ടു മുതല്‍ അഞ്ച് വര്‍ഷക്കാലയളവിനുള്ളിലാണ് രോഹു പൂര്‍ണവളര്‍ച്ചയെത്തുന്നത്. 10 വര്‍ഷം വരെ ആയുസ്സുണ്ട്. 14 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞ താപനിലയില്‍ ഈ മത്സ്യങ്ങള്‍ക്ക് വളരാന്‍ കഴിയില്ല.

മത്സ്യക്കൃഷി

കുളങ്ങളില്‍ വളര്‍ത്തുന്ന മത്സ്യമാണിത്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും അകലെയായിരിക്കണം ഇത്തരം കുളങ്ങള്‍ നിര്‍മിക്കേണ്ടത്. കുളത്തിലെ മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതായിരിക്കണം.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുമ്പായി കുളത്തിലെ കളകള്‍, അവശിഷ്ടങ്ങള്‍, നേരത്തേ വളര്‍ത്തിയ മത്സ്യങ്ങള്‍ എന്നിവയെ മാറ്റണം. കാര്യക്ഷമതയുള്ള കളനാശിനികള്‍ ഉപയോഗിച്ച് കളകള്‍ നീക്കണം.

പെണ്‍ മത്സ്യങ്ങള്‍ മൂന്ന് ലക്ഷത്തോളം മുട്ടകളിടും. ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണ് മുട്ടകളിടുന്ന സമയം. ശുദ്ധജലതടാകത്തില്‍ നിന്നും കനാലുകളില്‍ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കാം. വ്യാവസായികമായി രോഹു വളര്‍ത്താനായി കുഞ്ഞുങ്ങളെ വിരിയിച്ച് നല്‍കുന്നുണ്ട്. പോളി കള്‍ച്ചര്‍ രീതിയാണ് മത്സ്യം വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. സാധാരണയായി കട്‌ല എന്ന മത്സ്യത്തോടൊപ്പവും സില്‍വര്‍ കാര്‍പിനൊപ്പവുമാണ് വളര്‍ത്തുന്നത്.

കുളത്തിലെ വെള്ളത്തില്‍ ജൈവവളങ്ങള്‍ ചേര്‍ക്കണം. ചാണകപ്പൊടിയും ആ രീതിയിലുള്ള ജൈവവളങ്ങളും കുളത്തില്‍ ചേര്‍ക്കാവുന്നതാണ്. 15 ദിവസത്തിനുശേഷം അജൈവമായ വളങ്ങളും ചേര്‍ക്കാം. നൈട്രജനും ഫോസ്ഫറസും ശരിയായ അനുപാതത്തില്‍ കുളത്തിലെ മണ്ണില്‍ ഉണ്ടായിരിക്കണം.

വെള്ളത്തില്‍ വളരുന്ന ആല്‍ഗകളും ചെളിയും മണലും രോഹു ഭക്ഷണമാക്കാറുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന സസ്യജാലങ്ങളെയും ഇത് ഭക്ഷിക്കുന്നു. പൂര്‍ണവളര്‍ച്ചയെത്തുന്ന സമയത്ത് മുന്‍പുള്ളതിനേക്കാള്‍ ഭക്ഷണം ആവശ്യമാണ്. വളര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭക്ഷണത്തോടുള്ള ആവേശം കുറയും. മുട്ടയിട്ട ശേഷം പെണ്‍മത്സ്യങ്ങള്‍ക്ക് നന്നായി തീറ്റ നല്‍കണം.

ഒരു ഹെക്ടര്‍ സ്ഥലത്തുള്ള കുളത്തില്‍ നിന്ന് 4 മുതല്‍ 5 ടണ്‍ വരെ മത്സ്യം ലഭിക്കും. ഒരു വര്‍ഷത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തുന്നത്. വിളവെടുപ്പ് സമയത്ത് 800ഗ്രാം വലുപ്പമുണ്ടാകും. വെള്ളം വറ്റിച്ചോ വലകള്‍ ഉപയോഗിച്ചോ മത്സ്യങ്ങളെ പിടിച്ചെടുക്കാം. പിടിച്ചെടുത്ത മത്സ്യങ്ങള്‍ പെട്ടെന്ന് തന്നെ വിറ്റഴിക്കുന്നതാണ് നല്ലത്.