തണ്ണിമത്തനില്‍ വളരെക്കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാവുന്നതും തണുത്ത കാലാവസ്ഥയില്‍ നന്നായി വളരുന്നതുമായ ഇനങ്ങളുണ്ട്. പ്രധാനമായും നാല് തരത്തിലുള്ള തണ്ണിമത്തനാണ് ഇന്ന് കൃഷി ചെയ്യുന്നത്. കുരുവില്ലാത്തതും കുരുവുള്ളതും പിക്‌നിക് എന്നയിനവും ഐസ്‌ബോക്‌സ് എന്നയിനവുമാണ് ഇന്ന് പ്രചാരത്തിലുള്ളത്. കുരുവില്ലാത്ത തണ്ണിമത്തന്‍ എന്നാണ് പേരെങ്കിലും വളരെ വളരെ ചെറിയതും പൂര്‍ണവളര്‍ച്ചയെത്താത്തതുമായ തരത്തിലുള്ള കുരുക്കള്‍ ഈ ഇനം തണ്ണിമത്തനിലുണ്ട്.

കുരുവില്ലാത്ത തണ്ണിമത്തനിലെ കുരുക്കള്‍ ശ്രദ്ധിക്കപ്പെടാത്ത തരത്തിലുള്ളതായതുകൊണ്ട് മുറിച്ചെടുത്ത് അതുപോലെ കഴിക്കാവുന്നതാണ്. സങ്കീര്‍ണമായ ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്. വളരാന്‍ ഏറെ പ്രയാസമുള്ള തരത്തിലുള്ള ഈ ഇനത്തിന് വിത്ത് മുളയ്ക്കാനായി മണ്ണിന് പ്രത്യേക താപനിലയും നിലനിര്‍ത്തണം. ഗ്രീന്‍ഹൗസ് ഉപയോഗിച്ച് തണുപ്പുകാലത്തും ഇത് വളര്‍ത്താം. വിത്ത് മുളപ്പിക്കാന്‍ ചൂടുള്ള ട്രേ ആണ് ആവശ്യം. മൂന്ന് തരത്തില്‍പ്പെട്ട കുരുവില്ലാത്ത തണ്ണിമത്തന്‍ ഇനങ്ങളെ പരിചയപ്പെടാം.

ക്രിംസണ്‍ സ്വീറ്റ്

8 അടി നീളത്തില്‍ വളരുന്ന ഈ ഇനത്തിന് നല്ല നീര്‍വാര്‍ച്ചയുള്ളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ മണ്ണാണ് ആവശ്യം. നട്ടുവളര്‍ത്തി വിളവെടുക്കാന്‍ 80 മുതല്‍ 85 ദിവസങ്ങള്‍ വരെ ആവശ്യമാണ്. നല്ല മധുരമുള്ളതും സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യവും ഈ തണ്ണിമത്തനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.  ഫ്രിഡ്ജ് ഇല്ലെങ്കിലും തണുത്ത കാലാവസ്ഥയില്‍ മൂന്ന് ആഴ്ചയോളം കേടുകൂടാതിരിക്കും.

 

പൂര്‍ണവളര്‍ച്ചയെത്തിയ തണ്ണിമത്തന് ഏകദേശം 16 മുതല്‍ 26 പൗണ്ട് വരെ ഭാരമുണ്ടാകും. ഓവല്‍ ആകൃതിയില്‍ ക്ലാസിക് നിറമായ മങ്ങിയ പച്ചയിലും ഇരുണ്ട പച്ചയിലും വരകളോടുകൂടിയതാണ് ഈ തണ്ണിമത്തന്റെ പ്രകൃതം.

ചെറിയ വിത്തില്‍ നിന്ന് തന്നെയാണ് ഈ തണ്ണിമത്തന്‍ നട്ടുവളര്‍ത്തുന്നതെന്നതാണ് കൗതുകം. 65 ഡിഗ്രി ഫാറന്‍ഹീറ്റില്‍ കൂടുതലുള്ള താപനിലയുള്ളപ്പോള്‍ പുറത്തുള്ള തോട്ടത്തില്‍ ഇത് നട്ടുവളര്‍ത്താം. തണുപ്പുള്ള കാലാവസ്ഥയിലാണെങ്കില്‍ വിത്തുകള്‍ വീടിനകത്ത് വെച്ച് മുളപ്പിച്ചാണ് സൂര്യപ്രകാശമുള്ള സമയത്ത് വെളിയിലേക്ക് മാറ്റുന്നത്. ഇങ്ങനെ വിത്ത് മുളയ്ക്കാന്‍ നാല് ആഴ്ചയെങ്കിലുമെടുക്കും.

കിങ്ങ് ഓഫ് ഹാര്‍ട്ട്‌സ്

16 അടി നീളത്തില്‍ വളരുന്ന ഈ ഇനം നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണും ഇഷ്ടപ്പെടുന്നു. വിത്തില്‍ നിന്നും മുളച്ച് ചെടിയായി തണ്ണിമത്തന്‍ വിളവെടുക്കാന്‍ 85 ദിവസങ്ങള്‍ ആവശ്യമാണ്. തണുപ്പുള്ള കാലാവസ്ഥയിലാണ് വളരുന്നത്.

ധാരാളം നീളത്തില്‍ വളരുന്ന തണ്ടുകളായതുകാരണം കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്. പരാഗണം നടക്കാന്‍ ആണ്‍ പൂക്കളുണ്ടാകുന്ന ചെടിയും പെണ്‍ പൂക്കളുണ്ടാകുന്ന ചെടിയും ഒരുമിച്ച് നട്ടുവളര്‍ത്തണം. ഈ രണ്ടും ചെടികളും തമ്മില്‍ എട്ടു മുതല്‍ 10 അടി വരെ അകലം ഉണ്ടാകണം. പഴങ്ങളുണ്ടാകാന്‍ തുടങ്ങിയാല്‍ നനയ്ക്കുന്നതിന്റെ അളവ് കുറയ്ക്കണം. കൂടുതല്‍ മധുരമുള്ള പഴങ്ങള്‍ ലഭിക്കാന്‍ ഇത് നല്ലതാണ്. 14 മുതല്‍ 18 പൗണ്ട് ഭാരമുണ്ടാകും പൂര്‍ണവളര്‍ച്ചയെത്തിയാല്‍. ചെറിയ വെളുത്ത വിത്തുകളാണുള്ളത്.

മില്യനെയര്‍

18 അടി നീളത്തില്‍ വളരുന്ന ഇനമായ ഇത് നല്ല സൂര്യപ്രകാശമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണിലാണ് വളരുന്നത്. ഇതും കുരുവില്ലാത്ത ഇനം തന്നെ.  90 ദിവസങ്ങളെടുത്താണ് പഴങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കുന്നത്. തൊലിയുടെ പുറത്ത് മഞ്ഞയും പച്ചയും വരകളുണ്ടാകും. അകത്തുള്ള ഭക്ഷ്യയോഗ്യമായ ഭാഗം പിങ്ക് നിറത്തിലാണ്. മൃദുവായതും വളര്‍ച്ചയില്ലാത്തതുമായ ചെറിയ കുരുക്കളും ഉണ്ടാകും.

 

കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കുന്നതിനാല്‍ ഈ ഇനം വ്യാവസായികമായി ധാരാളം വളര്‍ത്തുന്നു. 70 ഡിഗ്രി ഫാറന്‍ഹീറ്റിനും മുകളിലുള്ള താപനിലയാണ് വളരാന്‍ ആവശ്യം. 4 മുതല്‍ 14 ദിവസത്തിനുള്ളിലാണ് വിത്തുകള്‍ മുളയ്ക്കുന്നത്.