'വീട്ടില്‍ ആര് വന്നാലും തിരിച്ചുപോകുമ്പോള്‍ അവരുടെ കൈ നിറയെ വിഷരഹിതമായ പച്ചക്കറികളോ ചെടികളോ കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. അതുപോലെ ഇതെല്ലാം കൊടുക്കാന്‍ കഴിയുന്ന ഞങ്ങളും സംതൃപ്തരാണ്. വിദേശത്തുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുത്തുവിടാന്‍ കഴിയുന്ന അമൂല്യമായ വിഭവങ്ങളാണ് ഈ വിഷമില്ലാത്ത പച്ചക്കറികള്‍. അതിനുവേണ്ടി മാത്രം ഞാന്‍ എന്റെ വീട്ടില്‍ പച്ചക്കറികള്‍ വളര്‍ത്തുന്നുണ്ട്.' കലര്‍പ്പില്ലാത്ത സ്‌നേഹം നല്‍കാന്‍ ജലജ സന്തോഷ് കണ്ടെത്തിയ വഴിയാണിത്. തന്നിലെ കഴിവുകളും താല്‍പര്യങ്ങളും മനസിലാക്കി അവയ്ക്ക് ജീവന്‍ നല്‍കി വീട്ടില്‍ പച്ചപ്പിന്റെ വസന്തം സൃഷ്ടിക്കുകയാണ് ഇവര്‍.

ടെയ്‌ലറിങ്ങ് ഷോപ്പും ബ്യൂട്ടി ക്ലിനിക്കും ഒരുമിച്ച് നടത്തിക്കൊണ്ടുപോകുന്ന ജലജ നിരവധി കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു. മ്യൂറല്‍ പെയിന്റിങ്ങിലും ഫാഷന്‍ ഡിസൈനിങ്ങിലും താല്‍പര്യമുള്ള ജലജ വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് സ്വന്തം വീട് നിര്‍മിക്കാനായിരുന്നു. പുതിയ വീടിനോടും ചെടികളോടും തോന്നിയ ആത്മബന്ധം കാരണം പിന്നീട് വിദേശത്തേക്ക് പോയില്ല. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം കൂടിയായപ്പോള്‍ സ്വന്തം കഴിവിനനുസരിച്ചുള്ള തൊഴില്‍ മേഖലയും കണ്ടെത്തി ഹരിപ്പാട് തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. രാവിലെ ക്ലിനിക്കിലേക്കും ടെയ്‌ലറിങ്ങ് ഷോപ്പിലേക്കുമുള്ള ഓട്ടത്തിനിടയിലും സ്വന്തം ചെടികളെ പരിപാലിക്കാന്‍ ജലജ മറക്കുന്നില്ല. 

'ഇരുപതാമത്തെ വയസില്‍ ജോലിക്കായി യെമനില്‍ പോയതായിരുന്നു. അവിടെ ഒന്‍പത് വര്‍ഷം താമസിച്ചു. മെഡിക്കല്‍ സെക്രട്ടറിയായി ജോലി നോക്കി. ഭര്‍ത്താവ് സന്തോഷ് ഇപ്പോഴും സൗദി പെട്രോളിയം കമ്പനിയില്‍ ജീവനക്കാരനാണ്.' ജലജ പറയുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ ജലജയുടെ 'ഉപാസന' എന്ന വീട്ടിനകത്തും പുറത്തും നിറയെ ചെടികളാണ്. 2018 -ലെ പ്രളയത്തില്‍ പ്രതീക്ഷിക്കാതെ വെള്ളം കയറിയപ്പോള്‍ ചെടികള്‍ നശിച്ചുപോയി. അഡീനിയവും യൂഫോര്‍ബിയയും ചെടിച്ചട്ടിയില്‍ അല്‍പം ഉയരത്തില്‍ വെച്ചതിനാല്‍ അവ മാത്രം രക്ഷപ്പെട്ടുവെന്ന് ജലജ ആശ്വസിക്കുന്നു. 

ലോക്ക്ഡൗണില്‍ തോന്നിയ ബുദ്ധിയൊന്നുമല്ല ഈ ചെടിവളര്‍ത്തലെന്ന് ജലജ പറയുന്നു. 'പണ്ടു മുതല്‍ ചെടികള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. എവിടെപ്പോയാലും അവിടെ നഴ്‌സറി ഉണ്ടെങ്കില്‍ ഞാന്‍ കയറി നോക്കും. യുട്യൂബിലും സോഷ്യല്‍ മീഡിയയിലുമൊക്കെ നോക്കി ചെടികളെക്കുറിച്ച് മനസിലാക്കി നഴ്‌സറിയില്‍ പോയി അത്തരം ചെടികളുണ്ടോയെന്ന് അന്വേഷിക്കും. ഫ്‌ളവര്‍ ഷോ വളരെ ഇഷ്ടത്തോടെ പോയിക്കാണാറുണ്ട്. സമയക്കുറവുള്ളതുകൊണ്ട് പരിചരണം കുറവ് ആവശ്യമുള്ള ചെടികളാണ് വളര്‍ത്തുന്നത്. തുടക്കത്തില്‍ ആഗ്രഹം തോന്നി വിലപിടിപ്പുള്ള ചെടികള്‍ വാങ്ങി പരിചരണത്തിന്റെ അഭാവം കാരണം നശിച്ചുപോയിട്ടുണ്ട്. ഓരോന്നും ഓരോ തരത്തിലുള്ള ശ്രദ്ധ ആവശ്യമുള്ള ചെടികളാണ്. ഇപ്പോള്‍ വാങ്ങുമ്പോള്‍ എങ്ങനെ പരിചരിക്കണമെന്ന് ചോദിച്ച് മനസിലാക്കും. ഔട്ട്‌ഡോര്‍ ആയി വളര്‍ത്തുന്നത് പൂച്ചെടികളാണ്. അഡീനിയത്തിന്റെ നിരവധി ഇനങ്ങള്‍ 40 ചട്ടികളിലുണ്ട്. ബോഗണ്‍വില്ലയുടെ വിവിധ ഇനങ്ങളും ശേഖരത്തിലുണ്ട്. ഇന്‍ഡോര്‍ പ്ലാന്റായി ഉപയോഗിക്കുന്നത് മണിപ്ലാന്റ്, ലക്കി ബാംബു, സ്‌നേക്ക് പ്ലാന്റ് എന്നിവയാണ്.'

മണിപ്ലാന്റ് പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഇന്‍ഡോര്‍ പ്ലാന്റായി ഏറ്റവും കൂടുതല്‍ വളര്‍ത്തിയിട്ടുള്ളത് മണിപ്ലാന്റാണ്. നന്നായി വളരാനുള്ള ചില ടിപ്‌സുകളാണ് ജലജ പറഞ്ഞുതരുന്നത്.
'വെള്ളത്തിലാണ് വളര്‍ത്തുന്നതെങ്കില്‍ ചെറിയ ഇലകളുള്ള മണി പ്ലാന്റ് ആണ് നല്ലത്. ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റിക്കൊടുക്കണം. ഇലകളിലൊക്കെ വെള്ളം സ്‌പ്രേ ചെയ്തുകൊടുക്കണം. മുട്ട പുഴുങ്ങിയ വെള്ളം ഈ കുപ്പിയിലെ വെള്ളത്തില്‍ ഒഴിച്ചുകൊടുത്താല്‍ മണി പ്ലാന്റ് നല്ല ആരോഗ്യത്തോടെ വളരും. '

 

ഇനി നിങ്ങള്‍ മണി പ്ലാന്റ് മണ്ണിലാണ് വളര്‍ത്തുന്നതെങ്കിലോ? 'മണ്ണില്‍ വളര്‍ത്തുന്ന മണി പ്ലാന്റുകളും വീട്ടിലുണ്ട്. പഞ്ചാരമണലും ഭംഗിയുള്ള പെബിള്‍സും ഇട്ട് അല്‍പം മാത്രം വെള്ളം ഒഴിച്ച് വലിയ ഇലകളുള്ള മണി പ്ലാന്റ് നട്ടുവളര്‍ത്താം. മണലിന്റെ നിരപ്പില്‍ മാത്രം പെബിള്‍സ് നനഞ്ഞുകിടക്കാന്‍ വേണ്ടി മാത്രമാണ് വെള്ളം ഒഴിച്ചുകൊടുക്കുന്നത്. മണ്ണില്‍ വളരുന്നതിന് മൂന്ന് ദിവസം കൂടുമ്പോള്‍ വെള്ളം ഒഴിച്ചുകൊടുക്കാം. ദിവസവും വെള്ളം ഒഴിക്കരുത്.'

ഇന്‍ഡോര്‍ പ്ലാന്റായി സ്‌നേക്ക് പ്ലാന്റ് വളര്‍ത്തുമ്പോള്‍ ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, അല്‍പം എല്ലുപൊടി എന്നിവ ചേര്‍ക്കാം. ആഴ്ചയിലൊരിക്കല്‍ മാത്രം അല്‍പം വെള്ളം തളിച്ചുകൊടുത്താല്‍ മതിയെന്ന് ജലജ ഓര്‍മിപ്പിക്കുന്നു.

'ഇവിടെ പൂക്കളുണ്ടാകുന്ന ചെടികളില്‍ പീസ് ലില്ലി, ബെഗോണിയ എന്നിവയാണ് ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തിയിരിക്കുന്നത്. ബെഗോണിയ തണലില്‍ വളര്‍ന്നാല്‍ ഇലകള്‍ക്ക് നല്ല നിറമുണ്ടാകും. വെള്ളം അധികം ഒഴിക്കരുത്. പീസ് ലില്ലി വീട്ടിനകത്ത് മാത്രം വെച്ചാല്‍ ധാരാളം പൂക്കളുണ്ടാകാന്‍ സാധ്യതയില്ല. ഏത് ഇന്‍ഡോര്‍ പ്ലാന്റ് ആയാലും ആഴ്ചയിലൊരിക്കല്‍ രണ്ടു മൂന്ന് മണിക്കൂര്‍ സമയമെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെച്ച് പിന്നീട് വീട്ടിനകത്തേക്ക് എടുത്തു വെച്ചാല്‍ നന്നായി പൂക്കളുണ്ടാകും.

ഏറ്റവും ഇഷ്ടം അഡീനിയം

'ഏറ്റവും പ്രിയം അഡീനിയത്തോടാണ്. മഴക്കാലത്ത് നനയാതെ സൂക്ഷിക്കണം. നന്നായി പരിചരിച്ചാല്‍ ധാരാളം പൂക്കളുണ്ടാകുകയും കുറേ ദിവസം വാടാതെ നിലനില്‍ക്കുകയും ചെയ്യും. മഴക്കാലത്ത് പൂവിടല്‍ വളരെക്കുറവാണ്. വലിയ വെയിലില്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലൊക്കെ നനച്ചാല്‍ മതി.'

 

ബോഗണ്‍വില്ലയ്ക്കും വെള്ളം മിതമായി ഒഴിച്ചാല്‍ മതി. ബ്രൈഡല്‍ മുല്ലയില്‍ കുലകളായി പൂക്കളുണ്ടാകുന്നത് കാണാന്‍ വളരെ ഭംഗിയാണ്. മരങ്ങളില്‍ പടര്‍ത്തി വളര്‍ത്താം. നഴ്‌സറിയില്‍ നിന്ന് വാങ്ങുന്ന റോസാപ്പൂക്കള്‍ക്ക് വേര് ചീയാതെയും ഫംഗസ് ബാധയേല്‍ക്കാതെയും വളരെ ശ്രദ്ധയോടെ പരിചരിക്കണമെന്നും ജലജ പറയുന്നു.

അതുപോലെ നിശാഗന്ധി എനിക്ക് വളരെയേറെ ഇഷ്ടമാണ്. രാത്രി ഒന്‍പത് മണിക്ക് വിരിഞ്ഞ് പന്ത്രണ്ട് മണി ആവുമ്പോഴേക്കും വാടാന്‍ തുടങ്ങും. നിശാഗന്ധി വളര്‍ത്തിയാല്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാലേ പൂക്കുകയുള്ളുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ നട്ടുവളര്‍ത്തിയ ചെടിയാണിത്. പിന്നീട് വിദേശത്ത് പോയി തിരിച്ച് വന്ന ശേഷമാണ് ഇതില്‍ പൂക്കളുണ്ടായിക്കാണുന്നത്. ഈ പൂവ് വിരിയുമ്പോള്‍ ഒരിക്കലും ഞാന്‍ കാണാതിരിക്കാറില്ല. കാത്തിരുന്ന് കാണും. ഒത്തിരി ഇഷ്ടപ്പെടുന്ന മണമാണ്.' ജലജ തന്റെ ഏറെ പ്രിയപ്പെട്ട നിശാഗന്ധിയെക്കുറിച്ച് വാചാലയാകുന്നു.

മണ്ണില്‍ത്തന്നെ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താവുന്ന നല്ലൊരു ചെടിയാണ് കറ്റാര്‍വാഴ. ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന ചെടിയില്‍ നിന്നാണ് ചട്ടിയിലേക്ക് മാറ്റി വിപുലമായി വളര്‍ത്തിയതെന്ന് ജലജ പറയുന്നു. കണ്ണിന് പൊന്‍കണി തന്നെയാണ് ഈ കറ്റാര്‍വാഴയെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ഫൈക്കസ് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളരെ ഇഷ്ടപ്പെട്ട് ശേഖരിച്ചിട്ടുണ്ട്. കുറേ ഔഷധ സസ്യങ്ങളും വളര്‍ത്തുന്നുണ്ട്. പല തരത്തിലുള്ള തുളസികള്‍, രണ്ടു തരം പനിക്കൂര്‍ക്ക, വയമ്പ്, രാമച്ചം,ശതാവരി,കച്ചോലം എന്നിവയെല്ലാം വളര്‍ത്തുന്നു.

പപ്പായയിലെ റെഡ് ലേഡിയാണ് ജലജയുടെ വീട്ടിലെ ഏറ്റവും വലിയ താരം. നല്ല മധുരമുള്ളതും കൊതിപ്പിക്കുന്ന നിറവുമുള്ള റെഡ് ലേഡി വിഷമടിക്കാതെ എല്ലാ സീസണിലും കിട്ടുന്ന പഴമാണെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും

'കോവല്‍, പാവല്‍, വെണ്ട, വഴുതന എന്നിവയെല്ലാം ഞാന്‍ വളര്‍ത്തുന്നുണ്ട്. ബിസിനസ് എന്ന രീതിയില്‍ തന്നെ കോവയ്ക്ക വളര്‍ത്താറുണ്ടായിരുന്നു. 30 കിലോ വരെ വില്‍പന നടത്തിയിട്ടുണ്ട്. കഴിയുന്നത്ര പച്ചക്കറികള്‍ വീട്ടില്‍ തന്നെ നട്ടുവളര്‍ത്തുന്നു. ചീരച്ചേമ്പ്, ചായമന്‍സ എന്നിവയെല്ലാം ഉണ്ട്'. തനിക്ക് പറ്റാവുന്ന എല്ലാതരം കൃഷികളും ജലജ ചെയ്യുന്നുണ്ട്.

 

'കപ്പ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നു. ഇതിനെല്ലാം വളമായി ഉപയോഗിക്കുന്നത് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ തന്നെയാണ്. ബയോഗ്യാസ് ഉള്ളതുകൊണ്ട് സ്‌ളറി രണ്ടോ മൂന്നോ ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഒഴിച്ചുകൊടുക്കും.' ആഴ്ചയിലൊരിക്കല്‍ അക്വേറിയം വൃത്തിയാക്കിയ വെള്ളം ഒഴിച്ചുകൊടുക്കുന്നതും വളരെ നല്ല വളമാണെന്ന് ജലജ അനുഭവത്തില്‍ നിന്ന് പറയുന്നു. ഉള്ളിത്തൊലിയും പഴത്തൊലിയും വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ച് നേര്‍പ്പിച്ച് പൂച്ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുത്താല്‍ ധാരാളം പൂക്കളുണ്ടാകും. രാസവളങ്ങള്‍ ഉപയോഗിക്കാറേയില്ല.

പഴവര്‍ഗങ്ങളും ചട്ടിയില്‍ വളര്‍ത്തുന്നുണ്ട്. മധുര അമ്പഴങ്ങ, മിറാക്കിള്‍ ഫ്രൂട്ട്, ആപ്പിള്‍ ചാമ്പ, ലോലോലിക്ക, നെല്ലി, മാതളം, സീതപ്പഴം, മുള്ളാത്ത എന്നിവയെല്ലാം ഈ വീട്ടിലുണ്ട്. വയലറ്റ് പാഷന്‍ഫ്രൂട്ട് ധാരാളം ഉണ്ടാകുന്നുണ്ട്.

മൂന്ന് പ്രാവശ്യം മുന്തിരിത്തൈകള്‍ നട്ടിട്ടും നശിച്ചുപോയിരുന്നുവെന്ന് ജലജ പറയുന്നു. സ്വന്തം മുറ്റത്ത് മുന്തിരി വളര്‍ത്തിയേ അടങ്ങൂവെന്ന വാശിയായിരുന്നു. എല്ലാവരും നിരുത്സാഹപ്പെടുത്തിയിട്ടും കൃഷിയോടുള്ള താല്‍പര്യം കാരണം പിന്‍മാറാതെ വീണ്ടും മുന്തിരിത്തൈകള്‍ വളര്‍ത്തിയ ജലജ അവസാനം വിജയിക്കുക തന്നെ ചെയ്തു. ഈ വർഷം മുതൽ ദിവസവും ഒരു മുന്തിരിക്കുലയെങ്കിലും ഈ വീട്ടില്‍ വിളവെടുക്കാന്‍ പാകമാറുണ്ട്.

'ഞാനും സഹോദരിയും ചേര്‍ന്ന് അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. രണ്ടുവീടുകളിലുമായാണ് ചെടി വളര്‍ത്തുന്നത്. ചെടിച്ചട്ടികള്‍ ഉണ്ടാക്കാനും മോടി പിടിപ്പിക്കാനും വെള്ളമൊഴിക്കാനുമൊക്കെ സഹോദരിയും സഹായിക്കാറുണ്ട്. ഇപ്പോള്‍ വരുന്ന ചെടികളെല്ലാം ഹൈബ്രിഡ് ചെടികളാണ്. ചാനലുകള്‍ വഴി എല്ലാവരും ചെടികളെക്കുറിച്ച് മനസിലാക്കുന്നുണ്ടല്ലോ. പടര്‍ന്നുവളരുന്ന ചെടികള്‍ വലിയ ഇഷ്ടമാണ്. ദിവസവും രാവിലെ എഴുന്നേറ്റാല്‍ ചെടികള്‍ക്കൊപ്പം ചിലവഴിക്കാറുണ്ട്. വേനല്‍ക്കാലത്ത് രാവിലെ വെള്ളമൊഴിച്ച ശേഷമാണ് ഷോപ്പിലേക്ക് പോകുന്നത്. വളപ്രയോഗം ഞായറാഴ്ച മാത്രമാണ് ചെയ്യുന്നത്.'

 

ചെടികള്‍ ആര്‍ക്കും വാങ്ങാന്‍ കഴിയും. പക്ഷേ നല്ലരീതിയില്‍ പരിചരിച്ചാല്‍ മാത്രമേ നിറയെ പൂക്കളും കായ്കളും തരികയുള്ളുവെന്നും പൂന്തോട്ടം നല്ല രീതിയില്‍ നിലനിര്‍ത്തുന്നത് എളുപ്പമല്ലെന്നും ജലജ ഓര്‍മിപ്പിക്കുന്നു. ഭര്‍ത്താവിന്റെ നല്ല പിന്തുണയും ഇതിന് പിന്നിലുണ്ടെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ഇത് ജലജയുടെ ഉപാസനയാണ്.