Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണില്‍ വില്‍ക്കാന്‍ കഴിയാത്തത് നാണ്യവിളകള്‍; ഇത് തോമസിന്റെ കൃഷിഭൂമിയില്‍ നിന്നുള്ള കാഴ്ച

കഴിഞ്ഞ രണ്ട് വര്‍ഷമായി വേനല്‍ക്കാലത്ത് ചെറിയ വരള്‍ച്ച ബാധിച്ച സ്ഥലമാണിത്. കൃഷി സ്ഥലത്തിന്റെ ഒരുവശം പുഴയാണ്. ഉരുള്‍പൊട്ടിയ വെള്ളം കയറി അര ഏക്കര്‍ സ്ഥലത്തെ വിളവ് നഷ്ടമായിട്ടുണ്ട്. അതിന് ശേഷം കൃഷിഭൂമി പുനര്‍ക്രമീകരണം നടത്തിയിരിക്കുകയാണ്.

success story of a farmer named thomas from malappuram
Author
Malappuram, First Published May 28, 2020, 11:26 AM IST

ജാതിയും കൊക്കോയും വാനിലയും വിളവെടുക്കുന്ന തോമസിന്‍റെ കൃഷിയിടത്തില്‍ വര്‍ഷത്തില്‍ പന്ത്രണ്ട് മാസവും കൃഷി തന്നെയാണ്. ഓര്‍മ വെച്ച കാലം മുതല്‍ കൃഷിക്കാരെ കണ്ടുവളര്‍ന്ന പാരമ്പര്യമാണ് ഇദ്ദേഹത്തിന്. മൊത്തം ഏഴര എക്കര്‍ സ്ഥലത്താണ് ഇവിടെ കൃഷി. മൂന്ന് ഏക്കറില്‍ റബ്ബറും ബാക്കിയുള്ള നാലര ഏക്കറില്‍ ബഹുവിളക്കൃഷിയുമായാണ് മുന്നോട്ട് പോകുന്നത്. ഇതില്‍ രണ്ടര ഏക്കര്‍ കമുകിന്‍തോട്ടമാണ്. പ്രധാന വിളയായി കമുക് കൃഷി ചെയ്യുമ്പോള്‍ ഇടവിളയായി ജാതി, കുരുമുളക്, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നു. കൃഷിസ്ഥലം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന് നമുക്ക് കാണിച്ചുതരുന്ന കര്‍ഷകനാണ് ഇദ്ദേഹം.

success story of a farmer named thomas from malappuram

 

മലപ്പുറം ജില്ലയില്‍ വെറ്റിലപ്പാറ സ്വദേശിയാണ് തോമസ്. ഒരു സ്ഥലത്ത് തന്നെ നാലോ അഞ്ചോ കൃഷി ചെയ്‍ത് പന്ത്രണ്ട് മാസവും വിളവെടുക്കുന്ന രീതിയാണിവിടെ. രണ്ട്  ഏക്കറില്‍ തെങ്ങ് ആണ് പ്രധാന വിളയായിട്ടുള്ളത്. ഇതിനിടയില്‍ ജാതി, കുരുമുളക്, കൊക്കോ, വാഴ എന്നിവയും കൃഷി ചെയ്യുന്നു. വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി പന്ത്രണ്ട് മാസവും കൃഷിയുണ്ട്.

success story of a farmer named thomas from malappuram

 

'കൃത്യമായ മണ്ണ്, ജല, സംരക്ഷണം നടത്തുകയെന്നതാണ് പ്രധാനം. ഒരു സ്ഥലത്ത് തന്നെ നാലോ അഞ്ചോ കൃഷി ചെയ്ത് വര്‍ഷം മുഴുവനും വിളവെടുക്കാനുള്ള സംവിധാനവും വേണം. കൃഷിയില്‍ നിന്നും കൃഷിയോടനുബന്ധിച്ചുള്ള തൊഴിലുകളില്‍ നിന്നും വരുന്ന പാഴ്‌വസ്തുക്കള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റാനുള്ള സംവിധാനമുണ്ടാക്കണം. മഴക്കാലമായാല്‍ വെള്ളപ്പൊക്കം, വേനല്‍ക്കാലമായാല്‍ വരള്‍ച്ച, മലിനീകരണം എന്നിവയ്ക്കുള്ള പരിഹാരമായി മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ നമുക്ക് കഴിയണം' തോമസ് വ്യക്തമാക്കുന്നു.

'ദീര്‍ഘകാല വിളകളായി ഞാന്‍ ചെയ്യുന്നത് നാണ്യവിളകളാണ്. ഈ സ്ഥലത്ത് തന്നെയാണ് വാഴ, ഇഞ്ചി, കപ്പ, ചേന, കാച്ചില്‍, ചേമ്പ് എന്നിവ കൃഷി ചെയ്യുന്നത്. മൂന്ന് മാസം കൊണ്ട് കൃഷി ചെയ്ത് വിളവെടുക്കുന്ന പച്ചക്കറികളുമാണ് ഇവിടെയുള്ളത്. ഈ മൂന്ന് കൃഷികളും ഒരു സ്ഥലത്ത് ഒരേസമയം ചെയ്താല്‍ മാത്രമേ കൃഷി ലാഭകരമാകൂ. അതായത് ഒരു കൃഷിഭൂമിയില്‍ നിന്ന് പരമാവധി ഉത്പാദനം നേടാന്‍ കര്‍ഷകന് കഴിയണം. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ദീര്‍ഘകാല വിളകളാണ് അനുയോജ്യം.  ഇവിടെ മലമ്പ്രദേശമാണ്. പാടത്ത് കൃഷി ചെയ്യുന്ന രീതിയിലല്ല മലമ്പ്രദേശത്ത് കൃഷി ചെയ്യുന്നത്.' ഓരോ പ്രദേശത്തിന്റെയും പ്രത്യേകത മനസിലാക്കി വേണം കൃഷിരീതി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഓര്‍മിപ്പിക്കുകയാണ് തോമസ്.

ലോക്ക്ഡൗണില്‍ നാണ്യവിളകള്‍ വില്‍പ്പന നടത്തിയില്ല

'വാഹനങ്ങള്‍ വരാത്തത് കാരണം ലോക്ക്ഡൗണില്‍ നാണ്യവിളകള്‍ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പറയുന്ന വിലയ്ക്ക് കൊടുത്തുതീര്‍ക്കുന്നത് നഷ്ടമാണ്. കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ഏപ്രില്‍-മെയ്. കാര്യമായി വില്‍പ്പന നടന്നിട്ടില്ല. പച്ചക്കറികളുടെ കച്ചവടം നടക്കുന്നുണ്ട്. ജാതിക്ക, കുരുമുളക് എന്നീ നാണ്യവിളകളാണ് വിപണിയിലെത്താതെ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ജാതിക്കയുടെ സീസണ്‍. രണ്ടു മാസത്തിലധികം സൂക്ഷിച്ചാല്‍ കേടായിപ്പോകും.' ലോക്ക്ഡൗണില്‍ വില്‍പ്പന നഷ്ടമായിരുന്നെന്ന് തോമസ് വിശദമാക്കുന്നു.

success story of a farmer named thomas from malappuram

 

'200 ജാതിമരങ്ങളില്‍ നിന്ന് കായകളുണ്ടാകുന്നുണ്ട്. ഏപ്രില്‍-മെയ് മാസങ്ങളില്‍ എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും 50 ശതമാനം വീതം ചേര്‍ത്ത് യോജിപ്പിച്ച് മൂന്ന് കിലോ വീതം ഓരോ മരത്തിനും നല്‍കും. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ രാസവളം നല്‍കും. പിന്നെ പന്ത്രണ്ട് മാസങ്ങളിലും ചാണകവെള്ളം പൈപ്പ് വഴി എല്ലാ മരത്തിനും നല്‍കാനുള്ള സംവിധാനവും ഉണ്ട്.' തോമസ് ജാതിക്കൃഷിയെക്കുറിച്ച് വിശദമാക്കുന്നു. ഒരു ജാതി വെച്ചാല്‍ 30 അടി അകലത്തില്‍ മാത്രമേ അടുത്ത തൈ നടാവൂ. വളരെ അടുപ്പിച്ച് കുഴിച്ചിട്ട് വളര്‍ത്തുന്ന തൈകളാണ് പൊക്കത്തില്‍ വളര്‍ന്ന് പോകുന്നതും വിളവുണ്ടാകാന്‍ കാലതാമസം നേരിടുന്നതുമെന്ന് തോമസ് പറയുന്നു.

success story of a farmer named thomas from malappuram

 

കഴിഞ്ഞ രണ്ട് വര്‍ഷമായി വേനല്‍ക്കാലത്ത് ചെറിയ വരള്‍ച്ച ബാധിച്ച സ്ഥലമാണിത്. കൃഷി സ്ഥലത്തിന്റെ ഒരുവശം പുഴയാണ്. ഉരുള്‍പൊട്ടിയ വെള്ളം കയറി അര ഏക്കര്‍ സ്ഥലത്തെ വിളവ് നഷ്ടമായിട്ടുണ്ട്. അതിന് ശേഷം കൃഷിഭൂമി പുനര്‍ക്രമീകരണം നടത്തിയിരിക്കുകയാണ്.

'വാനിലയ്ക്ക് മുന്‍കാലത്ത് നല്ല വിളവുണ്ടായിരുന്നു. ഇടക്കാലത്ത് കേട് വന്ന് വിളവ് നശിച്ചും വിലയിടിവ് ഉണ്ടായി. ഇപ്പോള്‍ വീണ്ടും വില കൂടുന്നുണ്ട്. കര്‍ണാടകയിലെ സംസ്‌കരണ കേന്ദ്രങ്ങളില്‍ നിന്നും വാഹനത്തില്‍ വന്ന് വാനില കൊണ്ട് പോകുകയാണ് ചെയ്യുന്നത്. വാനിലക്കൃഷിയുടെ പ്രത്യേകതയായി കാണുന്നത് ഇടവിളക്കൃഷിയായി ചെയ്യാമെന്നതാണ്. ഏത്ര ചെറിയ അളവിലും കൃഷി ചെയ്യാം. പണച്ചെലവ് കുറവും വളരെ ശ്രദ്ധ ആവശ്യവുമുള്ള കൃഷിയാണിത്. വളരെ എളുപ്പത്തില്‍ ചെയ്യാം.' വാനിലക്കൃഷിയുടെ പ്രത്യേകതകള്‍ വിശദമാക്കുകയാണ് തോമസ്.

ഒരു പ്രാവശ്യം കൃഷി ചെയ്താല്‍ വളരെക്കാലത്തോളം വിളവെടുക്കാന്‍ പറ്റുന്ന ദീര്‍ഘകാല വിളകളിലാണ് ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നത്. 'വിത്ത് പാകി തൈ മുളപ്പിച്ചാണ് കൊക്കോ വളര്‍ത്തുന്നത്. കൊല്ലത്തില്‍ മൂന്ന് പ്രാവശ്യം കൃത്യമായി വളമിടണം. നനയ്ക്കുകയും പ്രൂണിങ്ങ് നടത്തുകയും വേണം. നന്നായി ശ്രദ്ധിച്ചു തന്നെ കൃഷി ചെയ്യണം.'

ജൈവവളം മാത്രം പോര

ജൈവവളം മാത്രം ചെയ്ത് ഉത്പാദനമുണ്ടാക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് തോമസ് അനുഭവത്തില്‍ നിന്ന് വ്യക്തമാക്കുന്നു. 'ഒരു വിളയ്ക്കാവശ്യമായ മൂലകങ്ങള്‍ മണ്ണിന് ലഭ്യമാക്കണമെങ്കില്‍ ജൈവവളത്തിനൊപ്പം രാസവളവും കൂടി നല്‍കണം. ജൈവവളപ്രയോഗം അനിവാര്യമാണ്. മണ്ണ്, വെള്ളം, വായു, സൂര്യപ്രകാശം എന്നിവയെ സംരക്ഷിക്കുകയും ഉത്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുകയെന്നതാണ് ജൈവകൃഷി. അതേസമയം കൃത്യമായ അളവില്‍ രാസവളവും നല്‍കിയാല്‍ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ.'

success story of a farmer named thomas from malappuram

മാറിയ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കൃഷിയുടെ പുതിയ രീതികള്‍ അവലംബിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കര്‍ഷകന്‍. 'ഓരോ സ്ഥലത്തും പെയ്യുന്ന മഴവെള്ളം ഒലിച്ചുപോകാതെ വെള്ളം ഭൂമിക്കടിയിലേക്ക് താഴ്ത്തണം. മണ്ണ് ഒലിച്ചുപോയാല്‍ ജൈവാംശം നഷ്ടപ്പെടും. മണ്ണൊലിപ്പിലാണ് വളക്കൂറ് മുഴുവന്‍ നഷ്ടപ്പെടുന്നത്. ചെരിവായുള്ള ഭൂമികള്‍ മുഴുവന്‍ നിരപ്പാക്കി കൃഷി പുനര്‍ക്രമീകരണം നടത്തണം. വര്‍ഷങ്ങളുടെ ശ്രമവും ഭാരിച്ച മുതല്‍ മുടക്കും ഉണ്ടെങ്കില്‍ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കൃഷി ലാഭകരമാക്കാം. പഴയ പരമ്പരാഗത രീതി അനുസരിച്ച് ഇനി ഒരിക്കലും കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.'

എല്ലാ വിളകളെയും ബാധിക്കുന്ന കീടങ്ങളുണ്ട്. കീടനാശിനികള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ മാത്രകളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ കൃഷി ചെയ്യുന്നതാണ് ഇന്നത്തെ കാലത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ തോമസ് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios