Asianet News MalayalamAsianet News Malayalam

ഈച്ചയെയും ചെള്ളിനെയും കീടങ്ങളെയും അകറ്റാന്‍ ഈ ചെടികള്‍ മതി, വീട്ടില്‍ത്തന്നെ വളര്‍ത്താം

യൂക്കാലിപ്റ്റസ്, വെളുത്തുള്ളി, ചെണ്ടുമല്ലി, ഇഞ്ചിപ്പുല്ല്, കൃഷ്ണതുളസി, കര്‍പ്പൂരതുളസി, ജമന്തി, റോസ്‌മേരി എന്നിവയെല്ലാം തോട്ടത്തില്‍ വളര്‍ത്തിയാല്‍ കീടങ്ങളെ അകറ്റാനുള്ള ജൈവികമാര്‍ഗവും കൂടിയാകും.
 

these plants helps to fight against fleas and ticks
Author
Thiruvananthapuram, First Published Jun 1, 2020, 11:25 AM IST

ചില ചെടികള്‍ കീടങ്ങളെ തുരത്താന്‍ യോജിച്ചതാണ്. പലയിനത്തില്‍പ്പെട്ട ചെള്ളുകളും കീടങ്ങളും നിങ്ങളുടെ ചെടികള്‍ക്കു മാത്രമല്ല, വളര്‍ത്തുമൃഗങ്ങളെയും അസ്വസ്ഥരാക്കുന്നു. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ഇവയെ പ്രതിരോധിക്കാനുള്ള വിദ്യ നിങ്ങളുടെ തോട്ടത്തില്‍ത്തന്നെയുണ്ട്. ചിലയിനം ചെടികള്‍ക്ക് കീടങ്ങളെ തുരത്താനുള്ള മണവും ഗുണവും പ്രകൃതി തന്നെ നല്‍കിയിട്ടുണ്ട്.

പുതിനയിലയ്ക്ക് പെട്ടെന്ന് മൂക്കില്‍ തുളച്ചുകയറുന്നതും ഉത്തേജിപ്പിക്കുന്നതുമായ ഗന്ധമുള്ളതുകൊണ്ട് ചായ ഉണ്ടാക്കാനും സലാഡുകളിലും ഉപയോഗിക്കുന്നുണ്ട്. ചില പ്രാണികള്‍ക്ക് പുതിനയിലയുടെ മണം ഇഷ്ടമല്ല. അതായത് കീടങ്ങളെ പ്രതിരോധിക്കാനുള്ള ജൈവായുധമായി പുതിനച്ചെടി ഉപയോഗിക്കാമെന്ന് ചുരുക്കം.

പുതിനയിലെ ഇനങ്ങളായ പെപ്പര്‍മിന്റ്, സ്പിയര്‍മിന്റ് എന്നിവയ്ക്കാണ് കീടങ്ങളെ തുരത്താനുള്ള കഴിവുള്ളത്. കൊതുക്, ഈച്ച, ചിലന്തി എന്നിവയെ അകറ്റാന്‍ ഇതുമതി. പെന്നിറോയല്‍ മിന്റ് എന്ന മറ്റൊരിനത്തിന് ചെള്ളുകളെ തുരത്താനുള്ള കഴിവുണ്ട്.

പെപ്പന്‍മിന്റിന്റെയോ സ്പിയര്‍മിന്റിന്റെയോ ഇലകള്‍ നിങ്ങളുടെ കൈകളിലിട്ട് ഉരസിയാല്‍ തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അല്‍പം പ്രതിരോധത്തിന് നല്ലതാണ്.

യൂക്കാലിപ്റ്റസ്, വെളുത്തുള്ളി, ചെണ്ടുമല്ലി, ഇഞ്ചിപ്പുല്ല്, കൃഷ്ണതുളസി, കര്‍പ്പൂരതുളസി, ജമന്തി, റോസ്‌മേരി എന്നിവയെല്ലാം തോട്ടത്തില്‍ വളര്‍ത്തിയാല്‍ കീടങ്ങളെ അകറ്റാനുള്ള ജൈവികമാര്‍ഗവും കൂടിയാകും.

കീടനിയന്ത്രണത്തിന് ഹരിത കഷായം

ആടലോടകം, കരിനൊച്ചി, ആര്യവേപ്പ്, കാഞ്ഞിരം, കിരിയാത്ത്, പച്ചക്കര്‍പ്പൂരം, കൊങ്ങിണി, പപ്പായ, ശീമക്കൊന്ന, പെരുവലം, കൂവളം, അരളി എന്നിങ്ങനെ കീടങ്ങള്‍ ആക്രമിക്കാത്ത സസ്യങ്ങളുടെ ഇലകളാണ് കഷായക്കൂട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പത്ത് സസ്യങ്ങളുടെ ഇലകളുടെ തണ്ടുകളും 20 കിലോ ചെറിയ കഷണങ്ങളാക്കി വെക്കുക. പുല്ല് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ പാടില്ല. പൊട്ടിച്ചാല്‍ വെളുത്ത പാലുപോലെ ദ്രാവകം വരുന്നതുമായ സസ്യങ്ങളും പാടില്ല.

നാടന്‍ പശുവിന്റെ ചാണകം 10 കിലോഗ്രാം, മുളപ്പിച്ച വന്‍പയര്‍ 2 കി.ഗ്രാം, കറുത്ത വെല്ലം 3 കിലോ എന്നിവയും തയ്യാറാക്കി വെക്കുക. 200 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാരല്‍ വെയില്‍ ഇല്ലാത്ത സ്ഥലത്ത് വെച്ച് പച്ചച്ചാണകം ഇത്തിരി നിറയ്ക്കുക. ഇതിന്റെ മുകളില്‍ മൂന്ന് പിടിയോളം അരിഞ്ഞുവെച്ചിരിക്കുന്ന ഇലകളും അതിനുശേഷം മുളപ്പിച്ച വന്‍പയറും പൊടിച്ച വെല്ലവും വിതറണം. ഇങ്ങനെ ഓരോതവണയും അടുക്കുകളായി വിതറുക. അങ്ങനെ ഡ്രം നിറയ്ക്കണം.

ഏറ്റവും ഒടുവിലായി 100 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. 10 ദിവസത്തോളം അടച്ചുവെക്കുക. ഓരോ ദിവസവും രാവിലെ പത്ത് പ്രാവശ്യം ഇളക്കണം. രണ്ടാഴ്ച കഴിഞ്ഞ് അരിച്ചെടുത്താല്‍ ഹരിതകഷായം തയ്യാര്‍. 100 മി.ലി ഹരിതകഷായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇലകളിലാണ് തളിക്കുന്നതെങ്കില്‍ അന്‍പത് മില്ലി ലിറ്റര്‍ മാത്രം മതി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കാന്‍.

Follow Us:
Download App:
  • android
  • ios