Asianet News Malayalam

ഇത് അല്‍പം എരിവുള്ള കാര്യമാണ്; മുളക് ചില്ലറക്കാരനല്ല, ചില മുളക് വിശേഷങ്ങള്‍

മുളക് വിത്ത് വിതയ്ക്കുന്നത് സാധാരണ ജൂലായ് മാസത്തിലാണ്. ഖാരിഫ് വിളയായാണ് ഇത് കൃഷി ചെയ്യാറുള്ളത്. ബീജാമൃതം, അമൃത് പാനി, പഞ്ചഗവ്യം അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത് പാകപ്പെടുത്തിയ മുളക് വിത്ത് നല്ല ആരോഗ്യത്തോടെ വളരും.

types of chilly and other chilly things
Author
Thiruvananthapuram, First Published May 20, 2020, 8:40 AM IST
  • Facebook
  • Twitter
  • Whatsapp

മുളകിന്റെ ഒരു തരി പോലുമില്ലാതെ നമ്മുടെ ഭക്ഷണത്തിന് ഉദ്ദേശിച്ച രുചി കിട്ടുമോ? ചട്‌നിയും അച്ചാറും മീന്‍കറിയും ഇറച്ചിക്കറിയുമെല്ലാം മുളകിന്റെ പ്രാധാന്യം മനസിലാക്കിത്തരുന്ന ഭക്ഷണപദാര്‍ഥങ്ങളാണ്. എരിവ് ആഹാരത്തിന്റെ ഭാഗമായി മാറിയതുകൊണ്ടുതന്നെ മുളകിലെ വിവിധ ഇനങ്ങളെപ്പറ്റി അറിയുന്നത് കൗതുകമുള്ള കാര്യമാണ്.

 

ഇന്ത്യയില്‍ മുളകിന്റെ പ്രധാന ഉത്പാദകരാണ് ആന്ധ്രപ്രദേശ്. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും വന്‍തോതില്‍ മുളക് കൃഷിയുണ്ട്. നിരവധി ഇനങ്ങളിലുള്ള മുളകുകളുണ്ട്. ഇവ ഓരോന്നും നിറത്തിലും മണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്‌പൈസസ് ബോര്‍ഡ് 18 വ്യത്യസ്ത ഇനത്തിലുള്ള മുളകുകള്‍ ഇന്ത്യയിലൊട്ടാകെ കണ്ടെത്തിയിട്ടുണ്ട്.

മിക്കവാറും എല്ലാ രാജ്യങ്ങളിലും മുളക് വളരും. ലോകമൊട്ടാകെയുള്ള കണക്കെടുത്താല്‍ 400 വ്യത്യസ്ത ഇനം മുളകുകളുണ്ട്. ഹോട്ട് പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

മുളക് വളരാനാവശ്യമായത് 5.8 നും 6.5 നും ഇടയിലുള്ള പി.എച്ച് മൂല്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് വേണ്ടത്. വെള്ളം കെട്ടിനില്‍ക്കുന്നതും ഈര്‍പ്പം കൂടുതലുള്ളതുമായ മണ്ണില്‍ മുളക് തൈകള്‍ നശിച്ചുപോകും. വേനല്‍ക്കാലത്ത് അഞ്ചോ ആറോ ദിവസത്തിന്റെ ഇടവേളയിലും തണുപ്പുകാലത്ത് 10 ദിവസത്തിന്റെ ഇടവേളയിലുമാണ് നനയ്ക്കുന്നത്. കളിമണ്ണ് അടങ്ങിയ മണ്ണിനേക്കാള്‍ മണല്‍ കലര്‍ന്ന മണ്ണില്‍ കൂടുതല്‍ വെള്ളം ആവശ്യമായി വരും. വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ണിന്റെ പി.എച്ച് മൂല്യം മനസിലാക്കുകയും കാര്‍ബണ്‍, മാക്രോന്യൂട്രിയന്റ്‌സ്, മൈക്രോന്യൂട്രിയന്റ്‌സ്  എന്നിവയുടെ അളവ് കണക്കാക്കുകയും വേണം.

 

മുളക് വിത്ത് വിതയ്ക്കുന്നത് സാധാരണ ജൂലായ് മാസത്തിലാണ്. ഖാരിഫ് വിളയായാണ് ഇത് കൃഷി ചെയ്യാറുള്ളത്. ബീജാമൃതം, അമൃത് പാനി, പഞ്ചഗവ്യം അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത് പാകപ്പെടുത്തിയ മുളക് വിത്ത് നല്ല ആരോഗ്യത്തോടെ വളരും.

മുളക് വിത്ത് വിതച്ച് പറിച്ചുനടാനാകുമ്പോളാണ് ഒന്നാംഘട്ട ജലസേചനം നടത്തുന്നത്. ആഴ്ചയിലൊരിക്കല്‍ പിന്നീടുള്ള ദിവസങ്ങളില്‍ നനയ്ക്കണം. കാലാവസ്ഥയും മണ്ണിലെ ഈര്‍പ്പവും കണക്കാക്കിയാണ് നനയ്ക്കുന്ന കാലാവധി മനസിലാക്കുന്നത്.

വ്യത്യസ്ത ഇനങ്ങളും വളരുന്ന സാഹചര്യവും അനുസരിച്ച് ഒരു ഏക്കറില്‍ നിന്ന് 30 മുതല്‍ 40 ക്വിന്റല്‍ വരെ വിളവ് ലഭിക്കും.

 

നാഗാലാന്റില്‍ നിന്നും നാഗാ മുളക്

ചെറുതും നല്ല എരിവുള്ളതുമായ മുളകാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്. ഇംഗ്ലണ്ടില്‍ ഉണ്ടാക്കിയ ഹൈബ്രിഡ് ഇനമാണ് നാഗാ വെപ്പര്‍ പെപ്പര്‍. നാഗാ മോറിച്ച് എന്ന നാഗാ മുളകും എരിവില്‍ രാജാവായ ഭൂത് ജൊലോക്കിയയും ചേര്‍ത്താണ് ഈ മുളക് സൃഷ്ടിച്ചത്.

ക്യാപ്‌സിക്കം ചിനെന്‍സ് എന്ന വര്‍ഗത്തില്‍പ്പെട്ട നാഗാ മുളക് ലോകത്തിലെ ഏറ്റവും എരിവുള്ള പത്ത് മുളകുകളില്‍ ഉള്‍പ്പെടുന്നു. മുളക് ചെടി സാധാരണ 80 സെ.മീ ഉയരത്തില്‍ വളരും. ഒമ്പത് മാസം കൊണ്ടാണ് വിത്ത് വിതച്ച് വിളവെടുക്കുന്നത്.

ചുവപ്പിന്റെ സൗന്ദര്യമുള്ള കാശ്മീരി മുളക്

ചുവപ്പ് നിറം ഏറ്റവും കൂടുതലുള്ളത് കാശ്മീരി മുളകിനാണ്. പല കറികള്‍ക്കും കൊതിപ്പിക്കുന്ന നിറം നല്‍കാന്‍ ഇന്ത്യയിലെ ഭക്ഷണപ്രേമികള്‍ ആശ്രയിക്കുന്നത് കാശ്മീരി മുളക് തന്നെ. കാശ്മീരിലെ തണുത്ത പ്രദേശങ്ങളിലാണ് ഈ മുളക് ഉത്പാദിപ്പിക്കുന്നത്.

 

ആന്ധ്രക്കാരുടെ ഗുണ്ടൂര്‍ മുളക്

എരിവുള്ള പാചകവിധികളാല്‍ പ്രസിദ്ധമാണ് ആന്ധ്ര. ഗുണ്ടൂര്‍ ജില്ലയില്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഗുണ്ടൂര്‍ മുളകാണ് വിഭവങ്ങള്‍ക്ക് എരിവ് പകരുന്നത്. മധ്യപ്രദേശിലും കൃഷി ചെയ്യുന്ന ഗുണ്ടൂര്‍ സന്നം എന്ന ഇനം ഇതേ മുളകിന്റെ മറ്റൊരിനമാണ്. ലാറ്റിന്‍ അമേരിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും ഈ മുളക് കയറ്റി അയക്കുന്നു.

ഗുജറാത്തിന്റെ ജ്വാല മുളക്

നല്ല മണമുള്ള ഈ മുളക് വിപണിയില്‍ വര്‍ഷം മുഴുവനും വില്‍ക്കപ്പെടുന്നു. ഗുജറാത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് ഈ മുളക് കൃഷി ചെയ്യുന്നത്. നല്ല നീളമുള്ളതാണ് ഈ മുളക്. പച്ചനിറമുള്ള മുളക് പൂര്‍ണവളര്‍ച്ചയെത്തിയാല്‍ മനോഹരമായ തിളങ്ങുന്ന ചുവപ്പ് നിറമാകും.

കേരളത്തിന്റെ സ്വന്തം കാന്താരി

ബേര്‍ഡ്‌സ് ഐ ചില്ലി, ധാനി എന്നൊക്കെ അറിയപ്പെടുന്ന കാന്താരിമുളക് പ്രത്യേക മണത്താല്‍ തന്നെ ശ്രദ്ധ നേടുന്ന താരമാണ്. മേഘാലയയിലും കുറച്ച് ഏഷ്യന്‍ രാജ്യങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. ഒന്ന് കടിച്ചാല്‍ കണ്ണില്‍ വെള്ളം നിറയുമെന്നുറപ്പ്. കൊല്‍ക്കത്തയിലെ വിപണിയില്‍ കാന്താരിമുളക് ധാരാളം വില്‍ക്കുന്നുണ്ട്. മിസോറാം, മണിപ്പൂരിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കാന്താരി മുളക് വളരുന്നു.

 

തമിഴ്‌നാടിന്റെ മുണ്ടു മുളക്

ഉരുണ്ട ആകൃതിയുള്ള മുളകാണിത്. തമിഴ്‌നാടിലെ രാമ്‌നദ് എന്ന പ്രദേശത്താണ് കൃഷി ചെയ്യുന്നത്. രാമ്‌നദ് റെഡ് മുണ്ടു ചില്ലി എന്നും ഇതിന് പേരുണ്ട്. നല്ല മണവും എരിവുമുള്ള മുളകാണിത്.

ബംഗളൂരുവിലെ ടോര്‍പിഡോ മുളക്

നീളമുള്ള ഈ മുളക് ഏറ്റവും എരിവുള്ള ഇനത്തില്‍പ്പെട്ടതാണ്. 13 സെ.മീ നീളത്തില്‍ വളഞ്ഞ് പുളഞ്ഞ് വളരും.

Follow Us:
Download App:
  • android
  • ios