മുന്തിരി കേരളത്തിലും വളര്‍ത്താമെന്ന് തെളിയിച്ച നിരവധി കര്‍ഷകരുണ്ട്. ഈ അടുത്ത കാലത്ത് മലപ്പുറം ജില്ലയില്‍ വേങ്ങര എന്ന സ്ഥലത്ത് റോസ് നിറമുള്ള മുന്തിരികള്‍ വിളഞ്ഞ് പഴുത്തിരുന്നു. താരതമ്യേന തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന മുന്തിരിച്ചെടികളില്‍ നിരവധി ഇനങ്ങളുണ്ട്. ചില മുന്തിരിവിശേഷങ്ങള്‍ അറിയാം.

വ്യത്യസ്ത ഇനങ്ങളെ അറിയാം

 

ബീറ്റാ - നല്ല പര്‍പ്പിള്‍ നിറത്തിലുള്ള ഹൈബ്രിഡ് ഇനമാണിത്. ജാം നിര്‍മിക്കാനും ജ്യൂസ് നിര്‍മിക്കാനും നല്ലതാണ്. പക്ഷേ വൈനുണ്ടാക്കാന്‍ പറ്റുന്നതല്ല.

ബ്ലൂബെല്‍- രോഗപ്രതിരോധ ശേഷിയുള്ളതാണ്. ജ്യൂസും ജെല്ലിയും ഉണ്ടാക്കാന്‍ നല്ലതാണ്.

എഡെല്‍വീസ്- വളരെ കട്ടിയുള്ള വെളുത്ത മുന്തിരിയാണിത്. മഞ്ഞ നിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമായ മുന്തിരിപ്പഴങ്ങളുണ്ടാകും. ഇത് വൈന്‍ ഉണ്ടാക്കാന്‍ പറ്റുന്നയിനമാണ്.

ഫ്രണ്ടെനാക്- വളരെ ചെറിയ പഴങ്ങളുടെ കുലകളാണ് ഇതിന്റെ പ്രത്യേകത. വൈന്‍ ഉണ്ടാക്കാന്‍ നിര്‍മിക്കുന്നു. നല്ല രുചികരമായ ജാമും ഇതുപയോഗിച്ച് നിര്‍മിക്കാം.

കേ ഗ്രേ- തണുപ്പില്‍ അതിജീവിക്കാന്‍ ചില സംവിധാനങ്ങള്‍ ഒരുക്കണം. ഉത്പാദനത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലാണ് ഇത്തരം മുന്തിരിയിനം.

കിങ്ങ് ഓഫ് നോര്‍ത്ത്- നീല നിറത്തിലുള്ള മുന്തിരിപ്പഴങ്ങള്‍ ഉണ്ടാകുന്നു. ജ്യൂസ് നിര്‍മിക്കാന്‍ നല്ലതാണ്.

മിന്നെസോട്ട 78 - ഹൈബ്രിഡ് ഇനമാണ്. നീല മുന്തിരി ജ്യൂസും ജാമും ഉണ്ടാക്കാന്‍ അനുയോജ്യമാണ്.

സോമര്‍സെറ്റ് - വെള്ള നിറമുള്ള കുരുവില്ലാത്ത ഇനമാണ് ഇത്. തണുപ്പിനെ ഏറ്റവും നന്നായി അതിജീവിക്കാന്‍ കരുത്തുള്ള  മുന്തിരിയിനമാണിത്.

സ്വെന്‍സണ്‍ റെഡ്- സ്‌ട്രോബെറിയുടെ മണമുള്ള മുന്തിരിയാണിത്.  

വരള്‍ച്ചയിലും മുന്തിരി വിളയിച്ചവര്‍

മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശമായ മറാത്ത് വാഡയിലെ മുന്തിരിത്തോട്ടങ്ങളില്‍ നൂറുമേനി വിളയിച്ച് വിജയം കണ്ടെത്തിയ ചിലരുണ്ട്. കഡ്വാഞ്ചി എന്ന സ്ഥലത്ത് പണ്ഡിറ്റ് വി. വസ്രെ എന്ന അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറുടെ നേതൃത്തിലാണ് മുന്തിരിപ്പഴങ്ങളുടെ പറുദീസ തീര്‍ത്തത്. സുസ്ഥിരമായ വിളവ് നല്‍കാന്‍ കഴിയുന്ന വിളയാണ് മുന്തിരിയെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചതാണ് ഇവരുടെ വിജയം. പണ്ഡിറ്റ് വസ്രെ പറയുന്നത് വെള്ളം അധികം ആവശ്യമില്ലാതെ തന്നെ പഴങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ളവയാണ് മുന്തിരിച്ചെടികളെന്നാണ്.

1972 മുതല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ച ഇവരെ നിരവധി കര്‍ഷകരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിക്കളഞ്ഞു. വെള്ളത്തിനും ഭക്ഷണത്തിനുമായി പലരും ഗ്രാമങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. പണ്ഡിറ്റ് വസ്രെ വെള്ളം ശേഖരിച്ച് വെക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നു. മഴവെള്ളത്തിന്റെ ഓരോ തുള്ളിയും ശേഖരിച്ച് സംരക്ഷിക്കാനായി മഴക്കുഴികളെടുക്കാന്‍ ഇദ്ദേഹം പറയുന്നുണ്ട്. ലഭ്യമായ ഓരോ ചെറുഭൂമിയിലും ചെടികളും മരങ്ങളും നട്ടുവളര്‍ത്തണം.

 

കൃഷിയില്‍ വിജയം നേടാനുള്ള മാര്‍ഗങ്ങള്‍ ഇവര്‍ പറഞ്ഞുതരുന്നുണ്ട്. മുന്തിരിക്കൃഷിയില്‍ വെള്ളം വളരെ കുറഞ്ഞരീതിയില്‍ മാത്രം ഉപയോഗിക്കാനായി തുള്ളിനന പ്രയോജനപ്പെടുത്താനാണ് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നത്. അതുപോലെ ഓരോ ചെടിയുടെയും വേരുകള്‍ മൂടിവെച്ച് അനാവശ്യമായി വെള്ളം ബാഷ്പീകരിച്ച് പോകുന്നത് തടയണം.

കൃഷിത്തോട്ടത്തിനായി ഇവര്‍ വലിയ കുളം കുഴിച്ച് വെള്ളം ശേഖരിച്ച് വെക്കാറുണ്ട്. വേനല്‍ക്കാലത്ത് വെള്ളം വറ്റിപ്പോകുമെങ്കിലും ഇവര്‍ക്ക് വരള്‍ച്ച മറികടക്കാന്‍ കഴിയുന്നത് മാര്‍ച്ച് മാസത്തിന് മുമ്പ് ഈ കുളത്തിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാതെ മാറ്റിവെക്കുന്നത് കൊണ്ടാണ്. ഭൂഗര്‍ഭജലമാണ് അതുവരെ ഉപയോഗിക്കുന്നത്.

 

വെള്ളം എങ്ങനെ വളരെ പരിമിതമായി മാത്രം ഉപയോഗപ്പെടുത്തി കൃഷി ചെയ്യാമെന്ന് ചിന്തിച്ചതിന്റെ ഫലമായാണ് മുന്തിരിക്കൃഷി തിരഞ്ഞെടുത്തത്. വെറുതെ കൃഷി ചെയ്താല്‍ മാത്രം പോരാ, വരുമാനം കൂടി നേടണമെന്ന ആവശ്യവും കൂടി കണക്കിലെടുത്താണ്  വൈന്‍ നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മുന്തിരിപ്പഴങ്ങളിലേക്ക് തിരിഞ്ഞത്. ആദ്യം സാധാരണ മുന്തിരിപ്പഴങ്ങള്‍ കൃഷി ചെയ്ത് വിജയം കണ്ടതോടെ വൈന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയും ഇവര്‍ പരീക്ഷിക്കുകയായിരുന്നു. 100 ഏക്കറില്‍ കൂടുതല്‍ സ്ഥലത്ത് ഇത്തരം മുന്തിരികള്‍ കൃഷി ചെയ്തു.