ബാല്‍ക്കണിയില്‍ അത്യാവശ്യത്തിനുള്ള പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയെന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. കൃഷിസ്ഥലത്ത് മണ്ണ് ഉഴുതുമറിച്ച് വളമിട്ട് വളര്‍ത്തുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ബാല്‍ക്കണിയിലെ ഇത്തിരിപ്പോന്ന സ്ഥലത്ത് മനോഹരമായി വളര്‍ത്തി വിളവെടുക്കാം. അതുകൂടാതെ മനുഷ്യാധ്വാനവും യന്ത്രങ്ങളുടെ ഉപയോഗവും കാര്യമായി കുറച്ചുകൊണ്ടുതന്നെ കൃഷി ചെയ്യാവുന്ന സംവിധാനവും ബാല്‍ക്കണി ഗാര്‍ഡന്‍ എന്ന ആശയത്തിലൂടെ നടപ്പിലാക്കാം.

നമ്മള്‍ പരമ്പരാഗതമായ രീതിയില്‍ ഉഴുതുമറിച്ച് കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന വെള്ളത്തിന്റെ ഉപയോഗം ഇവിടെ 88 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയും. അതുപോലെ വളപ്രയോഗവും 50 ശതമാനത്തോളം കുറച്ച് നല്ല വിളവുണ്ടാക്കാം.

ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങ് ആണ് ബാല്‍ക്കണികളില്‍ കൂടുതല്‍ അഭികാമ്യം. മണ്ണിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചെടികളുടെ വേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങാനും കൂടുതല്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനും ഈ രീതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ട് കഴിയും. അടുക്കളയിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളുമെല്ലാം ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിച്ച് ചെടികള്‍ക്ക് വളമാക്കാം. ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങില്‍ രണ്ടു വ്യത്യസ്ത തരം വളര്‍ച്ചാ സ്വഭാവം കാണിക്കുന്ന പച്ചക്കറികള്‍ ഒരുമിച്ച് നടാവുന്നതാണ്. മണ്ണില്‍ പടര്‍ന്നു വളരുന്ന പോലത്തെ ഇലവര്‍ഗങ്ങളും കുറ്റിച്ചെടിയായി വളരുന്നവയും യോജിപ്പിച്ച് വളര്‍ത്തിയാല്‍ രണ്ടിന്റെയും വളര്‍ച്ചയില്‍ തടസങ്ങള്‍ ഉണ്ടാകില്ല. ഒരു ചെടി മാത്രമായി വളര്‍ത്താതെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ കൃഷി ചെയ്യുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

തക്കാളി, വഴുതന, റാഡിഷ്, ബീന്‍സ് എന്നിവയെല്ലാം ഇങ്ങനെ വളര്‍ത്താവുന്നതാണ്. പാത്രങ്ങളില്‍ വളര്‍ത്തുന്ന പച്ചക്കറികളാണ് അപ്പാര്‍ട്ട്‌മെന്റുകളില്‍ കൂടുതല്‍ കണ്ടുവരുന്നത്. ഏതുതരത്തിലുള്ള പാത്രങ്ങളും തെരഞ്ഞെടുക്കാം. നല്ല രീതിയില്‍ വെള്ളം പുറത്ത് കളയാന്‍ കഴിവുള്ള പാത്രങ്ങളായിരിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാല്‍ക്കണിയില്‍ പച്ചക്കറികള്‍ വളര്‍ത്തുമ്പോള്‍ പോട്ടിങ്ങ് മിശ്രിതത്തില്‍ മണ്ണിന് പകരം പീറ്റ് മോസ്, വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ്, മരത്തിന്റെ ചെറിയ ചീളുകള്‍, നീര്‍വാര്‍ച്ച ഉറപ്പാക്കുന്ന തരത്തിലുള്ള ചെറിയ കല്ലുകള്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.

ബാല്‍ക്കണിയില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ മറക്കരുത്. ധാരാളം സൂര്യപ്രകാശവും ഈര്‍പ്പവും നിലനിര്‍ത്താന്‍ കഴിയുന്നിടത്ത് വിളവും നന്നായി ലഭിക്കും. പഴുത്ത് വീഴാന്‍ തുടങ്ങുന്നതിന് മുമ്പേ വിളവെടുക്കാനും ശ്രദ്ധിക്കണം.

വേര് നന്നായി വളരാനാവശ്യമുള്ള സ്ഥലമുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ പോട്ടിങ്ങ് മിശ്രിതം നിറച്ച് പച്ചക്കറികള്‍ വളര്‍ത്താവൂ.