വീട്ടിനകത്ത് ചെടികള്‍ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്ക് പലപ്പോഴും സ്ഥലപരിമിതിയായിരിക്കും വലിയ പ്രശ്‌നം. എന്നാല്‍, എത്ര ചെറിയ വീടായാലും പരമാവധി ഭംഗിയായി സ്ഥലം പ്രയോജനപ്പെടുത്തി നല്ലൊരു തോട്ടം തന്നെ വീട്ടില്‍ നിര്‍മിക്കാം. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പച്ചക്കറികള്‍ ഉണ്ടാക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്റ് വളര്‍ത്താനുള്ള വ്യത്യസ്‍തമായ ഒരു മാര്‍ഗമാണിത്. പക്ഷേ, അത്ര എളുപ്പമുള്ള പണിയല്ല കേട്ടോ.

ചുമരിലേക്ക് താങ്ങ് കൊടുത്ത് ചെടികള്‍ വളര്‍ത്തുന്ന രീതിയാണിത്. ഒരു പ്ലൈവുഡ് ഷീറ്റ് ചുവരില്‍ ചേര്‍ത്ത് വെച്ച് നിങ്ങളുടെ നല്ല ഭംഗിയുള്ള ചുവരുകള്‍ക്ക് സംരക്ഷണം നല്‍കിയാണ് ചെടി വളര്‍ത്തേണ്ടത്. പോളി എത്തിലീന്‍ തുണി ഉപയോഗിച്ച് ചുവരിന് പൊതിയുന്നതും നല്ലതാണ്. അതുപോലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനാക്കിയ ചുമരിന്റെ താഴെ റബ്ബറിന്റെ ഷീറ്റ് ഇട്ടാല്‍ വെള്ളം വീണ് തറ വൃത്തികേടാകുന്നത് തടയാം.

അപ്പാര്‍ട്ട്‌മെന്റുകളില്‍ വെളിച്ചം കുറവാണെങ്കില്‍ ഫ്‌ളൂറസെന്റ് ബള്‍ബുകളോ ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന വെളിച്ചമോ ഘടിപ്പിക്കാവുന്നതാണ്.

ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ സമീപം ഒരു ഫാന്‍ വെച്ചാല്‍ വായുസഞ്ചാരം കൂട്ടാനും ചെടികള്‍ക്ക് ചുറ്റും മികച്ച രീതിയില്‍ വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും.

ഇന്‍ഡോര്‍ ഗാര്‍ഡന്‍ തയ്യാറാക്കാനുള്ള എളുപ്പവഴിയായി പോക്കറ്റുകള്‍ പോലെ ചെടികള്‍ വെക്കാനായി മരത്തിന്റെ ഫ്രെയിമില്‍  പോളിത്തീന്‍ ബാഗുകള്‍ അല്ലെങ്കില്‍ ചെറിയ തുണിസഞ്ചികള്‍ ഘടിപ്പിക്കാം. നഴ്‌സറിയില്‍ നിന്ന് കിട്ടുന്ന ചെടികള്‍ അതുപോലെ ഈ പോക്കറ്റിലേക്ക് ഇറക്കിവെക്കാം.

ഇത് ചുമരില്‍ വെക്കുമ്പോള്‍ ചെറിയ പോക്കറ്റ് ബാഗുകള്‍ മുകളിലും  വലുത് താഴെയും വരുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ ആകര്‍ഷകമായി നിര്‍ത്താം.

ചെടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

നിങ്ങള്‍ ചെടി വളര്‍ത്താന്‍ തെരഞ്ഞെടുത്ത സ്ഥലം നല്ല വെളിച്ചമുള്ളതാണോ പകുതി തണലാണോ അതോ മുഴുവന്‍ തണലുള്ള സ്ഥലമാണോ എന്ന് ആദ്യം മനസിലാക്കണം. ഏതുതരം ചെടികളാണ് അവിടെ വളര്‍ത്താന്‍ അനുയോജ്യമെന്നും മനസിലാക്കണം. ചുമരില്‍ തൂങ്ങുന്ന തരത്തിലുള്ളതും കുത്തനെ കയറിപ്പോകുന്ന തരത്തിലുള്ളതുമായ ചെടികള്‍ വളര്‍ത്താന്‍ പറ്റുമോ എന്നതൊക്കെ അറിഞ്ഞിരിക്കണം.

വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചില ചെടികള്‍ ഇതാ

ഫിലോഡെന്‍ഡ്രോണ്‍ : കടുത്ത പച്ചനിറവും ഹൃദയാകൃതിയിലുള്ള ഇലകളുമുള്ള ഈ ചെടി പെട്ടെന്ന് വളരുന്നതാണ്. ഒരു തുടക്കക്കാരനെന്ന നിലയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരീക്ഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ചെടിയാണിത്.

ഫേണ്‍ : നെഫ്രോലെപിസ് എക്‌സാള്‍ട്ടേറ്റ, റാബിറ്റ് ഫൂട്ട്, മെഡുസ അഥവാ നെപ്രോലെപിസ് ഒബ്ലിറ്റെറേറ്റ എന്നിവയാണ് ഫേണ്‍ വര്‍ഗത്തില്‍പ്പെട്ട വെര്‍ട്ടിക്കല്‍ ഗാര്‍ഡന് യോജിച്ച ഇനങ്ങള്‍

ബ്രൊമീലിയാഡിന്റെ കുടുംബം : ഈ കുടുംബത്തില്‍പ്പെട്ട ചെടികള്‍ ഇലകളിലൂടെ ഈര്‍പ്പവും പോഷകവും വലിച്ചെടുക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ചെടി ഇത്തിരി വെള്ളത്തില്‍ അല്‍പനേരം താഴ്ത്തിവെച്ചാല്‍ മാത്രം മതി.

ലിപ്‌സ്‍റ്റിക് പ്ലാന്റ് : ചുവന്ന ലിപ്സ്റ്റിക് ആകൃതിയുള്ള പൂക്കളുണ്ടാകുന്ന ചെടിയാണിത്. വര്‍ഷം മുഴുവനും പൂക്കളുണ്ടാകുന്ന ചെടി ഇന്‍ഡോര്‍ ആയി ചുമരുകളില്‍ വളര്‍ത്താന്‍ പറ്റിയതാണ്. മങ്ങിയ വെളിച്ചത്തിലും വരണ്ട സാഹചര്യത്തിലും നന്നായി വളരാനുള്ള കഴിവുമുണ്ട്. മുകളിലേക്ക് പടര്‍ന്നുവളരുന്ന രീതിയില്‍ വളര്‍ത്താം.

പോത്തോസ്: നല്ല വെളിച്ചത്തിലും പകുതി വെളിച്ചത്തിലും വളരുന്ന പോത്തോസ് ഹൃദയാകൃതിയിലുള്ള ഇലകളുള്ള ചെടിയാണ്. തൂക്കിയിടാനും മുകളിലോട്ട് പടര്‍ത്തി വളര്‍ത്താനും പറ്റിയ ചെടിയാണിത്.

ബേബിസ് ടിയേഴ്‌സ്: ചെറിയ തിളങ്ങുന്ന ഇലകളുള്ള ചെടിയാണ് ഇത്. മിതമായ വെളിച്ചത്തിലും ഈര്‍പ്പമുള്ള മണ്ണിലും നന്നായി വളരും.

ഔഷധ സസ്യങ്ങള്‍ : പെട്ടെന്ന് പൂര്‍ണവളര്‍ച്ചയെത്തുന്നതും ആഴത്തില്‍ വേരുകളില്ലാത്തതുമായ ചെടി തിരഞ്ഞെടുക്കണം. പുതിന, തുളസി, കര്‍പ്പൂരതുളസി എന്നിവ ഇത്തരത്തില്‍ വളര്‍ത്താവുന്നതാണ്.