'ഹിന്ദു പാകിസ്താന്‍':  അന്ന് നെഹ്‌റു പറഞ്ഞെതന്ത്?

By വിഷ്ണുരാജ് തുവയൂര്‍First Published Jul 18, 2018, 6:40 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • വിഷ്ണുരാജ് തുവയൂര്‍ എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ബിജെപിയുടെയും ആര്‍.എസ്.എസിന്റെയും ഹിന്ദുരാഷ്ട്ര ആശയം പാകിസ്താന്‍ പുലര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രതിബിംബമാണ്. ഭൂരിപക്ഷം കൈയാളുന്ന ഒരു പ്രത്യേക മതം ആധിപത്യം പുലര്‍ത്തുകയും മറ്റ് ന്യൂനപക്ഷങ്ങളെ അധമസ്ഥാനത്തേക്ക് മാറ്റിനിര്‍ത്തുകയും ചെയ്യുന്ന ഒരു രാജ്യമെന്ന ആശയം. ആ ആശയം നടപ്പിലായാല്‍ തീര്‍ച്ചയായും ഒരു 'ഹിന്ദുത്വ പാകിസ്താന്‍' ആയിരിക്കും.'

ശശി തരൂര്‍ തന്റെ ഹിന്ദു പാകിസ്താന്‍ എന്ന പ്രയോഗത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്.

നിശ്ചയമായും ജനാധിപത്യത്തെ പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയസ്ഥാനമാണ് ഈ നിലപാട്; തരൂരിനോട് മറ്റെന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും. 

രാജ്യം രൂപപ്പെട്ടപ്പോള്‍ മതാധിഷ്ഠിതമാകണോ മതേതരമാകണോ എന്ന ചര്‍ച്ച രൂപപ്പെട്ടതും ഡോ. അംബേദ്കറിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഭരണഘടനയിലൂടെ ഇന്ത്യ മതേതര രാഷ്ട്രമാകാന്‍ ഉറപ്പിച്ചതുമാണ് ഒരുപക്ഷേ, ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മെ ഒരുമിച്ചുനിര്‍ത്തുന്നത്. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ച് ജവാഹര്‍ലാല്‍ നെഹ്‌റു ഇങ്ങനെ പറയുന്നു: 

'എല്ലാ മതങ്ങളിലും പെട്ടവര്‍, പലതരം അഭിപ്രായങ്ങള്‍ ഉള്ളവര്‍, മൗലികമായും മതേതരം ഇങ്ങനെയൊരു ദേശീയ ഭരണകൂടത്തിലാണോ നാം വിശ്വസിക്കുന്നത്... അതോ, മറ്റു വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ മറയ്ക്കപ്പുറം ഉള്ളവരായി കണക്കാക്കുന്ന മതാത്മകവും ദൈവശാസ്ത്രാധിഷ്ഠിതവുമായ ഒരു ഭരണകൂട സങ്കല്‍പ്പനത്തിലോ?. ഇത് അസാധാരണമായ ഒരു ചോദ്യമാണ്. കാരണം ദൈവശാസ്ത്രത്തിലധിഷ്ഠിതമായ ഭരണകൂടത്തെ ലോകം ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണ്.  ആധുനിക മനുഷ്യന്റെ മനസ്സില്‍ അതിന് യാതൊരു സ്ഥാനവുമില്ല. എന്നിട്ടും ഇന്ത്യയില്‍ ആ ചോദ്യം ഉയര്‍ത്തപ്പെടേണ്ടിവരുന്നു. കാരണം, നമ്മില്‍ പലരും പഴയൊരു യുഗത്തിലേക്ക് ചാടാന്‍ ശ്രമിച്ചിരിക്കുന്നു.'

നെഹ്‌റു പറഞ്ഞതുപോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകം ഉപേക്ഷിച്ച ദൈവശാസ്ത്രാധിഷ്ഠിത ഭരണകൂടമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ ഉറപ്പിക്കാനാഗ്രഹിക്കുന്നത്. ഹിന്ദുത്വത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, ഇതര മതങ്ങളെയും മതരഹിതരെയുമൊക്കെ ഒഴിവാക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന തോന്നലുകള്‍ പരാജയപ്പെട്ടിട്ടേ ഉള്ളൂ. ഹിന്ദുവിനെ കേന്ദ്രത്തില്‍ നിര്‍ത്തി മറ്റെല്ലാവരും പുറത്തുപോകണമെന്ന പ്രത്യയശാസ്ത്രമാണ് സംഘപരിവാറിന്‍േറത്.

ഹിന്ദു-മുസ്ലീം സഹവര്‍ത്തിത്വം സാധ്യമാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം

ജിന്നയുടെ പാക്കിസ്താന്‍
മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ പാകിസ്താന്‍ എന്ന ആശയം രൂപപ്പെട്ടത് തന്നെ കോണ്‍ഗ്രസിനകത്തെ/ഭരണകൂടത്തിനകത്തെ ഹിന്ദുത്വ അതിപ്രസരമെന്ന വിമര്‍ശനത്തില്‍നിന്നാണ്. 1941 മാര്‍ച്ചില്‍ പാകിസ്താന്‍ പ്രമേയത്തിന് ഒരു വയസുള്ളപ്പോള്‍ ജിന്ന അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയനില്‍ നടത്തിയ പ്രസംഗം പ്രത്യേകം പരിഗണിക്കേണ്ടതാണ്. മുസ്ലിം ഭരണകൂടം രൂപപ്പെടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും അതൊരു മതരാജ്യമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഹിന്ദു-മുസ്ലീം സഹവര്‍ത്തിത്വം സാധ്യമാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം; ആ രാജ്യത്തിന്റെ തുടര്‍ജീവിതം അങ്ങനെയല്ലായിരുന്നെങ്കിലും.

ജിന്ന പറയുന്നു:

'മുസ്ലിം ഇന്ത്യയുടെ മനസ്സില്‍ ഇളകിക്കൊണ്ടിരുന്ന ഒരു ചിന്ത തുറന്നു പ്രഖ്യാപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ജീവിതത്തിന്റെ അടിസ്ഥാനപരവും മൗലികവുമായ എല്ലാ കാര്യങ്ങളിലും ഹിന്ദുക്കളും മുസ്ലിങ്ങളും വ്യത്യസ്തരാണ്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരേ കണ്ണടച്ചിട്ട് കാര്യമില്ല. ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഭിന്നിപ്പുകളുണ്ട്. പരസ്പരം സമ്പര്‍ക്കമില്ലാത്ത ജാതികളും ഉപജാതികളും ഉണ്ട്. അവരുടേത് സ്വയം ഒരു ജനാധിപത്യരഹിത സമൂഹമാണ്...
പാകിസ്താന്‍ കേവലം ഒരു പ്രായോഗിക ലക്ഷ്യമല്ല. ഈ രാജ്യത്ത് ഇസ്ലാം മുച്ചൂടും മുടിയാതിരിക്കാനുള്ള ഏക ലക്ഷ്യവുമാണ്. നിങ്ങള്‍ ശക്തരാകുക; വിദ്യാഭ്യാസം, വ്യാപാരം, വാണിജ്യം, വ്യവസായം പ്രതിരോധം എന്നിവയില്‍ ആളുകളെ തയ്യാറാക്കുക... നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ട ഘട്ടം വന്നിരിക്കുന്നു. നമ്മുടെ ആളുകള്‍ക്കിടയില്‍ സാക്ഷരതാപ്രചരണം, സാമൂഹികോദ്ധാരണം, സാമ്പത്തികപുരോഗതി, രാഷ്ട്രീയ ബോധവത്കരണം, അച്ചടക്കബോധം വളര്‍ത്തല്‍ എന്നീ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിങ്ങള്‍ ഒഴിവുകാലം ചെലവഴിക്കുക. ഇന്ത്യയുടെ ഉത്തര- പശ്ചിമഭാഗത്തും ഉത്തര-പൂര്‍വഭാഗത്തും മുസ്ലിം ഭരണകൂടങ്ങള്‍ സ്ഥാപിക്കാനാണ് നാം ആഗ്രഹിക്കുന്നത്. അങ്ങനെയായാലേ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം സാധ്യമാകൂ. ഇതു മാത്രമാണ് രാജ്യത്ത് സ്ഥായിയായ സമാധാനവും സന്തോഷവും വീണ്ടെടുക്കാനുള്ള വഴി.' 

മുസ്ലീം ഭരണകൂടമെന്ന ആശയമാണ് ഇന്ത്യയേയും പാകിസ്താനെയും രാഷ്ട്രീയമായി വേറിട്ടുനിര്‍ത്തിയത്. വിഭജനത്തെ ആദ്യസമയങ്ങളില്‍ അംഗീകരിക്കാതിരുന്ന കോണ്‍ഗ്രസും ഗാന്ധിയും ന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള ആലോചനകളിലാണ് ഒടുവില്‍ തീരുമാനമെടുക്കുന്നത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും മുന്‍കൈയില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ച ഒരു പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിച്ചിരുന്നില്ല. വിഭജനം അംഗീകരിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും ഇന്ത്യ പല മതങ്ങളുടെയും പല വംശങ്ങളുടെയും നാടാണ് എന്ന് കോണ്‍ഗ്രസ് വിശ്വസിച്ചു. 

അതങ്ങനെ തന്നെ തുടരുകയും വേണം. ഇന്ത്യ ഏതു മതത്തില്‍പ്പെട്ടവര്‍ക്കും ഭരണകൂട സംരക്ഷണം പൂര്‍ണമായും ലഭിക്കുകയും എല്ലാ പൗരന്മാര്‍ക്കും പൂര്‍ണാവകാശങ്ങള്‍ അനുഭവിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു ജനാധിപത്യ മതേതര രാജ്യമായിരിക്കും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കഴിവിന്റെ പരമാവധി സംരക്ഷിക്കും. അവരുടെ പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നത് തടയും. 

ഇതായിരുന്നു വിഭജനത്തോടും അനന്തരവും ഇന്ത്യ സൂക്ഷിച്ച നിലപാട്. ഈ ജനാധിപത്യ കാഴ്ചപ്പാടിന്റെ പരിസരത്തുകൂടി പോലും സഞ്ചരിക്കാന്‍ പോലും സംഘപരിവാറിന് ഒരു കാലത്തും കഴിയില്ല.

പക്ഷേ, വിഭജനാനന്തരം തന്നെ പാകിസ്താനില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിരുന്നെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന വിഭജനം. പരസ്പരം സംശയവും ശത്രുതയും തുടര്‍ന്നു. 1949-50 മഞ്ഞുകാലത്ത് കിഴക്കന്‍ പാകിസ്ഥാനില്‍ സാമുദായിക കലാപങ്ങളുണ്ടായി. ആയിരക്കണക്കിനുപേര്‍ അതിര്‍ത്തികടന്ന് ഇന്ത്യയിലേക്കെത്തി. സമാധാനം സ്ഥാപിക്കാന്‍ കലാപബാധിത പ്രദേശങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിക്കാമെന്ന് നെഹ്രു നിര്‍ദേശിച്ചെങ്കിലും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ വഴങ്ങിയില്ല. ഒടുവില്‍ ന്യൂനപക്ഷങ്ങളോട് മാനവികതയോടെ പെരുമാറുമെന്ന കരാറില്‍ ഒപ്പുവെച്ചു. 

ജവാഹര്‍ലാല്‍ നെഹ്‌റു പ്രശ്‌നങ്ങളൊഴിവാക്കാനാണ് ശ്രമിച്ചത്. 1949-51 ല്‍ ഇന്ത്യന്‍ രൂപ അപമൂല്യവത്കൃതമായപ്പോള്‍ വ്യാപാരയുദ്ധമുണ്ടായി. പാകിസ്ഥാന്‍ ചണം കയറ്റുമതി നിര്‍ത്തിവെച്ചു. ഇന്ത്യ കല്‍ക്കരി അയക്കാതെയായി. ഒടുവില്‍ 1951 ഫെബ്രുവരിയില്‍ പാകിസ്താന്‍ രൂപയുടെ തുല്യമൂല്യം അംഗീകരിക്കാന്‍ നെഹ്രു തയ്യാറായപ്പോളാണ് പ്രശ്‌നപരിഹാരമുണ്ടായത്. വ്യാപാരസംഘടനകള്‍ സ്വാഗതം ചെയ്‌തെങ്കിലും എല്ലാവിഭാഗം രാഷ്ട്രീയക്കാരും അതിനെ എതിര്‍ത്തു. ഇന്ത്യ പൂര്‍ണമായും തോല്‍പ്പിക്കപ്പെട്ടു, നെഹ്‌റു രാജ്യത്തെ അടിയറവെച്ചു എന്നൊക്കെയാണ് സംഘപരിവാര്‍ കൂട്ടാളികള്‍ ആരോപിച്ചത്.

ഈ വിഷയത്തില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. 

ആര്‍.എസ്.എസിന്റെ ഇന്ത്യ
മതേതര, ജനാധിപത്യ ഇന്ത്യയെന്ന രാഷ്ട്രീയാശയത്തോട് ആര്‍.എസ്.എസിന് കടുത്ത എതിര്‍പ്പായിരുന്നു. അവരുടെ ആചാര്യന്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ മതേതരഭരണകൂടമെന്ന ആശയത്തെ എതിര്‍ത്തു. അവരുടെ സങ്കല്പനത്തില്‍ ഇന്ത്യയില്‍, 'ഹിന്ദുസ്ഥാനിലെ ഹിന്ദു ഇതര ജനങ്ങള്‍ ഒന്നുകില്‍ ഹിന്ദുസംസ്കാരത്തെയും ഭാഷയേയും സ്വീകരിക്കണം. ഹിന്ദുമതത്തെ പഠിക്കുകയും ആദരിക്കുകയും പൂജിക്കുകയും ചെയ്യണം. ഹിന്ദുവംശം, സംസ്‌കാരം എന്നിവയെയല്ലാതെ മറ്റൊന്നിനെയും മഹത്വവത്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്... ചുരുക്കത്തില്‍ അവര്‍ വിദേശികളല്ലാതാകണം. അല്ലെങ്കില്‍ ഹിന്ദുരാഷ്ട്രത്തോട് പൂര്‍ണവിധേയത്വം പുലര്‍ത്തി, ഒന്നും അവകാശപ്പെടാത്ത, യാതൊരു സവിശേഷാവകാശങ്ങള്‍ക്കും അര്‍ഹരല്ലെന്ന ബോധ്യത്തോടെ, പൗരാവകാശങ്ങള്‍പോലും വേണ്ടെന്നുവെച്ച് കഴിയണം.'

നോക്കൂ, ഇപ്പോഴും അവര്‍ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. രാഷ്ട്രീയാധികാരം കൈവന്നപ്പോഴൊക്കെ അവര്‍ ഇന്ത്യയെന്ന ജനാധിപത്യ ആശയത്തെ അട്ടിമറിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ, വസ്ത്രം ധരിക്കാന്‍, യാത്ര ചെയ്യാന്‍, പ്രണയിക്കാന്‍, എഴുതാന്‍, വായിക്കാന്‍, അഭിപ്രായം പറയാന്‍... തുടങ്ങി ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍.

രോഹിത് വെമുലയെ, പന്‍സാരയെ, ധബോല്‍ക്കറെ, കല്‍ബുര്‍ഗിയെ, മുഹമ്മദ് അഖ്‌ലാക്കിനെയടക്കം എത്രപേരെ കൊന്നുകളഞ്ഞു. ഇന്നലെയാണ് തെരുവില്‍ ഏറ്റവും ക്രൂരമായി സ്വാമി അഗ്‌നിവേശിനെ അവര്‍ മര്‍ദിച്ചവശനാക്കിയത്. അത്രമേല്‍ അന്യമത വിദ്വേഷവും വെറുപ്പും മനുഷ്യവിരുദ്ധതയും സൂക്ഷിച്ചാണ് ആ പ്രത്യയശാസ്ത്രം ഇപ്പോഴും നിലനില്‍ക്കുന്നത്. അവിടെയാണ് ശശി തരൂരിന്റെ വാചകങ്ങള്‍ പ്രസക്തമാകുന്നതെന്ന് കരുതുന്നു.

ലോക്‌സഭയില്‍ മാത്രം ഭൂരിപക്ഷമുള്ള ബി.ജെ.പി.ക്ക് രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ അവര്‍ ഭരണഘടനയെ അട്ടിമറിക്കുമെന്നും മതരാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുമെന്നതും കൃത്യമാണ്.

ചരിത്രം നമുക്കിതിനൊക്കെ ഉദാഹരണങ്ങള്‍ തരുന്നുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നതെങ്കില്‍ ഇന്നങ്ങനെയല്ല എന്നു പറയേണ്ടതില്ലല്ലോ. മുസ്ലിങ്ങളെ ഒഴിവാക്കേണ്ട/കൊന്നൊടുക്കേണ്ട ജനവിഭാഗമായി കാണുന്നവരാണ് ഭരണത്തിലുള്ളത് എന്നതുകൊണ്ട് കൂടിയാണ് തരൂരിന്റെ ഹിന്ദു പാകിസ്താന്‍ എന്ന പ്രയോഗം രാഷ്ട്രീയശരിയാകുന്നത്. ഭരണാധികാരികള്‍/സര്‍ക്കാരുകള്‍ ഇങ്ങനെയാകുന്നത് രാജ്യസുരക്ഷയെയാണ് ബാധിക്കുന്നത്. നെഹ്‌റുവിനെ വായിക്കേണ്ടത് ഇത്തരം സാഹചര്യങ്ങളില്‍ കൂടിയാണ്. 

'വിഭജനത്തെ തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവസ്ഥ, സ്ഥാനം എന്നിവയെപ്പറ്റി നെഹ്‌റുവിന് ഗാഢമായ ഉത്കണ്ഠയുണ്ടായിരുന്നു. മുസ്ലിങ്ങളുടെ മാതൃഭൂമിയായി പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടതും. അതേത്തുടര്‍ന്ന് ആ രാജ്യത്തുനിന്ന് ഹിന്ദുക്കളും സിക്കുകളും പലായനം ചെയ്തതും ചില വിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത ഉളവാക്കിയിരുന്നു. എന്നാല്‍, ഒരു മതേതര രാജ്യത്ത് മുസ്ലിങ്ങളെയും തുല്യ പൗരന്മാരായി കണക്കാക്കണമെന്നും അവര്‍ താമസിച്ചുപോരുന്ന പ്രവിശ്യകളുടെ ഭരണത്തിന്‍ കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാകണമെന്നും നെഹ്‌റു ശഠിച്ചു. ഈ വിഷയത്തില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. 

1947 ഒക്ടോബര്‍ 15-ന് എഴുതിയ കത്തിലെ ഒരുഭാഗം:

'കേന്ദ്രസര്‍ക്കാര്‍ ഏതോ പ്രകാരത്തില്‍ ദൗര്‍ബല്യം കാണിക്കുന്നുവെന്നും മുസ്ലിങ്ങളോട് പ്രീണനനയം കൈക്കൊള്ളുന്നുവെന്നും ഉള്ള ഒരു തോന്നല്‍ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. തീര്‍ച്ചയായും ഇത് ശുദ്ധ അസംബന്ധമാണ്. ദൗര്‍ബല്യത്തിന്റെയോ പ്രീണനത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല. ഇവിടെ മുസ്ലിം ന്യൂനപക്ഷം എണ്ണത്തില്‍ വലുതാണ്. വേണമെന്നുണ്ടെങ്കില്‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്കാവില്ല. അവര്‍ക്ക് ഇന്ത്യയില്‍ ജീവിച്ചേ മതിയാകൂ. പാകിസ്താനില്‍ നിന്ന് എന്തു തരം പ്രകോപനമുണ്ടായാലും, അവിടെ അമുസ്ലീങ്ങളോട് എത്ര തന്നെ അമാന്യമായി പെരുമാറിയാലും ഇവിടെ നാം ന്യൂനപക്ഷത്തോട് സംസ്‌കാരസമ്പന്നതയോടെ പെരുമാറിയേ പറ്റൂ. ഒരു ജനാധിപത്യ ഭരണകൂടത്തില്‍ പൗരന്മാര്‍ക്ക് ലഭ്യമാകേണ്ട സുരക്ഷയും അവകാശങ്ങളും നാം അവര്‍ക്ക് നല്‍കണം. അതില്‍ നാം പരാജയപ്പെട്ടാല്‍ ഉണങ്ങാത്ത ഒരു മുറിവായിരിക്കും നമുക്ക് ബാക്കിയുണ്ടാവുക. ക്രമേണ ആ മുറിവ് രാഷ്ട്രഗാത്രത്തെയാകെ വിഷലിപ്തമാക്കുകയും ഒരുപക്ഷേ, നശിപ്പിക്കുകയും ചെയ്യും.

പൊതുസേവനരംഗത്തെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ രോഗാണുവില്‍നിന്ന് സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്. പാകിസ്ഥാനില്‍ സ്ഥിതി കൈവിട്ടുപോയിരിക്കുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല എന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. മിസ്റ്റര്‍ ജിന്ന (മുഹമ്മദലി ജിന്ന അപ്പോള്‍ പാകിസ്താനിലെ ഗവര്‍ണര്‍ ആയിരുന്നു) തന്നെ അടുത്തയിടെ കറാച്ചിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പൊതുസേവനരംഗത്ത് നിലനില്‍ക്കുന്ന അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടിയത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഇത് ഇപ്പോള്‍ തന്നെ പാകിസ്താന് ഗുരുതരമായ തലവേദനയാണ്. ഭാവിയില്‍ അത് കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത. സമഗ്രമായ ചിത്രം നോക്കിയാല്‍ നമുക്ക് സേവനത്തുറയില്‍ വര്‍ഗീയതയുടെ രോഗാണ കലരാതെ കഴിക്കാനായിട്ടുണ്ട്. അതൊരു ഭാഗ്യമാണ്. പക്ഷേ, കിഴക്കന്‍ പഞ്ചാബില്‍ കോട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രോഗം പടര്‍ന്നേക്കാം.' 

( രാമചന്ദ്രഗുഹ, ആധുനിക ഇന്ത്യയുടെ ശില്പികള്‍, പേജ് 354-356)

മതകേന്ദ്രീകൃത പാകിസ്താനെക്കാള്‍ എത്രയോ അപകടകരവും ഭീതിജനകവുമാകും ഹിന്ദുത്വ ഇന്ത്യ.

ചരിത്രമാണ് മിക്കപ്പോഴും ജാഗ്രതയുള്ള ഉത്തരം.

വിഭജനത്തെ എതിര്‍ത്തെങ്കിലും വിഭജനാനന്തരം സമാധാനം സംരക്ഷിക്കാനാണ് മിക്കപ്പോഴും ശ്രമിച്ചത്. കാശ്മീര്‍ വിഷയമടക്കമുള്ള കാര്യങ്ങളില്‍ വൈകാരിക പ്രതികരണങ്ങളാണ് മിക്കപ്പോഴും ഉണ്ടായതെങ്കിലും. പക്ഷേ, ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറത്തിരുന്ന് നെഹ്‌റു എഴുതിയ കത്ത് വായിക്കുമ്പോള്‍ അതിലെ പ്രവചനാത്മക സ്വഭാവം നമ്മെ അദ്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. നമ്മുടെ സേവനത്തറകളിലാകെ വര്‍ഗീയതയുടെ, ജാതി വിവേചനത്തിന്റെ സാന്നിധ്യമാണുള്ളത്.

തരൂര്‍ ഹിന്ദു പാകിസ്താനെന്ന് ഉപയോഗിച്ചത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമറിയാവുന്നതുകൊണ്ടും കഴിഞ്ഞ നാലുവര്‍ഷത്തെ ഇന്ത്യനവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുമാണ്. പക്ഷേ, സംഘപരിവാര്‍ ഏകാധിപത്യത്തില്‍ ഇന്ത്യയെങ്ങനെയാകുമെന്നറിയാന്‍ പാകിസ്താനിലേക്ക് നോക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ തോന്നല്‍. ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ അവര്‍ തന്നെ പലവുരു പറഞ്ഞിട്ടുണ്ട്. മതകേന്ദ്രീകൃത പാകിസ്താനെക്കാള്‍ എത്രയോ അപകടകരവും ഭീതിജനകവുമാകും ഹിന്ദുത്വ ഇന്ത്യ. സങ്കല്പിക്കാനാകാത്തത്ര.

ഒരു ആധുനിക രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെ അട്ടിമറിക്കാനവര്‍ക്ക് കഴിഞ്ഞേക്കും. അത് മനസ്സിലാക്കുകയാണ് ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്.

ഇന്ത്യ ഗാന്ധിക്ക് ശേഷം എന്ന പുസ്തകം രാമചന്ദ്ര ഗുഹ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

'തിരിച്ചറിയാനാവാത്ത വിധം അതിന്റെ ഭരണഘടന മാറ്റിയെഴുതപ്പെടാതിരിക്കുവോളം കാലം, തിരഞ്ഞെടുപ്പുകള്‍ കൃത്യമായി നടക്കുന്നിടത്തോളം കാലം, മതനിരപേക്ഷതയുടെ അന്തരീക്ഷം പൊതുവേ നിലനില്‍ക്കുന്നിടത്തോളം കാലം, പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ഭാഷ പറയാനും എഴുതാനും സ്വാതന്ത്ര്യമുള്ളിടത്തോളം കാലം,  ഉദ്ഗ്രഥിതമായ ഒരു വിപണി നിലനില്‍ക്കുന്നിടത്തോളം കാലം... ഇന്ത്യ അതിജീവിക്കും'

ആദ്യവരി ഒന്നു കൂടി വായിച്ചുനോക്കൂ.

തിരിച്ചറിയാനാവാത്ത വിധം അതിന്റെ ഭരണഘടന മാറ്റിയെഴുതപ്പെടാതിരിക്കുവോളം കാലം...

ശശി തരൂര്‍ പറഞ്ഞതും അതുമാത്രമാണ്.

..............................................
സഹായക ഗ്രന്ഥങ്ങള്‍
1. രാമചന്ദ്ര ഗുഹ, 2010, 
ഇന്ത്യ ഗാന്ധിക്ക് ശേഷം, ഡി.സി. ബുക്‌സ്, കോട്ടയം.
2. രാമചന്ദ്ര ഗുഹ, 2017, 
ആധുനിക ഇന്ത്യയുടെ ശില്പികള്‍, ഡി.സി. ബുക്‌സ്, കോട്ടയം.

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?​

ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന്  കാരണങ്ങള്‍ വേറെയാണ്!​

റസീന അബ്ദു റഹ്മാന്‍: സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!

ഡോ. ഹീര ഉണ്ണിത്താന്‍: പെണ്ണുങ്ങളേ, അടക്കവും ഒതുക്കവുമല്ല നമുക്കാവശ്യം
 

click me!