സമൂഹമാധ്യമങ്ങളിലൂടെയാണ് മിക്ക മലയാളികളും ഫിറോസ് കുന്നംപറമ്പില്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് പാലക്കാട്ടുകാരനായ ഫിറോസ് ജനശ്രദ്ധ നേടുന്നത്.

ചുരുങ്ങിയ സമയത്തിനകം തന്നെ കേരളക്കരയാകെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി. ഒരു ''ട്രെന്‍ഡ് സെറ്റര്‍' എന്ന നിലയിലേക്ക് ഫിറോസ് മാറി. തുടരെത്തുടരെയുള്ള ചാരിറ്റി വീഡിയോകളിലൂടെ 'നന്മമരം' എന്ന വിശേഷണത്തിന് ഏറെ പാത്രമായെങ്കിലും വൈകാതെ തന്നെ ഫിറോസ് വിവാദങ്ങളുടെ തോഴനായി.

നിയമവിരുദ്ധമായാണ് ഫിറോസ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതെന്നും അതിന്റെ മറവില്‍ ഫിറോസ് തന്റെ വ്യക്തിപരമായ നേട്ടമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ശക്തമായതോടെ ഫിറോസ് കേരളക്കരയാകെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു.

പലപ്പോഴും വിവിധ രാഷ്ട്രീയമുള്ളവര്‍ ഒരുമിച്ചുനിന്നാണ് ഫിറോസിനെ വിചാരണ ചെയ്തത്. നേരത്തേ കോണ്‍ഗ്രസ്- ലീഗ് അനുഭാവിയായിരുന്ന ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തുടങ്ങിയപ്പോള്‍ തന്നെ രാഷ്ട്രീയരംഗത്ത് നിന്ന് പ്രത്യക്ഷമായി മാറിനിന്നിരുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയമായ ആക്രമണം ആദ്യഘട്ടത്തില്‍ ഫിറോസിന് നേരിട്ട് ഏറ്റുവാങ്ങേണ്ടി വന്നില്ല.

 

 

എങ്കിലും പരോക്ഷമായി ഫിറോസിന് ലീഗുമായുള്ള ബന്ധം എപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു. ഏത് ആരോപണങ്ങള്‍ക്കും ഫിറോസിന് പറയാന്‍ ഒരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നായിരുന്നു ആവര്‍ത്തിച്ച് ആവര്‍ത്തിച്ചുള്ള ആ വിശദീകരണം. എന്തായാലും വലിയ തോതില്‍ നാടാകെ സംസാരമായതിനെ തുടര്‍ന്ന് ഫിറോസിനും ആരാധകരും അണികളുമുണ്ടായി. അദ്ദേഹത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളുടെ അമ്പുകളെ പ്രതിരോധിക്കാന്‍ ഈ സംഘം സദാസമയം സജ്ജരായി നിന്നു. സമൂഹമാധ്യമങ്ങള്‍ തന്നെയായിരുന്നു അവിടെയും ആയുധം.

ഇതിനിടെ ചെറിയ ഇടവേളകളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഫിറോസ്, താന്‍ ചാരിറ്റി അവസാനിപ്പിക്കുകയാണെന്ന് പരസ്യമായി പറയുകയും വീണ്ടും അതിലേക്ക് തന്നെ മടങ്ങിവരികയും ചെയ്തു. അങ്ങനെ ട്രോളുകളിലും ഫിറോസിന് മോശമല്ലാത്ത ഇടം മലയാളികള്‍ നല്‍കി. ഫിറോസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫിറോസ് ആരാധകര്‍ തന്നെ പുറത്തിറക്കിയ മാപ്പിളശീലിലുള്ള പാട്ടുകളും ചെറുവീഡിയോകളുമെല്ലാം അങ്ങനെ ഒരു വിഭാഗത്തിന് ചിരിക്കുള്ള വകയായി. അപ്പോഴും അദ്ദേഹത്തിനുള്ള 'ഗ്രൗണ്ട് സപ്പോര്‍ട്ടി'നെ കുറിച്ച് സംസാരിക്കുന്നവര്‍ ഏറെയായിരുന്നു.

കാര്യങ്ങളിങ്ങനെ എല്ലാമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പോലെ, ഇത്രയും ഗൗരവമുള്ളൊരു വേദിയിലേക്ക് ഫിറോസ് രംഗപ്രവേശം ചെയ്യുമെന്ന് അധികമാരും പ്രതീക്ഷിച്ചില്ല. തവനൂരില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ഫിറോസിന്റെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ രാഷ്ട്രീയഭേദമെന്യേ പലരും അത് വ്യാജവാര്‍ത്തയായിരിക്കുമെന്ന് പോലും പ്രതികരിച്ചത് അതുകൊണ്ടായിരിക്കാം. ഏതായാലും ഔദ്യോഗികമായ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ ആ നടുക്കം പരസ്യമായിത്തന്നെ രേഖപ്പെടുത്താന്‍ ആളുകള്‍ മത്സരിച്ചു.

ഫിറോസിനെ പോലൊരു വ്യക്തിക്ക് യുഡിഎഫ്, സ്ഥാനാര്‍ത്ഥിത്വം നല്‍കരുതായിരുന്നു എന്നായിരുന്നു ഉയര്‍ന്നുകേട്ട പ്രധാന അഭിപ്രായം. അതേസമയം തന്നെ ഫിറോസിനെ നിസ്സാരക്കാരനായി കാണേണ്ടതില്ല എന്ന മുന്നറിയിപ്പുകളും മറുവിഭാഗത്തില്‍ നിന്ന് വന്നുകൊണ്ടിരുന്നു. ഇതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ കെ ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങളും ഫിറോസിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കാര്യമായ രീതിയില്‍ തന്നെ ജലീലിനെതിരായ ആരോപണങ്ങള്‍ സജീവമായി നിന്നിരുന്നു.

 

 

ലീഗിന്റെ സമുന്നത നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെ വരെ അട്ടിമറിച്ച് ജയിച്ചുവന്ന ചരിത്രമാണ് കെ ടി ജലീലിന്റേത്. അതിനാല്‍ തന്നെ ജലീലിന്റെ രാഷ്ട്രീയ എതിരാളിയാകാനുള്ള അര്‍ഹത ഫിറോസിന് ഇല്ലെന്നായിരുന്നു പൊതുവിലുണ്ടായിരുന്ന വിലയിരുത്തല്‍. പ്രചാരണസമയങ്ങളിലും ഉടനീളം ഇത്തരത്തില്‍ തന്നെയായിരുന്നു ഫിറോസിനെതിരായ നീക്കങ്ങളും.

എന്നാല്‍ വോട്ടെണ്ണല്‍ ദിനമായ ഇന്ന് ഒടുവിലത്തെ ഫലമെത്തും വരെ തവനൂരില്‍ ശക്തമായ പോരാട്ടം നടന്നതോടെ ഫിറോസ് നിസ്സാരക്കാരനല്ല എന്ന വാദം തന്നെയാണ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. തുടര്‍ച്ചയായി ലീഡ് നേടി നിന്ന ഫിറോസ് പല ഘട്ടങ്ങളിലും വിജയിക്കുമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി. ആരെയും അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു ഫിറോസ് നേടിയ ഈ ജനപിന്തുണ.

ഇടതുവോട്ടുകള്‍ കൂടുതലുള്ള മേഖലകളിലെ വോട്ടുകളായിരുന്നു ഏറ്റവുമൊടുവില്‍ എണ്ണാനുണ്ടായിരുന്നത്. ഇതോടെയാണ് തവനൂരില്‍ കെ ടി ജലീല്‍ വിജയത്തിലേക്ക് നീങ്ങിയത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിന് പരാജയപ്പെടുത്തിയത്.

2016ലെ തെരഞ്ഞെടുപ്പില്‍ 17,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചുകയറിയത്. അതേ സ്ഥാനത്താണ് ഇപ്പോഴത്തെ 2564 ഭൂരിപക്ഷം. ഇത് ഇക്കുറി നടന്ന പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. 2011ലാണ് തവനൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്. ഇതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കെ ടി ജലീല്‍ തന്നെയായിരുന്നു തവനൂരിന്റെ സാരഥി.

ഇക്കാര്യങ്ങളെല്ലാം ചേര്‍ത്തുവച്ച് നോക്കുമ്പോള്‍ രാഷ്ട്രീയമായി ജലീലിന്റെ വിജയത്തിന് നിറം പോരെന്നും 'നന്മമരത്തിനെ' വേരോടെ കടപുഴകിയിടാന്‍ ജലീലിന് സാധിച്ചില്ലെന്നും വിലയിരുത്തേണ്ടിവരും. അങ്ങനെയെങ്കില്‍ വരുംകാല കേരള രാഷ്ട്രീയത്തില്‍ ഫിറോസിന്റെ സാന്നിധ്യം ഇനിയുമുണ്ടാകുമോ എന്ന ചോദ്യവും ശേഷിക്കും. ഇപ്പോഴത്തെ പരാജയം, ഒരു പരാജയമല്ലെന്നും വിജയത്തിന്റെ തുടക്കമാണെന്നുമുള്ള പ്രതികരണത്തിലൂടെ പിന്തിരിഞ്ഞ് പോവുകയല്ലെന്ന സൂചന ഫിറോസ് തന്നെ നല്‍കുന്നുണ്ട്. ഇനിയുമൊരങ്കത്തിന് കൂടി അവസരമൊരുങ്ങിയാല്‍ ഒരുപക്ഷേ കസേര സ്വന്തമാക്കാനുള്ള കണക്കുകൂട്ടല്‍ ഫിറോസ് നടത്താനും മതി.

Also Read:- അവസാന ലാപ്പിൽ ഓടിക്കയറി ജലീൽ, തവനൂരിൽ വിജയം...