Asianet News MalayalamAsianet News Malayalam

'സീനിയര്‍' എം എം മണി മുതല്‍ 'ജൂനിയര്‍' സച്ചിന്‍ ദേവ് വരെ...

50 മുതല്‍ 60 വരെ പ്രായമുള്ളവരാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഏറെപ്പേരും. 31 പേരാണ് ഈ പ്രായത്തിനുള്ളില്‍ വരുന്നത്. 60ന് മുകളില്‍ പ്രായം വരുന്ന 24 പേരും മത്സരിക്കുന്നു

k m sachin dev is the youngest candidate and m m mani is the oldest candidate in ldf
Author
Trivandrum, First Published Mar 11, 2021, 10:57 PM IST

നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പടി മുമ്പേയെന്ന നിലയില്‍ എല്‍ഡിഎഫിന്റെ 83 അംഗ സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തുവന്നുകഴിഞ്ഞു. ബാക്കിയുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരവും വൈകാതെ പുറത്തെത്തും. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നും നേതാക്കളറിയിച്ചിട്ടുണ്ട്. 

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തെത്തിയതോടെ ഏറിയ പങ്ക് ചര്‍ച്ചകളും അതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കാര്യമായ പ്രാതിനിധ്യം നല്‍കിയ ഇടത് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പക്ഷേ തല തൊട്ടപ്പന്മാരായ നേതാക്കളുടെ സാന്നിധ്യവും ശക്തമായ മത്സരമുറപ്പിക്കുന്നുണ്ട്. 

മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എം എം മണിയാണ് പട്ടികയിലെ ഏറ്റവും 'സീനിയര്‍' ആയ നേതാവ്. എഴുപത്തിയാറുകാരനായ എം.എം മണിയുടെ പ്രവര്‍ത്തനപരിചയത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ജന്മം കൊണ്ട് കോട്ടയംകാരനാണെങ്കിലും കുട്ടിക്കാലത്ത് തന്നെ എം എം മണിയുടെ കുടുംബം ഇടുക്കിയിലേക്ക് ചേക്കേറിയതായിരുന്നു. പിന്നീടുള്ള കാലം അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനവും ഇടുക്കി കേന്ദ്രീകരിച്ച് തന്നെയായി. അങ്ങനെ ഇടുക്കിക്കാരുടെ 'മണിയാശാന്‍' ആയി മാറിയ എം എം മണി ഇക്കുറിയും ഉടുമ്പന്‍ചോലയില്‍ നിന്നാണ് ജനവിധി തേടുന്നത്. 

1996ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് മത്സരിച്ചെങ്കിലും അന്ന് വിജയിക്കാന്‍ എം എം മണിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പല കുറി വിവാദങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടുവെങ്കിലും കാലിടറാതെ എം എം മണി പിടിച്ചുനിന്നു. 2016ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് വീണ്ടും ജനവിധി തേടുകയും, അതില്‍ വിജയിച്ച് പിണറായി മന്ത്രിസഭയിലേക്ക് ടിക്കറ്റ് നേടുകയും ചെയ്തു.

k m sachin dev is the youngest candidate and m m mani is the oldest candidate in ldf

രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി ഇല്ലാതാക്കുമെന്ന തരത്തില്‍ പ്രസംഗിച്ചതിന് 2012ല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് എം എം മണി നേരിട്ടത്. പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ അദ്ദേഹം ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. അന്ന് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ മണിക്കെതിരെ നിയമനടപടിയുമുണ്ടായി. എന്നാൽ 2017ല്‍ ഈ കേസ് കോടതി തള്ളി. 

മണക്കാട്ടെ വിവാദപ്രസംഗത്തിന് ശേഷവും പലപ്പോഴായി 'വാ വിട്ട വാക്കുകള്‍' എം എം മണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. 2017ല്‍ 'പൊമ്പിളൈ ഒരുമൈ' എന്ന സ്ത്രീ മുന്നേറ്റത്തിന് കേരളം സാക്ഷിയായപ്പോള്‍ അതിന് നേതൃത്വം നല്‍കുന്ന വനിതകള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയെന്ന ആരോപണം എം എം മണിയുടെ രാജി വരെ ആവശ്യപ്പെടുന്ന തരത്തിലേക്ക് എതിര്‍ച്ചേരിയിലുള്ളവര്‍ക്ക് അവസരമൊരുക്കി. എന്നാല്‍ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ എം എം മണിക്ക് വേണ്ടി രംഗത്തെത്തി. 

ഇടുക്കിയിലെ ഒരു സാധാരണക്കാരന്റെ ഭാഷയാണ് മണിയുടേതെന്നും അത് തെറ്റിദ്ധരിപ്പിക്കും വിധം വിലയിരുത്തപ്പെട്ടതാണെന്നും നേതാക്കള്‍ ന്യായീകരിച്ചു. 'മണിയാശാ'ന്റെ സ്വതസിദ്ധമായ ശൈലിയാണ് അതെന്ന് അണികളും കൂടെച്ചേര്‍ന്നു. ഏതായാലും വിവാദങ്ങളിലൊന്നും തീര്‍ത്തും വീണുപോകാതെ മണി മുന്നേറുക തന്നെ ചെയ്തു. ചില ആരോഗ്യപ്രശ്‌നങ്ങളും ഇതിനിടെ അദ്ദേഹത്തെ അലട്ടിയെങ്കിലും പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ ഈ തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എം എം മണി. 

എസ്എഫ്‌ഐയിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലേക്കെത്തിയ കെ.എം സച്ചിന്‍ ദേവ് ആണ് നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഇരുപത്തിയേഴുകാരനായ സച്ചില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. നിലവില്‍ ഇടതിനോടൊപ്പമാണ് ബാലുശ്ശേരി. സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടിയാണ് ബാലുശ്ശേരിയില്‍ സിറ്റിംഗ് എംഎല്‍എ. ഇക്കുറിയും വിജയം ഇടതിനോടൊപ്പമായിരിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് പുതുമുഖമായ സച്ചിന്‍ ദേവിനെ പാര്‍ട്ടി ബാലുശ്ശേരിയില്‍ മത്സരിപ്പിക്കുന്നത്.

k m sachin dev is the youngest candidate and m m mani is the oldest candidate in ldf

വിദ്യാര്‍ത്ഥിസമരങ്ങളിലൂടെ പരിചിതനായ സച്ചിന്‍ യുവാക്കളുടെ പിന്തുണയാണ് ഏറെയും പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ സച്ചിന്‍ 2019ലാണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്യുന്നത്. നിലവില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് സച്ചിന്‍ദേവ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ ജയമുറപ്പിച്ചുകൊണ്ട് സച്ചിന്‍, മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 

k m sachin dev is the youngest candidate and m m mani is the oldest candidate in ldf

എം എം മണി കഴിഞ്ഞാല്‍ നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ മുതിര്‍ന്ന വ്യക്തി പിണറായി വിജയനാണ്. എഴുപത്തിയഞ്ചുകാരനായ പിണറായി, സ്വന്തം സര്‍ക്കാരിന്റെ തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ടാണ് ധര്‍മ്മടത്ത് ജനവിധി തേടുന്നത്. ഇക്കുറിയും മുന്നണിക്ക് വിജയിക്കാനായാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിണറായി തന്നെയാണ് തെരഞ്ഞെടുക്കപ്പെടുക എന്ന കാര്യത്തില്‍ തരിമ്പും സംശയമില്ല. 

50 മുതല്‍ 60 വരെ പ്രായമുള്ളവരാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഏറെപ്പേരും. 31 പേരാണ് ഈ പ്രായത്തിനുള്ളില്‍ വരുന്നത്. 60ന് മുകളില്‍ പ്രായം വരുന്ന 24 പേരും മത്സരിക്കുന്നു. 40- 50 വയസിന് ഇടയ്ക്കുള്ള 13 പേര്‍, 30- 40 വയസിന് ഇടയ്ക്കുള്ള 8 പേര്‍, മുപ്പത വരെയുള്ള നാല് പേര്‍ എന്നിങ്ങനെയാണ് പ്രായമടിസ്ഥാനപ്പെടുത്തി സ്ഥാനാര്‍ത്ഥികളുടെ എണ്ണം. സച്ചിന്‍ ദേവ് കഴിഞ്ഞാല്‍ യുവനേതാക്കളായ ജെയ്ക്. സി. തോമസ്, ലിന്റോ ജോസഫ്, പി മിഥുന എന്നിവരാണ് ചെറുപ്പക്കാരായ സ്ഥാനാര്‍ത്ഥി സാന്നിധ്യങ്ങള്‍.

Also Read:- 83 പേരുടെ പട്ടിക പ്രഖ്യാപിച്ച് സിപിഎം, 33 സിറ്റിംഗ് എംഎൽഎമാരില്ല, അഞ്ച് മന്ത്രിമാരുമില്ല...

Follow Us:
Download App:
  • android
  • ios