ഹോംഗ്രൗണ്ടില്‍ വെല്ലുവിളിക്കാനെത്തിയ കരുത്തരായ എതിർ ടീമിനെതിരെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച് ഒറ്റക്ക് ഗോളടിച്ച് കളി ജയിപ്പിച്ചാണ് മമത ബം​ഗാളിൽ കിരീടം ഉയര്‍ത്തുന്നത്.  2014 ന് ശേഷം നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരായ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ ഏറ്റവും വലിയ അധികാരിക ജയമാണ് പശ്ചിമബം​ഗാളിലേത്.

മോദി അമിത് ഷാ ദ്വയത്തിനെതിരെ ഒറ്റക്ക് നിന്ന് പോരാടിയാണ് ബംഗാളില്‍ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് മിന്നുന്ന വിജയം നേടിയത്. രാഷ്ട്രീയ ജീവിതത്തിലുടനീളം വെല്ലുവിളികളുയര്‍ന്നപ്പോഴൊക്കെ വലിയ പോരാട്ടവീര്യം കാണിച്ചിട്ടുള്ള മമത, ഒരിക്കല്‍ കൂടി കനത്ത വെല്ലുവിളിയെ സധൈര്യം മറികടന്നു. നന്ദി​ഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടെങ്കിലും, സർവ്വസന്നാഹങ്ങളുമായി എത്തിയ ബിജെപിയെ ബംഗാളില്‍ നിലംപരിശാക്കിയത് ദേശീയതലത്തില്‍ തന്നെ മമതാ ബാനര്‍ജിയുടെ ഗ്രാഫ് ഉയര്‍ത്തുന്നതാണ്.

ഹോംഗ്രൗണ്ടില്‍ വെല്ലുവിളിക്കാനെത്തിയ കരുത്തരായ എതിർ ടീമിനെതിരെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച് ഒറ്റക്ക് ഗോളടിച്ച് കളി ജയിപ്പിച്ചാണ് മമത ബം​ഗാളിൽ കിരീടം ഉയര്‍ത്തുന്നത്. 2014 ന് ശേഷം നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരായ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ ഏറ്റവും വലിയ അധികാരിക ജയമാണ് പശ്ചിമബം​ഗാളിലേത്. മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കുമെതിരെ പൊരുതാന്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ രാഷ്ട്രീയസിംഹങ്ങള്‍ വെള്ളം കുടിക്കുമ്പോള്‍, പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കേയും ഒറ്റക്കാലില്‍ ഒരു പാര്‍ട്ടിയെ നയിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേറിയെന്നതില്‍ മമതയെന്ന കരുത്തയായ സ്ത്രീയുടെ നിശ്ചയദാർഡ്യമാണുള്ളത്. 

1975 ല്‍ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍റെ കാര്‍ തടഞ്ഞ് ബോണറ്റില്‍ ചാടിക്കയറി പ്രതിഷേധിച്ചാണ് മമത രാഷ്ട്രീയത്തില്‍ വരവറിയിച്ചത് തന്നെ. കല്‍ക്കത്തയുടെ തെരുവില്‍ സാധാരണക്കാരൊടൊപ്പം പ്രവ‍ർത്തിച്ച് മമത ബദ്ധോപാധ്യയ ബംഗാളിന്‍റെ ദീദിയായി വളര്‍ന്നു. മമതയുടെ രാഷ്ട്രീയ ജീവിതം എക്കാലത്തും സാഹസികതയും അതിലേറെ നാടകീയവുമായിരുന്നു. കമ്മ്യൂണിസ്റ്റ് കരുത്തനായ സോമനാഥ് ചാറ്റർജിയെ 1984 ലെ പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറിച്ച മമത ബംഗാള്‍ രാഷ്ട്രീയത്തെയാണ് ഞെട്ടിച്ചത്. കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടപ്പോള്‍ ഒപ്പം നിന്നവരെ കൂട്ടി അവർ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപികരിച്ച് സ്വന്തം രാഷ്ട്രീയ വഴി വെട്ടി. രാഷ്ട്രീയം അടവുനയങ്ങളുടെയും തന്ത്രങ്ങളുടെയുമാണെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയുടെയും തന്‍റെയും വളര്‍ച്ചക്ക് മുന്നണികളെ അവ‍ർ മാറി മാറി ഉപയോഗിച്ചു. 

ഇടത് സര്‍ക്കാരിനെതിരായ സിങ്കൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തതാണ് മമതയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായത്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് ബംഗാളിന്‍റെ അധികാരം പിടിച്ച മമത ബാനര്‍ജി ഒരിക്കല്‍ കൂടി തന്‍റെ മാജിക്ക് ആവർത്തിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രവർത്തനശൈലിയില്‍ അടക്കം നിരവധി വിമ‍ർശനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മമതയുടെ ശൈലിയില്‍ എന്ത് മാറ്റമാകും വരുകയെന്നതാണ് രാഷ്ട്രീയകൗതുകം.