Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഗവര്‍ണര്‍ പദവിയിലേക്ക്; കേരള രാഷ്‍ട്രീയത്തിലെ ആ ഒത്തുതീര്‍പ്പിന്റെ ചരിത്രം

കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കേരളാ ഗവര്‍ണര്‍ വി.വി ഗിരിയും ആഭ്യന്തര മന്ത്രി പി.ടി ചാക്കോയും ചേര്‍ന്നുണ്ടാക്കിയ പദ്ധതി പ്രകാരമാണ് പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കാന്‍ തീരുമാനിച്ചത്.  ഇതനുസരിച്ച് 1962 സെപ്‍തംബര്‍ ഒന്നിന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കേരള ചരിത്രത്തില്‍ രാജിവെച്ച ആദ്യ മുഖ്യമന്ത്രിയെന്ന് അറിയപ്പെടുന്നതും പട്ടം താണുപിള്ള തന്നെ. 

pattom a thanu pillai the chief minister who resigned to become the governor of a state
Author
Thiruvananthapuram, First Published Mar 11, 2021, 12:46 AM IST

സ്ഥാനങ്ങളേറ്റെടുക്കാനും വെച്ചുമാറാനുമൊക്കെ പദവികള്‍ ഒഴിയുന്നത് രാഷ്‍ട്രീയത്തില്‍ ഒട്ടും പുതുമയുള്ളൊരു കാര്യമല്ല. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവെച്ച് ഗവര്‍ണര്‍ പദവി ഏറ്റെടുത്ത സംഭവത്തിനും സംസ്ഥാന രാഷ്‍ട്രീയം സാക്ഷിയായിട്ടുണ്ട്. കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണു പിള്ളയാണ് രണ്ടര വര്‍ഷം ആ പദവിയിലിരുന്ന ശേഷം പഞ്ചാബ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ചത്. പിന്നീട് അദ്ദേഹം ആന്ധ്രാപ്രദേശിന്റെയും ഗവര്‍ണറായി നിയമിതനായിരുന്നു. അക്കാലത്തെ രാഷ്‍ട്രീയ അനിശ്ചിതത്വങ്ങളുടെ കൂടി ഭാഗമായിരുന്നു ഈ മാറ്റം.

1960ലെ കൂട്ടുകക്ഷി സര്‍ക്കാര്‍
സംസ്ഥാനം രൂപീകൃതമായതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പോടെ 1960ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. വിമോചന സമരത്തെ തുടര്‍ന്ന് ആദ്യ കേരള നിയമസഭയെ 1959 ജൂലൈ 31നാണ് രാഷ്‍ട്രപതി പിരിച്ചുവിട്ടത്. പിന്നീട് 1960 ഫെബ്രുവരി ഒന്നിന് നടന്ന  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 63 സീറ്റുകളും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 20 സീറ്റുകളും മുസ്‍ലിം ലീഗിന് 11 സീറ്റുകളും സിപിഐക്ക് 29 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും തിരു-കൊച്ചി മുന്‍മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസും പി.എസ്.പിയും മുസ്‍ലിം ലീഗും ചേര്‍ന്ന കൂട്ടുകക്ഷി മന്ത്രിസഭയാണ് അധികാരത്തില്‍ വന്നത്. 
pattom a thanu pillai the chief minister who resigned to become the governor of a state

ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ കോണ്‍ഗ്രസിലെ ആര്‍. ശങ്കര്‍ ധനകാര്യ വകുപ്പ് മന്ത്രിയായി. 11 പേരായിരുന്നു മന്ത്രിസഭയിലുണ്ടായിരുന്നത്. മുസ്‍ലിം ലീഗിലെ കെ.എം സീതി സാഹിബ് സ്‍പീക്കറായി. 1960 മാര്‍ച്ച് 12ന് സ്‍പീക്കറായി സ്ഥാനമേറ്റ സീതി സാഹിബ് 1961 ഏപ്രില്‍ 17ന് അന്തരിച്ചതിനെ തുടര്‍ന്ന് സി.എച്ച് മുഹമ്മദ് കോയ സ്‍പീക്കറായി. 

അഭിപ്രായ ഭിന്നതയും ഗവര്‍ണര്‍ സ്ഥാനവും
കൂട്ടുകക്ഷി സര്‍ക്കാറിന് നേതൃത്വം നല്‍കിയ പട്ടം താണുപിള്ളയും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായി. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കേരളാ ഗവര്‍ണര്‍ വി.വി ഗിരിയും ആഭ്യന്തര മന്ത്രി പി.ടി ചാക്കോയും ചേര്‍ന്നുണ്ടാക്കിയ പദ്ധതി പ്രകാരമാണ് പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കാന്‍ തീരുമാനിച്ചത്.  ഇതനുസരിച്ച് 1962 സെപ്‍തംബര്‍ ഒന്നിന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കേരള ചരിത്രത്തില്‍ രാജിവെച്ച ആദ്യ മുഖ്യമന്ത്രിയെന്ന് അറിയപ്പെടുന്നതും പട്ടം താണുപിള്ള തന്നെ. 1964 മേയ് നാല് വരെ അദ്ദേഹം പഞ്ചാബ് ഗവര്‍ണറായി തുടര്‍ന്നു. പിന്നീട് 1968 ഏപ്രില്‍ വരെ ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്നു.

പട്ടം താണുപിള്ള മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കേരളത്തില്‍ 1962 സെപ്‍തംബര്‍ 26ന് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭിന്നിപ്പുകളും അധികാര വടംവലികളും സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതോടെ 1694 സെപ്‍തംബര്‍ പത്തിന് ആര്‍. ശങ്കര്‍ രാജിവെച്ചു. തുടര്‍ന്ന് ആര്‍. ശങ്കര്‍ സജീവ രാഷ്‍ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയതും ചരിത്രം.

pattom a thanu pillai the chief minister who resigned to become the governor of a state

തിരുവിതാംകൂറും തിരു-കൊച്ചിയും ഐക്യകേരളവും ഭരിച്ച പ്രാഗത്ഭ്യം
അഭിഭാഷകനായിരുന്ന പട്ടം താണുപിള്ള പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ശേഷം 1928ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയുമായിരുന്നു. 1949 ഓഗസ്റ്റ് 19ന് സര്‍ സി.പി തിരുവിതാംകൂര്‍ വിട്ട ശേഷം 1948 മാര്‍ച്ച് 24ന് തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറില്‍ പട്ടം പ്രധാന മന്ത്രിയായി. കവടിയാര്‍ കൊട്ടാരത്തില്‍ രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്‍താണ് അധികാരമേറ്റത്. രാജാവില്‍ നിന്ന് ജനങ്ങളിലേക്ക് അധികാരം കൈമാറപ്പെട്ടത് പട്ടം താണുപിള്ളയിലൂടെയായിരുന്നു.  കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കാരണം 1948 ഒക്ടോബറില്‍ അദ്ദേഹം സ്ഥാനം രാജിവെച്ചു. പിന്നീടാണ് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസ് വിട്ട് പട്ടം താണുപിള്ള പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1954ല്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പിന് ശേഷം തിരു-കൊച്ചിയുടെയും മുഖ്യമന്ത്രിയായി അദ്ദേഹം.

1956ല്‍ ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം 1957ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്‍തു. ആദ്യ കേരള നിയമസഭയില്‍ തിരുവനന്തപുരം - 2 നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പട്ടം താണുപിള്ള ഉണ്ടായിരുന്നു. ഇ.എം.എസ് സര്‍ക്കാറിനെതിരായ വിമോചന സമരത്തിന്റെ മുന്‍പന്തിയിലും അദ്ദേഹമുണ്ടായിരുന്നു. 1959 ജൂലൈ 31ന് രാഷ്‍ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നിയമസഭ പിരിച്ചുവിട്ടതിന് ശേഷം 1960ല്‍ നടന്ന തെരഞ്ഞടുപ്പിലാണ് പട്ടം കേരള മുഖ്യമന്ത്രിയായത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച ഏക കേരള മുഖ്യമന്ത്രി
തിരുവനന്തപുരത്തെ പട്ടത്ത് 1885 ജൂലൈ 15നായിരുന്നു പട്ടം താണുപിള്ളയുടെ ജനനം. തിരുവനന്തപുരത്ത് തന്നെ സ്‍കൂള്‍, കോളേജ് പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടി. അധ്യാപകനായും സര്‍ക്കാര്‍ ഓഫീസില്‍ ഗുമസ്‍തനായും ജോലി ചെയ്‍ത ശേഷം അവകാശ നിഷേധത്തില്‍ പ്രതിഷേധിച്ചാണ് ജോലി രാജിവെച്ചത്. പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിഎല്‍ ബിരുദം നേടി. അഭിഭാഷ ജോലിക്കൊപ്പമാണ് പൊതുരംഗത്തേക്കും പ്രവേശിച്ചത്. 1968 ഏപ്രിലില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹം പട്ടത്തെ സ്വവസതിയില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെ 1970 ജൂലൈ 27ന് മരണപ്പെടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios