കല, അത് ഏത് കടലും കടന്ന് സഞ്ചരിക്കും... അതിന്‍റെ ഉത്തമ ഉദാഹരണങ്ങളെത്രയുണ്ട്. 'ഓരോ കുഞ്ഞും ആര്‍ട്ടിസ്റ്റാണ്. വളരുമ്പോള്‍ അതെങ്ങനെ നിലനില്‍ക്കുന്നുവെന്നതാണ് പ്രശ്‍നം' എന്ന് പറഞ്ഞത് ചിത്രകാരനായ പാബ്ലോ പിക്കാസോ ആണ്. എന്നാല്‍, ചിലര്‍ വളരുമ്പോഴായിരിക്കും വരയ്ക്കുന്നത്. തന്‍റെയുള്ളിലെ കലയെ പുറത്തേക്ക് കുടഞ്ഞിടാന്‍ പലര്‍ക്കും പല കാരണങ്ങളുമുണ്ടാവും. ചിലര്‍, അറിയാതെ വരച്ചുപോകും. ചിലര്‍ക്ക് വരച്ചേ തീരൂവെന്ന് തോന്നും. ഇല്ലെങ്കില്‍ ഒരു നിലനില്‍പ് പോലും സാധ്യമല്ലാത്ത രീതിയില്‍ കലയവരെ ഉള്ളില്‍നിന്നും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. ഇവിടെ ജോദയ്യ എന്ന ആദിവാസി സ്ത്രീയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. തന്‍റെ ജീവിതത്തിന്‍റെ പകുതിയിലേറെ കാലമായി അവര്‍ വരയ്ക്കുന്നു. തന്‍റെ പ്രിയപ്പെട്ടവന്‍റെ വേര്‍പാട് തന്ന വേദനയെ മറകടക്കാനായിട്ടാണ് അവരാദ്യമായി വരച്ചു തുടങ്ങിയത്. 

ഇപ്പോഴിതാ, മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലെ ഈ എണ്‍പതുകാരിയായ ആദിവാസി സ്ത്രീ വരച്ച ചിത്രം ഫാഷന്‍റെയും ഡിസൈനിങ്ങിന്‍റേയും തലസ്ഥാനം തന്നെയായ ഇറ്റലിയിലെ മിലാനില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ജോദയ്യ ബായ് ബൈഗ എന്ന സ്ത്രീ വരച്ച ചിത്രങ്ങളാണ് ഇറ്റലിയില്‍ പ്രദര്‍ശനത്തിനെത്തുക. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജോദയ്യയുടെ ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് അവര്‍ പെയിന്‍റിങ് ചെയ്‍തു തുടങ്ങിയത്. 

ശനിയാഴ്‍ച ANI -യോട് സംസാരിക്കവെ ജോധയ്യ പറഞ്ഞത്, ''ഞാനെല്ലാ തരത്തിലുമുള്ള മൃഗങ്ങളേയും ഒക്കെ വരക്കും. എന്‍റെ ചുറ്റും കാണുന്നതെല്ലാം ഞാന്‍ വരയ്ക്കാറുണ്ട്. പെയിന്‍റിങ് അല്ലാതെ വേറൊന്നും ഞാനിപ്പോള്‍ ചെയ്യാറില്ല. വരയ്ക്കുന്നതിനായി ഇന്ത്യയുടെ പലഭാഗങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് മരിക്കുന്നത്. ആ വേദനയെ മറികടക്കാനും അതിജീവിക്കാനും എന്തെങ്കിലും ചെയ്യണമായിരുന്നു. വീട്ടുകാരെ നോക്കണമായിരുന്നു. അങ്ങനെയാണ് വരച്ചുതുടങ്ങുന്നത്'' എന്നും ജോധയ്യ പറയുന്നു. 

ഒരു അന്താരാഷ്ട്രവേദിയില്‍ തന്‍റെ ചിത്രമെത്തുന്നു, അത് അംഗീകരിക്കപ്പെടുന്നുവെന്നതില്‍ വളരെയധികം സന്തോഷമുണ്ട് എന്നും ജോദയ്യ പറയുന്നു. ആഷിഷ് സ്വാമിയാണ് ജോദയ്യയുടെ ചിത്രരചനയിലെ ഗുരു. 2008 മുതലാണ് ചിത്രരചന പഠിക്കുന്നതിനായി ജോദയ്യ ആഷിഷിനടുത്തെത്തുന്നത്. ''ഏത് വേദനകള്‍ക്കിടയിലും പ്രശ്‍നങ്ങള്‍ക്കിടയിലും ജോദയ്യ വരച്ചിരുന്നുവെന്നും ഇങ്ങനെയൊരു വേദിയില്‍ ആ ചിത്രങ്ങളെത്തുന്നതില്‍ സന്തോഷമുണ്ട്'' എന്നും അദ്ദേഹം പറയുന്നു. 

മാത്രമല്ല, കൃത്യമായ വിദ്യാഭ്യാസമോ പരിഗണനയോ കിട്ടാത്തവരാണ് ഈ മേഖലയിലെ ആദിവാസികള്‍. ആ ആദിവാസി സമൂഹത്തിന് തന്നെ ഇത് അഭിമാനമാണ്. കൂടാതെ, ഇനിയും ഇങ്ങനെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അതവര്‍ക്ക് പ്രോത്സാഹനമാവുകയും ചെയ്യും. ഇനിയും വൈകിയിട്ടില്ല, ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ ജോദയ്യയെ തേടിയെത്താനുണ്ട് എന്നും ആഷിഷ് പറയുന്നു.