Asianet News MalayalamAsianet News Malayalam

കാശില്ലാത്തതിനാല്‍ അന്ന് വാങ്ങാന്‍ പറ്റാതെപോയ ഗ്രൂപ്പ് ഫോട്ടോ!

ആ ഫോട്ടോയുടെ കഥ എ.കെ.പി ജുനൈദ് എഴുതുന്നു

behind the photograph by AKP Junaid
Author
Thiruvananthapuram, First Published Nov 19, 2020, 3:46 PM IST
  • Facebook
  • Twitter
  • Whatsapp

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

behind the photograph by AKP Junaid

 

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഫോട്ടോയുടെ വില എന്തെന്ന് മനസ്സിലായത്. യൂ.പി. സ്‌കൂളില്‍നിന്നും ഹൈസ്‌കൂളിലേക്ക് പോകുന്നത് സ്വപനം കണ്ട നാളുകള്‍. അന്നേരത്താണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന കാര്യം മുന്നില്‍ വന്നത്. 

അതോടെ ഉല്‍സാഹരമായി. രാവിലെ 9.45 -ന് മദ്രസ കഴിഞ്ഞു വന്നു കുളിച്ചു മുടിചീകി ഉമ്മയുടെ വക പൗഡറും ഇട്ടു കുട്ടപ്പനായി ഒരുങ്ങി സ്‌കൂളിലേക്ക് ഒറ്റ പോക്ക്. അന്നത്തെ പ്രത്യേക ഒരുക്കത്തിന് ഒരു പ്രധാന കാരണവുമുണ്ട്. അന്നാണ് ഞങ്ങളുടെ എ.എം.യൂ.പി  സ്‌കൂളില്‍ എല്ലാ ക്ലാസ്സുകളുടെയും ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. ചമഞ്ഞൊരുങ്ങി ഒരു കിലോമീറ്റര്‍ നടന്നു വേണം സ്‌കൂളിലെത്താന്‍.ഫോട്ടോയില്‍ വരുന്ന ഭാവങ്ങള്‍ ചിന്തിച്ചും, ഗ്രൂപ്പ് ഫോട്ടോയില്‍ എവിടെ നിന്നാലാണ് ശരിക്കും കാണുക എന്നൊക്കെ ചിന്തിച്ചുമാണ് നടത്തം. സ്‌കൂളിന്റെ മുറ്റത്തു കാല്‍ വെച്ചതും അതാ ആദ്യ ബെല്‍ അടിക്കുന്നു. രണ്ടാം ബെല്‍ അടിച്ചതോടെ  അസംബ്ലിക്ക് തുടക്കം. 

അസംബ്ലി പിരിഞ്ഞതും ക്ലാസ് തുടങ്ങി. ക്ലാസ്സ് ടീച്ചര്‍ ഷാജന്‍ മാഷിന്റെ ഇംഗ്‌ളീഷ്  ക്ലാസ്സ് കഴിയണം. അന്നെന്താണെന്നറിയില്ല ഷാജന്‍ മാഷും സന്തോഷത്തിലായതോണ്ട് വലിയ തരക്കേടില്ലാതെ ഒന്നാം പിരീയഡിന്റെ ബെല്‍ അടിച്ചു. അടുത്ത പിരീയഡ് ക്ലാസെടുക്കാന്‍ വന്നത് ഗണിതാധ്യാപകനായിരുന്ന പവിത്രന്‍ മാഷും. മുമ്പ് പറഞ്ഞ രണ്ടാമത്തെ ക്ലാസിനു തുടക്കം. എന്താണെന്നറിയില്ല സ്ഥിരം പേടിച്ചിരുന്ന ക്ലാസുകള്‍ അന്ന് സന്തോഷമാണ് തന്നത്. 

 

behind the photograph by AKP Junaid

 

രണ്ടാം പിരീയഡിന്റെ അവസാനമായപ്പോഴാണ് ഞങ്ങളുടെ ക്ലാസ്സിന്റെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി വിളിച്ചത്. എല്ലാവരും സന്തോഷത്തോടെ ഫോട്ടോ സെഷന്‍ നടക്കുന്നിടത്ത് എത്തി. ഫോട്ടോഗ്രാഫറുടെ ഒരുക്കങ്ങള്‍ നടക്കുമ്പോഴേക്കും ഫോട്ടോയുടെ നടുവില്‍ സ്ഥിരം ഇരിപ്പിടം ഒരുക്കിയിരുന്ന ക്ലാസ്സ് ടീച്ചറുടെ തൊട്ടു പിറകിലായി നല്ല ഒരു സ്ഥലത്ത് ഞാന്‍ സ്ഥലം പിടിച്ചു. എന്നാല്‍ ഫോട്ടോഗ്രാഫര്‍ എന്തോ ആംഗ്യം കാണിച്ച് എനിക്കു നേരെ കൈ ചൂണ്ടി സ്ഥലം മാറ്റിച്ചു. പൊസിഷന്‍ മാറ്റി പിടിപ്പിച്ചെങ്കിലും അറിയാത്ത പോലെയൊക്കെ നിന്ന് പതിയെ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ നൂണുകയറി നിന്നു. 

എല്ലാവരും റെഡി ആയി. ഫോട്ടോഗ്രാഫറുടെ ചിരിക്കാനുള്ള നിര്‍ദ്ദേശം വന്നു. 

''ഇവിടെ നോക്കൂ... വണ്‍... ടൂ... ത്രീ. . ക്ലിക്ക്...!'

അന്നത്തെ കാലത്ത് ഫിലിം ക്യാമറകള്‍ ആയതിനാല്‍ എടുത്ത ഫോട്ടോ അപ്പോള്‍ തന്നെ കാണാനുള്ള മാര്‍ഗ്ഗമില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ഫോട്ടോ കഴുകി സ്‌കൂളില്‍ വിതരണത്തിനെത്തുന്നത് വരെ കാത്തിരിക്കണം. ഫോട്ടോ വേണ്ടവരോട് പത്തു രൂപ കൊണ്ട് വരാന്‍ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞിരുന്നു. ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ ക്യാഷ് ചോദിച്ചെങ്കിലും എനിക്ക് കിട്ടിയില്ല. അതില്‍ പരിഭവവുമില്ല, കാരണം, അന്നത്തെ സ്ഥിതി അതായിരുന്നു. 

മറ്റു കുട്ടികള്‍ ഫോട്ടോ വാങ്ങുമ്പോള്‍ അതില്‍ നിന്നും കാണാമല്ലോ എന്ന നിര്‍ദ്ദേശം കിട്ടിയതോടെ എല്ലാ സ്വപ്‌നങ്ങളും ഉപേക്ഷിച്ചു. 

അത് ഒരു വ്യാഴാഴ്ച ആയിരുന്നു. ഫോട്ടോ കിട്ടുന്ന ദിവസം എല്ലാവരും സമയം നോക്കി കാത്തിരുന്നു. ക്ലാസ്സ് ടീച്ചര്‍ ഫോട്ടോയുമായി ക്ലാസിലേക്കു വരുന്നു. പണം കൊടുത്തവര്‍ക്കൊക്കെ ഫോട്ടോ വിതരണം ചെയ്തു. ആശിച്ചു കൊതിച്ചിരുന്ന ഫോട്ടോ ഒരു നോക്കു കാണാന്‍ കൂട്ടുകാരനെ ആശ്രയിച്ചു. അവന്‍ വാങ്ങിയ ഫോട്ടോയില്‍ കണ്ണിമയനക്കാെത നോക്കിയിരുന്നു.

സ്‌കൂള്‍ കഴിഞ്ഞു പോയി കൂട്ടുകാരൊക്കെ പല വഴിക്ക് പിരിഞ്ഞപ്പോള്‍ ആ ഫോട്ടോ ഇടയ്ക്കിടെ ഓര്‍ത്തു. എങ്ങനെയെങ്കിലും അത് വാങ്ങാമായിരുന്നു. ആഗ്രഹിച്ചിട്ട് മാത്രം കാര്യമില്ലല്ലോ, കഴിയണ്ടേ എന്ന് രണ്ടാമത് ആേലാചിക്കും.

അങ്ങനെയിരിക്കെ എത്രയോ കാലങ്ങള്‍ക്കു ശേഷം ഈയടുത്ത് ആ ഫോട്ടോ ഞാന്‍ വീണ്ടും കണ്ടു. പിന്നെ ഒറ്റ പൈസയും മുടക്കാതെ ഞാനതിന്റെ സോഫ്റ്റ് കോപ്പി സ്വന്തമാക്കി. എന്റെ മൊബൈല്‍ ഫോണിന്റെ ഗാലറിയില്‍ അതിങ്ങനെ കിടക്കുന്നുണ്ട്. 

ആ ഫോട്ടോ കയ്യില്‍ കിട്ടാന്‍ പതിമൂന്ന് കൊല്ലം കാത്തിരിക്കേണ്ടി വന്നു. അതിനിടയ്ക്ക്, ക്ലാസില്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ കല്ല്യാണത്തിനു ആ ഫോട്ടോ ഗിഫ്റ്റ് ആയി കൊടുക്കാന്‍ എല്ലാവരും കൂടി ആലോചിച്ചിരുന്നു. ഗിഫ്റ്റുകള്‍ക്കിടയിലെ ഏറ്റവും മൂല്യമേറിയ ആ ഗിഫ്റ്റ് കാണാന്‍ ഞാനും കൊതിച്ചു നിന്നു. പക്ഷേ, ഫ്രെയിം ചെയ്ത് വര്‍ണ്ണകടലാസ്സില്‍ പൊതിഞ്ഞാണ് കടയില്‍നിന്നും അതു കിട്ടിയത്. അതിനാല്‍, അത് കാണാന്‍ കഴിഞ്ഞില്ല. 

ഏഴാം ക്ലാസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ആ ഫോട്ടോ പിന്നെയെനിക്ക് കിട്ടുന്നത്. ഡിലീറ്റ് ആയിപോകുമോ എന്ന ഭയത്തോടെ അപ്പാള്‍ തന്നെ ഫയല്‍ മാനേജറില്‍ പോയി അത് മെമ്മറിയിലേക്ക് കോപ്പി ചെയ്തു വെച്ചു. ഇപ്പോള്‍ ഞാനും ആ ഫോട്ടോയുടെ ഉടമയാണ്. എപ്പോള്‍ വേണമെങ്കിലും കാണാവുന്ന അത്ര അരികില്‍. 

Follow Us:
Download App:
  • android
  • ios