ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

 

ജോലി ചെയ്യുന്ന ഭക്ഷണശാലയിലെ കട്ടിംഗ് വേസ്റ്റുകള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി മുനിസിപ്പാലിറ്റിക്കാരന്റെ ചുവന്ന വണ്ടിയില്‍ വിജനമായ മരുഭൂമിയിലെവിടെയോ ഉപേക്ഷിക്കുകയായിരുന്നു പതിവ്.

 

അതിനിടക്ക് ഒരു സായാഹ്നത്തില്‍ കടല്‍ കരയില്‍ കാറ്റ് കൊള്ളാന്‍ വേണ്ടി സിമന്റ് തറയില്‍ ഇരിക്കുമ്പോഴാണ് കൂട്ടമായെത്തിയ പരല്‍ മീനുകള്‍ കണ്ണിലുടക്കിയത്. കൊറിച്ചുകൊണ്ടിരുന്ന കടലമണികള്‍ രണ്ടെണ്ണം വെള്ളത്തിലെറിഞ്ഞപ്പോള്‍ അവകള്‍ അത് തിന്നാനായി കലപില കൂട്ടുന്നത് കണ്ടു. അപ്പോള്‍ ബാക്കി വന്ന റൊട്ടിക്കഷണങ്ങളെ കുറിച്ചോര്‍ത്തു.

ചെറുതായി നുറുക്കിയ റൊട്ടിക്കഷണങ്ങള്‍ വെള്ളത്തിലേക്കിട്ടതോടെ മീനുകള്‍ കൂട്ടമായെത്തി കൊത്തിവലിക്കാന്‍ തുടങ്ങി. അന്നു മുതല്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ കയ്യില്‍ ഒരു സഞ്ചിയും കരുതി. അതില്‍ ഇത്തിരി റൊട്ടി കഷണങ്ങളും.

ഒരു വൈകുന്നേരം, പതിവുപോലെ പ്ലാസ്റ്റിക് സഞ്ചി കിട്ടാത്തതിനാല്‍ കൈ കുമ്പിളില്‍ നിറയെ ബ്രഡ് കഷണങ്ങളുമായി വരുന്ന എന്നെ ഒരു ദേശാടന പക്ഷി തടഞ്ഞുവച്ചു.

എല്ലാവര്‍ഷവും നല്ല കാലാവസ്ഥ തേടി ലോകത്തിന്റെ ഏതോ ഭാഗത്ത് നിന്ന് യാത്ര തിരിച്ച് ഞങ്ങളുടെ ഷാര്‍ജ ബുഹൈറ കോര്‍ണിഷിലും കുറച്ചു നാള്‍ താമസിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി എങ്ങോ പോയി മറയുന്ന പക്ഷിക്കൂട്ടങ്ങളെ, ദൂരെ നിന്ന് നോക്കാറുണ്ടെങ്കിലും അതിന്റെ അടുത്ത് പോകാനോ ഭംഗി ആസ്വദിക്കാനോ മുമ്പൊരിക്കലും ശ്രമിച്ചിട്ടില്ല. കോര്‍ണിഷിലെ കമ്പിവേലിയില്‍ നിരയായി വിശ്രമിക്കുന്ന അവകള്‍ ഇടക്ക് താഴെ പുല്‍മെത്തയിലും ഒന്നിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

പക്ഷെ ഇന്ന് പക്ഷികള്‍ എന്നെ വലയം ചെയതു പറക്കുകയാണ്. ഭക്ഷണം ഞങ്ങള്‍ക്ക് നല്‍കാതെ ഒരടി മുന്നോട്ട് വെക്കാന്‍ അനുവദിക്കില്ലെന്ന മട്ടില്‍.

കൊടും ചൂട് സഹിക്കാന്‍ പറ്റാതെ നാട് വിട്ടിറങ്ങിയ അഭയാര്‍ത്ഥികളാണോ അതോ നല്ല കാലാവസ്ഥ തേടിയെത്തിയ ദേശാടകരാണോ എന്ന് സംശയിച്ചു പോയി ഞാന്‍.

ഏതായാലും വഴങ്ങുകയല്ലാതെ നിര്‍വ്വാഹമില്ല എന്ന തിരിച്ചറിവ് ശേഷമുള്ള ദിവസങ്ങളില്‍ അവര്‍ യാത്ര പോകുന്നതുവരെ ഭക്ഷണപ്പൊതി അവര്‍ക്കു വേണ്ടി നീക്കിവച്ചു.