Asianet News MalayalamAsianet News Malayalam

അവളിപ്പോള്‍ ഈ ഫോട്ടോയില്‍ മാത്രമേയുള്ളൂ...

ആ ഫോട്ടോയുടെ കഥ. പാതിവഴിയില്‍ ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയ കൂട്ടുകാരി. റഫീസ് മാറഞ്ചേരി എഴുതുന്നു

behind the photograph by Rafees Maranchery
Author
Thiruvananthapuram, First Published Nov 3, 2020, 3:33 PM IST

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

behind the photograph by Rafees Maranchery

 


സഹപാഠി ജബ്ബാറില്‍ നിന്നാണ് മറ്റൊരു സഹപാഠി വഴി സ്‌കൂളിലെ പൂക്കള മത്സരത്തിന്റെ ചിത്രം വാട്ട്‌സ്ആപ്പ് വഴി ഗാലറിയില്‍ വന്നു വീഴുന്നത്. ട്രോളും ഫോര്‍വേര്‍ഡും വര്‍ത്തയുമൊക്കെയായി കളം നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളില്‍ മുഖങ്ങള്‍ വ്യക്തമല്ലാതിരുന്നിട്ടും കാലപ്പഴക്കം  വര്‍ണ്ണപ്പൊലിമ കവര്‍ന്നിട്ടും  കൂടി ആ ചിത്രം ഓര്‍മ്മകളെ തഴുകിയുണര്‍ത്തി.

രണ്ടായിരത്തി നാലാമാണ്ടില്‍ മാറഞ്ചേരി സ്‌കൂളില്‍ വെച്ചെടുത്ത ഈ ചിത്രത്തിലുണ്ട്, ഉള്ളില്‍ നീറ്റലേല്‍പിക്കുന്നൊരു നേരം. ഓണക്കാലമായിരുന്നു. സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ നിന്നെടുത്ത കരിക്കട്ട കൊണ്ട് ക്ലാസ് മുറിയിലെ സിമന്റ് തറയില്‍ അഭിലാഷ് വരച്ച കോലത്തില്‍ വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു. പൂക്കളത്തിലെ ഇരുണ്ട നിറമുള്ള ഭാഗം നിറയ്ക്കാന്‍ പൂക്കള്‍ തികയാതെ വന്നപ്പോള്‍ സ്‌കൂളിനടുത്തുള്ള വീട്ടിലെ  അടുക്കള തോട്ടത്തില്‍ നിന്നുള്ള  ചുവന്ന ചീര നിര്‍ദ്ദേശിച്ചതും വളപ്പില്‍ നിന്നും കടത്തിയതും ജബ്ബാര്‍.  അരിഞ്ഞു തള്ളിയത്  ക്ലാസ്സ് ലീഡര്‍ അനീഷാണെങ്കില്‍ കളം നിറച്ചത് ശുഭയും മഞ്ജുവും സരിതയും നിമിഷയും ഷമീനയുമൊക്കെ ചേര്‍ന്ന്. കാര്യങ്ങള്‍ നിയന്ത്രിച്ച് നായരും മാരാരും പ്രശോബും വിജീഷും സജീഷും ശബാബും സുജീന്ദ്ര നാഥും. മറ്റുള്ള ക്ലാസുകള്‍  കയറിയിറങ്ങി രാകേഷും വലിയ അഭിലാഷും ചെറിയ അഭിലാഷും ജനീഷും അജ്മലും നിബിനും വിനീഷും രതീഷും  ജംഷാബുമൊക്കെ ജഡ്ജസിനു മുമ്പേ മറ്റുള്ള പൂക്കളങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുന്നു.

അവിടെ അവളുമുണ്ടായിരുന്നു.  മുഖത്തെപ്പോഴും പുഞ്ചിരി. കളിയാക്കലുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉരുളക്കുപ്പേരി  പോലെ മറുപടി.  എന്തിനെയും തന്റേടത്തോടെ നേരിട്ടിരുന്നവള്‍. മൂക്കുതലയെന്ന ഗ്രാമീണ വിശുദ്ധിയില്‍ നിന്നും അക്ഷരവെളിച്ചം തേടി മാറഞ്ചേരി സ്‌കൂളിലെത്തിയവള്‍. മറുവാക്ക് നല്‍കാതെ ഒരു ചോദ്യവും ചിരി സമ്മാനിക്കാതെ ഒരു നോട്ടവും മടക്കിയ ചരിത്രമില്ലാത്തതിനാലവും അവള്‍ ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു. വാര്‍ഷിക പരീക്ഷയും കഴിഞ്ഞ് ഡിഗ്രി പഠനവും ജോലിയുമൊക്കെയായി  പലരും പലവഴിക്ക് പിരിഞ്ഞ കാലത്താണ് അവള്‍ ഭൂമിയില്‍ നിന്നേ പൊഴിഞ്ഞു പോയത്.

സൗഹൃദം  കത്തെഴുത്തില്‍ നിന്ന് ടെലിഫോണ്‍ സംഭാഷണത്തിലേക്കും  പിന്നീട് മൊബൈല്‍ കോളിലേക്കും എസ് എം എസിലേക്കും അവിടെ നിന്ന് സൈബര്‍ ലോകത്തേക്കും പാലായനം ചെയ്ത് ഫെയ്സ്ബുക്ക്, വാട്ട്‌സ്ആപ്പ്  ഗ്രൂപ്പുകളുമൊക്കെയായി സ്‌കൂളിനും ക്ലാസ് റൂമിനും പ്രത്യേകം പ്രത്യേകം കൂട്ടായ്മകളുമൊക്കെയായി വളര്‍ന്നെങ്കിലും  അവിടങ്ങളിലെല്ലാം മറ്റൊരാള്‍ക്ക് നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ച് ഇന്നുമവളുടെ  മുഖം. മറവിയോട് കലഹിച്ച് അവളുടെ ചിരിയും വാക്കും.

 

behind the photograph by Rafees Maranchery

 

മിക്കവരുടെയും ജീവിതത്തിലുണ്ടാവും അങ്ങിനെ ഒരാള്‍. പാതി പറഞ്ഞ് നിര്‍ത്തിയ കഥ പോലെ, അപൂര്‍ണ്ണമായ ഒരു ചിത്രം പോലെ ഒരാള്‍. അമ്പത് പേരുണ്ടായിരുന്ന ക്ലാസിലെ മുപ്പത് പേരുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മിണ്ടിപ്പറയുന്നത് അഞ്ചുപത്ത് പേരാണെങ്കിലും മറ്റുള്ളവരെല്ലാം സന്ദേശങ്ങള്‍ കാണുന്നുണ്ടെന്ന് നമ്മള്‍ വിശ്വസിക്കും.  അങ്ങിനെ ഒന്നും മിണ്ടിയില്ലെങ്കിലും ഒരിക്കലും കണ്ടില്ലെങ്കിലും എവിടെയെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ചിലരുണ്ടാകും. ഇല്ലെന്ന യാഥാര്‍ഥ്യത്തെ മറന്ന് കൂടെയുണ്ടെന്ന്  സങ്കല്‍പ ലോകത്ത് പ്രതിഷ്ഠിച്ചവരുടെ കൂട്ടത്തിലാണ്  ഷൈജയുടെയും സ്ഥാനം.

ഇനി കാണുകയില്ലെന്ന യാഥാര്‍ഥ്യം മറന്ന് ഇപ്പോഴും മൂക്കുതല കണ്ണേങ്കാവ് പൂരത്തിലെ ആള്‍ക്കൂട്ടത്തിലും കൊയ്‌ത്തൊഴിഞ്ഞ പാടത്തെ പൂര വാണിഭ തിരക്കിലും ആ മുഖം തേടാറുണ്ട്. മുഖം തെളിഞ്ഞില്ലെങ്കിലും രൂപത്തിന് നിറം മങ്ങിയെങ്കിലും ചിത്രങ്ങള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. ആയുസ്സിന് കൊടുത്തത് നന്മയും സ്‌നേഹവും നല്ലവാക്കുമെങ്കില്‍ ചിത്രങ്ങള്‍ മരണാനന്തരവും കഥകള്‍ ചൊല്ലും; ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് ഹൃദയങ്ങളിലൂടെ സഞ്ചരിക്കും. ദേഹം വെടിഞ്ഞ ആത്മാവിന്റെ യാത്ര പിന്നീട് നമ്മുടെ ഓര്‍മ്മകളിലൂടെയാവും. സൗഹൃദത്തിന് ആഴമേറും  തോറും ചിരഞ്ജീവിയായി ഓര്‍മ്മ വേരുകള്‍ മനസ്സില്‍ കിടയ്ക്കും. മൊബൈല്‍ ഗാലറിയിലൂടെ പായുന്ന വിരലുകള്‍ നിശ്ചലമാകുമ്പോള്‍  തെളിയുന്ന ചിത്രം അപ്പോള്‍  ഒരായിരം കഥകള്‍ പറയും. ഷൈജ ഇന്നും മിണ്ടിക്കൊണ്ടേയിരിക്കുന്നു..

Follow Us:
Download App:
  • android
  • ios