Asianet News MalayalamAsianet News Malayalam

ഒരു സ്ത്രീയ്ക്ക് അണിയാവുന്ന ഏറ്റവും നല്ല ആഭരണം

പല്ലിനുമുണ്ടൊരു കഥ പറയാന്‍. ആ ഫോട്ടോയുടെ കഥ. റിഷ ശെയ്ഖ് എഴുതുന്നു


 

behind the photograph by Risha Sheikh
Author
Thiruvananthapuram, First Published Nov 5, 2020, 2:27 PM IST

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

behind the photograph by Risha Sheikh

 

ഇതൊരു ചിരിയുടെ കഥയാണ്. ഞാന്‍ ചിരിക്കാന്‍ പഠിച്ച കഥ. അല്ലെങ്കില്‍ എന്നോ എനിക്ക് നഷ്ടപ്പെട്ടുപോയ മനസു തുറന്നുള്ള ചിരി, അത് ഫോട്ടോയിലോ അല്ലാതെയോ ആയിക്കൊള്ളട്ടെ, എന്നിലേക്ക് തിരിച്ചു വന്ന കഥ. അതെനിക്ക് സമ്മാനിച്ച ആളാണ് എന്നോടൊപ്പം ഈ ഫോട്ടോയില്‍ കാണുന്നത്. കണ്ടില്ലേ, എന്നോടുള്ള സ്‌നേഹസൂചകമായ ഭാവത്തില്‍ അവള്‍ നില്‍ക്കുന്നത്. ആ പല്ലു കാണിച്ചു ചിരിച്ചു നില്‍ക്കുന്നതാണ് ഈ ഞാന്‍.

അന്നു ഞാന്‍ ബാംഗളൂരില്‍ ആണ്. മൊണ്ടേസോറി അധ്യാപന രീതിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ആധികാരികമായ കോഴ്‌സ് തിരഞ്ഞുള്ള യാത്ര ഒടുവില്‍ എന്നെ കൊണ്ടെത്തിച്ചത് അവിടെയായിരുന്നു. അറിയാത്ത നാടും ഭാഷയും ഒന്നും എനിക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. ദൈവാനുഗ്രഹത്താല്‍ നല്ലൊരു ഹോംസ്‌റ്റേ  കിട്ടുകയും ചെയ്തു. 

അവിടെ ഞങ്ങള്‍ മൂന്നു പേര്‍. അവസാനം വന്ന ആളാണ് പ്രിയ എന്ന എന്റെ പ്രിയപ്പെട്ട പ്രിയങ്ക. പാചകത്തിന്റെ എ ബി സി ഡി അറിയാത്ത എനിക്ക് ഭക്ഷണം വച്ചുണ്ടാക്കി തന്നു എന്നെ ഒരു അനിയത്തി കുട്ടിയെ പോലെ നോക്കിയവള്‍.

ഉറി (URI) സിനിമ ഇറങ്ങിയ സമയം. എങ്ങിനെയെങ്കിലും അത് പോയി കാണണമെന്നായി ഞങ്ങള്‍. മൂവരും മൂന്നു സമയത്താണ് ഫ്രീ ആകുക.  എന്നാലും ഞങ്ങള്‍ ഒരു ദിവസം നിശ്ചയിച്ചു, വൈകുന്നേരം സമയമുണ്ടാക്കി ആ പടം കാണാന്‍ പോയി. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തതും മറ്റും  പ്രിയയാണ്. ആ വൈകുന്നേരം ഒരു ഓട്ടം തന്നെയായിരുന്നു. ഞാന്‍ ക്ലാസ് കഴിഞ്ഞ ഉടന്‍ ഓടിപ്പിടിച്ചാണ് വീട്ടില്‍ എത്തിയത്. വിശപ്പും ദാഹവും സഹിക്ക വയ്യാതെ പ്രിയ ഉണ്ടാക്കി വച്ചിട്ട് പോയ ചോറും കറിയും ഒറ്റയിരുപ്പിന് അകത്താക്കി കുറച്ചു വെള്ളവും കുടിച്ചപ്പോഴാണ് സത്യം പറഞ്ഞാല്‍ സ്ഥലകാല ബോധം വന്നത്. പിന്നെ പോയി ഫ്രഷ് ആയി വന്നു ഡ്രസ് മാറി സിനിമക്കു പോകാന്‍ ഒരുങ്ങി. 

അപ്പോഴേക്കും പ്രിയയും തയ്യാറായിരുന്നു. കൂട്ടത്തിലെ മൂന്നാമനേയും കാത്തു അല്പം നേരം നില്‍ക്കേണ്ടി വന്നെങ്കിലും, സിനിമാ തിയറ്റര്‍ അടുത്തായിരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട്  ഉണ്ടായിരുന്നില്ല. അവള്‍ വന്നതും ഞങ്ങള്‍ തിയറ്ററിനെ ലക്ഷ്യമാക്കി വച്ചുപിടിച്ചു. സത്യത്തില്‍ ഓടുകയായിരുന്നു. കാശിത്തിരി കൂടിയാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വളരെ ഉപകാരപ്രദമാണെന്ന് അന്നാണ് മനസിലായത്. 

അവിടുത്തെ പ്രശസ്തമായ വെഗാ സിറ്റി മാളിലെ തിയറ്ററിലാണ് ഷോ നടക്കുന്നത്. അങ്ങിനെ അവിടുത്തെ ചെക്കിങ്ങും എസ്‌കലേറ്റര്‍ വഴിയുള്ള ഓട്ടവും ചാട്ടവും ഈ-ടിക്കറ്റ് എടുപ്പും എല്ലാം കഴിഞ്ഞു സ്‌ക്രീനിന്റെ മുന്നില്‍ ഒത്തനടുക്കുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സിനിമ കഴിയും വരെ വല്ലാത്തൊരു ടെന്‍ഷന്‍ ആയിരുന്നു. ഇടക്ക് നന്നായി കരയുകയും ചെയ്തു. ലോലഹൃദയരാണ് കരയുന്നതെന്ന് എല്ലാവരും പറയും. പക്ഷെ അങ്ങിനെയല്ല, കടലോളം സങ്കടം ഉള്ളിലൊതുക്കി നടന്നു കരയാന്‍ ഒരു കാരണം കിട്ടണമേ എന്ന് പ്രാര്‍ത്ഥിച്ചു നടക്കുന്നവരുമുണ്ട്. അവരുടെ മനസ്സ് ദൃഢമായിരിക്കും. അങ്ങിനെ കരഞ്ഞു തീര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരാശ്വാസം ഉണ്ടല്ലോ, അതൊന്ന് വേറെ തന്നെയാ. പിന്നെ ആ സിനിമയും അത്യുഗ്രനായിരുന്നു. പട്ടാളക്കാരോട് ഉണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും എല്ലാം പതിന്മടങ്ങു വര്‍ധിച്ചെന്നു വേണം പറയാന്‍. 

സിനിമ കഴിഞ്ഞു ദേശസ്‌നേഹം മനസ്സില്‍ നിറഞ്ഞങ്ങനെ നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ തിയറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങി. ഒരു വല്ലാത്ത വികാരമായിരുന്നു ഉള്ളു നിറയെ. ഇരുണ്ടുകൂടിയ കാര്‍മേഘമായി വന്ന് ഇടിച്ചു കുത്തി പെയ്ത മഴയ്ക്ക് ശേഷമുള്ള തെളിമാനം കണക്കെ എല്ലാവരുടെയും മുഖത്തൊരു പ്രകാശം. ഒപ്പം നേര്‍ത്തപുഞ്ചിരിയും. 

അപ്പോള്‍ പ്രിയ പറഞ്ഞു, 'നമുക്ക് ഫോട്ടോ എടുക്കാം.'

തുടക്കത്തില്‍ തിയറ്ററില്‍ കയറും മുന്‍പെ ഒന്നു രണ്ടു ഫോട്ടോ എടുത്തതല്ലാതെ വേറെ ഒന്നും ചെയ്തിരുന്നില്ല. ആ കുറവ് പരിഹരിക്കാനായി ഞങ്ങള്‍ മൂന്നു പേരും ചറപറാ ഫോട്ടോസ് എടുത്തു. എല്ലാത്തിലും എന്റെ സ്ഥായിഭാവം പല്ലു കാണിയ്ക്കാതെയുള്ള, ചിരിയോ കരച്ചിലോ എന്ന് വേര്‍തിരിച്ചറിയാനാകാത്ത ഒരു തരം നിസ്സംഗത. 

അത് കണ്ടു പ്രിയ പറഞ്ഞു, 'ഇതെന്ത് ഭാവമാണ്, ആ പല്ലുകളൊന്നു കാണിച്ചു ചിരിയ്‌ക്കെന്നേയ്'

ഇല്ലെടാ, കാണാന്‍ ഭംഗിയുണ്ടാകില്ല-ഞാന്‍ പറഞ്ഞു. 

'ഒന്നു ശ്രമിച്ചു നോക്കാമല്ലോ'

അവളുടെ പരാതി തീര്‍ക്കാനായി ഞാന്‍ സര്‍വത്ര പല്ലും കാണിച്ചു ചിരിച്ചു. 'അരെ വാഹ് , സൂപ്പര്‍ബ്'

 

behind the photograph by Risha Sheikh

 

ആ ഫോട്ടോ അവളെന്നെ കാണിച്ചു. ഞാന്‍ ഞെട്ടി. ഇതു ഞാന്‍ തന്നെയല്ലേ. മുന്നിലെ പല്ലിനൊരു വിടവുണ്ടായിരുന്നു. അതിന്റെ കളിയാക്കല്‍ സഹിക്കവയ്യാതെ ആ വിടവ് വന്ന അന്നു തൊട്ടു പല്ലിളുത്തിയുള്ള ചിരി പാടെ ഉപേക്ഷിച്ചതാണ് ഞാന്‍. പിന്നീട് ആ വിടവിനെ ഒരു മികച്ച ദന്ത ഡോക്ടറുടെ സഹായത്തോടെ നികത്തുകയും വീണ്ടും ബൈക്കില്‍ നിന്നു വീണു അതിലും വലിയ വിടവു വരികയും, ഒടുക്കം മൊത്തത്തില്‍ ഒരു റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റിലൂടെ ആ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കുകയും ചെയ്തതാണ്. എന്നാലും ആ പല്ലു കാണിച്ചുള്ള ചിരി എങ്ങോ മാഞ്ഞുപോയിരുന്നു. 

ഇടയ്‌ക്കെപ്പോഴോ ഒരു ശ്രമം നടത്തിയെങ്കിലും അതത്ര ഫലപ്രദമായില്ല. എന്നോ ഞാന്‍ മറന്നുപോയ മനസുതുറന്നുള്ള ആ ചിരിയാണ് അറിയാതെ ആണെങ്കിലും അവള്‍ എനിക്ക് തിരികെ തന്നത്. അന്നെടുത്ത ഫോട്ടോയിലെ ഒടുവിലത്തെ ഫോട്ടോയാണ് ഇത്. അവളോടുള്ള സ്‌നേഹം ഒരു ആലിംഗനത്തില്‍ ഒതുക്കിയത് കൊണ്ട് ആ ചിരി സഹിതം ഞാന്‍ പറഞ്ഞ  കഥയെ വരച്ചിടാനുള്ള ഒരു ചിത്രം എനിക്ക് കിട്ടി. ഈ കുറിപ്പും അവള്‍ക്കു വേണ്ടിയാണ്. എന്നോട് ഒരുപാട് സ്‌നേഹമുള്ള എന്റെ പ്രിയപ്പെട്ട പ്രിയയ്ക്ക് വേണ്ടി. നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ. 

ഇന്നും ആ മനസ്സ് തുറന്നുള്ള ചിരി ഞാന്‍ കൊണ്ടു നടക്കുന്നു. പല്ലിനെ പറ്റി പറഞ്ഞു കളിയാക്കിയ ഓരോരുത്തരോടുമുള്ള മധുര പ്രതികാരമായി ആ ചിരി എപ്പോഴും ഒരലങ്കാരമായി എടുത്തണിയാറുണ്ട്. ഒരു സ്ത്രീക്ക് അണിയാവുന്ന ഏറ്റവും നല്ല ആഭരണം ചിരി തന്നെയാണെന്ന് ഞാനും വിശ്വസിക്കുന്നു.

Follow Us:
Download App:
  • android
  • ios