ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

 

 

ഹംപിയിലേക്കുള്ള യാത്രക്കിടയിലാണ് ഹൈവേയുടെ വശത്തുകൂടി ആടുകളെ കൂട്ടത്തോടെ കൊണ്ട്  പോകുന്ന ഇടയന്മാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

വണ്ടി ഒതുക്കി നിര്‍ത്തി ഒരു പടം പിടിക്കാന്‍ ഇറങ്ങി നിന്നപ്പോഴേക്കും അവര്‍ ഇടവഴിയിലൂടെ മറഞ്ഞു. ആ കാഴ്ച പകര്‍ത്താന്‍ പറ്റാത്ത നിരാശയിലായിരുന്നു പിന്നീടുള്ള ഡ്രൈവ് . ഹോസ്പട്ട്  കഴിഞ്ഞതും നിരാശ മാറി, കാരണം പിന്നങ്ങോട്ട് ആട്ടിന്‍ കൂട്ടങ്ങളുടെ ഒരു 'ചാകര' തന്നെയായിരുന്നു.

ആദ്യത്തെ കൗതുകവും ഫോട്ടോ എടുപ്പും കഴിഞ്ഞപ്പോള്‍ പിന്നെ ഇടയന്‍മാരെ പറ്റിയായി ചിന്ത. അവരെങ്ങനെയാവും ജീവിക്കുന്നത്?

വൈകിട്ട് താമസസ്ഥലത്തു ചെന്ന് ഗൂഗിള്‍ പരതിയപ്പോള്‍ കുറച്ചു വിവരങ്ങള്‍ ലഭിച്ചു. കുറുബ സമുദായത്തില്‍ പെട്ടവരാണ് കര്‍ണാടകത്തിലെ ഇടയന്മാര്‍. കന്നടയില്‍ 'കുരി' എന്നാല്‍ ആട് എന്നാണര്‍ത്ഥം. അങ്ങിനെ ആടിനെ മേയ്ക്കുന്നവര്‍ കുറുബര്‍ ആയി. ആ വാക്കിന് പോരാളി എന്ന മറ്റൊരര്‍ത്ഥം കൂടിയുണ്ട്.

വിജയനഗര സാമ്രാജ്യത്തിനു അടിത്തറയിട്ട സംഗമ രാജവംശം കുറുബരില്‍ നിന്നാണ് തുടങ്ങിയത് എന്നാണ് രാമചന്ദ്ര ചിന്താമണി ധേരെ എന്ന പ്രശസ്ത മറാത്തി എഴുത്തുകാരന്റെ പുസ്തകം പറയുന്നത്. വലിപ്പം കൊണ്ട് കര്‍ണാടകയിലെ  മൂന്നാമത്തെ വലിയ സമുദായമാണ് കുറുബകള്‍. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമുദായത്തില്‍ നിന്നുള്ള ആളാണ്.  

ഞാന്‍ താമസിച്ച സനാപൂര്‍ ഗ്രാമത്തില്‍ നിന്നും ഇരുപത്തിയേഴു കിലോമീറ്റര്‍ മാറിയാണ് ഹംപി. രാവിലെ വണ്ടി ഓടിച്ചു പോകുമ്പോള്‍ വഴിയരികിലെ പാറയുടെ മുകളില്‍ ഇടയന്മാരുടെ ടെന്റ് ശ്രദ്ധയില്‍ പെട്ടിരുന്നു. രണ്ടാം ദിവസം വൈകിട്ട് തിരിച്ചു പോരുമ്പോള്‍ പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ടെന്റിനു മുന്നില്‍ നില്‍ക്കുന്നു. 

ഞാന്‍ വണ്ടി ഒതുക്കി, അങ്ങോട്ട് കയറി ചെന്നു. ഭാഷ അറിയില്ല. അതിനാല്‍, ഫോണ്‍ കാണിച്ച് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ആംഗ്യഭാഷയില്‍ ചോദിച്ചു. രണ്ടു കൈയും വീശി, 'പറ്റില്ല' എന്ന് പറഞ്ഞ് അവള്‍ അകത്തേക്ക് പോയി. അടി കിട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഞാന്‍ വേഗം സ്ഥലം കാലിയാക്കി!

വീണ്ടും മുറിയില്‍. വീണ്ടും ഗൂഗിളില്‍. മുന്നിലിപ്പോള്‍ കുറുബ സമുദായക്കാരുടെ കൂടുതല്‍ വിവരങ്ങള്‍. 

പരമ്പരാഗതമായി ആടിനെ മേക്കലാണ് കുറുബ സമുദായക്കാരുടെ തൊഴില്‍. എന്നും ആട്ടിന്‍കൂട്ടവുമായി യാത്രയിലാണ്. സ്വദേശത്തു നിന്നും അഞ്ഞൂറു  കിലോമീറ്റര്‍ വരെ ആടുകളോടൊത്ത് കാല്‍നടയായി  സഞ്ചരിക്കും. മുമ്പൊക്കെ ഏതെങ്കിലും ജന്മിയുടെ പറമ്പില്‍ കുറച്ചു കാലം ആടുകളുമായി  താമസിക്കും. ആടു മേയുന്ന മണ്ണ് അവയുടെ കാഷ്ഠവും മൂത്രവുമൊക്കെ കലര്‍ന്ന് വളക്കൂറുള്ളതാകും. പകരം ജന്മി ഇവര്‍ക്ക് പൈസ, അരി ,വസ്ത്രങ്ങള്‍ തുടങ്ങിയവ കൊടുക്കുന്നു. രാസവളങ്ങള്‍ കൂടിയതോടെ ഇങ്ങനെ പറമ്പുകള്‍ ഇപ്പോള്‍ ലഭിക്കാതെയായി.

പക്ഷേ കുലത്തൊഴില്‍ ഉപേക്ഷിക്കുന്നത് അപരാധമായി കാണുന്നതു കൊണ്ട്  പാറപ്പുറത്തൊക്കെ താമസിച്ചാണെങ്കിലും അവര്‍ ആടുവളര്‍ത്തല്‍ തുടരുന്നു. രണ്ടുമൂന്നു മാസം ഒരു സ്ഥലത്തു താമസിക്കും. ചുറ്റുമുള്ള സ്ഥലങ്ങളില്‍ ആടിനെ മേയ്ക്കും. പിന്നീട് സ്ഥലം മാറും. പലപ്പോഴും ഒന്നിലധികം കുടുംബങ്ങള്‍ ഒന്നിച്ചാണ് താമസിക്കുന്നത്. 

പ്രത്യേകതരം ഡെക്കാന്‍ ആടുകളെയാണ് ഇവര്‍ കൂടുതലും വളര്‍ത്തിയിരുന്നത്. ഡെക്കാന്‍ ആടുകളുടെ രോമത്തില്‍ നിന്നുണ്ടാകുന്ന കമ്പിളി പുതപ്പ് പണ്ടുകാലങ്ങളില്‍ പട്ടാളത്തിലൊക്കെ ഉപയോഗിച്ചിരുന്നു. സ്ലീപ്പിങ് ബാഗ്, വിലകുറഞ്ഞ സിന്തറ്റിക് പുതപ്പുകള്‍ എന്നിവ വിപണിയില്‍ എത്തിയതോടെ ഇവരുടെ പുതപ്പിന് ആവശ്യക്കാര്‍ കുറഞ്ഞു. പാലില്‍ നിന്ന് മാത്രമുള്ള  വരുമാനം തികയാതെ വന്നപ്പോള്‍, ഇറച്ചിക്കായി പുതിയ ഇനം ആടുകളെ കൂടി വളര്‍ത്തി തുടങ്ങി.

വായിച്ചുവായിച്ച് അവരോടിഷ്ടം കൂടി. അവരുടെ ജീവിതം അടുത്തറിയണം എന്ന ആഗ്രഹം കനത്തു. 

 

 

സാലക്കയും കുട്ടികളും

മൂന്നാം ദിവസം വൈകിട്ട് ഋഷിമുഖ് കാണാന്‍ ഇറങ്ങി. വഴി മോശം. അതിനാല്‍ കാറില്‍ പോകാന്‍ കഴിയില്ല. ഹംപിയില്‍ ഹോം സ്‌റ്റേയും ഗൈഡുമൊക്കെ  അറേഞ്ച് ചെയ്തു തന്ന മലയാളി വേരുള്ള സന്ദീപിനെ കൂട്ട് പിടിച്ച് ആക്ടിവയിലായിരുന്നു യാത്ര.

പോകുന്ന വഴി വീണ്ടും ആട്ടിന്‍ കൂട്ടത്തെ കണ്ടു. ഇത്തവണ സന്ദീപിന്റെ സഹായത്തോടെ ശങ്കരി എന്ന ഇടയനോട് സംസാരിച്ചു. 

ശങ്കരിയും വേറെ മൂന്നു ബന്ധുക്കളുമാണ് ആടുകളെ മേയ്ക്കാന്‍ നാട്ടില്‍ നിന്നും പുറപ്പെട്ടത്. സ്‌കൂള്‍ അവധിയായതിനാല്‍ മകന്‍ വെങ്കിയും കൂടെയുണ്ടായിരുന്നു. രാവിലെ പ്രാതലിനു ശേഷം ഉച്ചക്കുള്ള ഭക്ഷണവും കൈയ്യിലെടുത്താണ് ആടുകളുമായി ഇറങ്ങിയിട്ടുള്ളത്. സന്ധ്യയാകുമ്പോള്‍ തിരിച്ചു കയറും.

ആടുകളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു കാവല്‍ പട്ടികളുടെ കഴുത്തിലെ ബെല്‍റ്റ് സന്ദീപാണ് ശ്രദ്ധയില്‍ പെടുത്തിയത്. ഒരു പട്ടിയുടെ കഴുത്തില്‍ ലോഹം കൊണ്ടുണ്ടാക്കിയ ബെല്‍റ്റാണുള്ളത്. ബെല്‍റ്റിന്റെ അരികുകളില്‍ മൂര്‍ച്ചയുള്ള പല്ലുകള്‍. വേറൊരു പട്ടിയുടെ കഴുത്തിലുള്ള തുകല്‍ ബെല്‍റ്റ് നിറയെ വലിയ ആണികള്‍. രാത്രിയില്‍ പുലിയോ മറ്റോ ആക്രമിക്കാന്‍ വന്നാല്‍ പട്ടിയുടെ കഴുത്തിലാണ് കടി വീഴുക. അത് തടുക്കാനാണ് ഈ ബെല്‍റ്റ് ! 

ആദ്യത്തെ പട്ടി പടം പിടിക്കാന്‍ നിന്നുതന്നെങ്കിലും രണ്ടാമത്തെ പട്ടി മൊബൈല്‍ കണ്ടതും വാലും ചുരുട്ടി ഓടി. ഇത്രയും 'ധൈര്യമുള്ള' ഇവന്‍ ആടുകളെ എങ്ങനെ സംരക്ഷിക്കുമാവോ?

ഋഷിമുഖ് കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ സന്ദീപിനോട് വഴിയരികിലെ ഇടയന്മാരുടെ ടെന്റ് വരെ പോകുന്നതിനെ പറ്റി  പറഞ്ഞു. ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും അവസാനം അവന്‍ വഴങ്ങി. എന്നെ റോഡില്‍ നിര്‍ത്തി സന്ദീപ് മലമുകളില്‍ പോയി അവരോടു കാര്യം അവതരിപ്പിച്ചു. അവര്‍ സമ്മതിച്ചപ്പോള്‍ ഞാനും അങ്ങോട്ട് പോയി. രണ്ടു സ്ത്രീകളും ആറു കുട്ടികളുമായിരുന്നു അവിടെ.

മുതിര്‍ന്ന സ്ത്രീയുടെ പേര് സാലക്ക. ഞാന്‍ കയറി ചെന്നപ്പോഴെ അവര്‍ സാരിയൊക്കെ നേരെയാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തു. കുട്ടികള്‍ അരികില്‍ വന്നപ്പോള്‍ അവരെ ആട്ടിയോടിച്ചു. പടം ക്യാമറയില്‍ കാണിച്ചു കൊടുത്തപ്പോള്‍ മുഖമൊക്കെ നാണം കൊണ്ട് ചുമന്നു.

പരമ്പരാഗത രീതിയിലാണ് സാലക്ക സാരി ഉടുത്തിരുന്നിത്. കൈയിലെ വെള്ളി വളയും കഴുത്തിലെ തങ്ക മാലയും ഉത്സാഹത്തോടെ കാണിച്ചു തന്നു. ചെവിയില്‍ ഒരു കമ്മലേ ഉള്ളൂ. എങ്കിലും മൂന്നു കമ്മല്‍ കുത്തിയ പാടുണ്ടായിരുന്നു. പരമ്പരാഗതമായി ഇവര്‍ കാതുനിറയെ കമ്മല്‍ ഇടും. 

പിന്നെ കുട്ടിപ്പടയുടെ ഊഴം. സാവിത്രിയും പൂജയും കാവേരിയും ശിവയും ഷാനയും കാര്‍ത്തിക്കും ഒക്കെ പോസ് ചെയ്യാന്‍ മത്സരിച്ചു. പടം പിടിച്ചു കഴിഞ്ഞപ്പോള്‍ സന്ദീപിന്റെ സഹായത്തോടെ സാലക്കയോട് സംസാരിച്ചു. 

 

 

ആടുജീവിതം

സാലക്കയുടെ നാട് 250 കിലോമീറ്റര്‍ ദൂരെ ബെല്‍ഗാമിലാണ്.ഈ പാറപ്പുറത്തു കൂടാരം വെച്ചിട്ടു മൂന്നാഴ്ചയായി. രണ്ടു മൂന്നു മാസത്തിനു ശേഷം അടുത്ത സ്ഥലത്തേക്ക് മാറും. സ്ത്രീകളും കുട്ടികളും വണ്ടിയില്‍ കയറി പോകും. ആണുങ്ങള്‍ ആടുകളുമായി കാല്‍നടയായി പുതിയ സ്ഥലത്തേക്ക് പോകും. ഇവര്‍ക്ക് മൂന്നു കുതിരയുണ്ട്. സാധനങ്ങള്‍ അതിന്റെ പുറത്തു കയറ്റും. 

കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ സാലക്ക നാടോടി ജീവിതമാണ്. പ്രസവ സമയത്തു മൂന്നു നാലു മാസം നാട്ടില്‍ പോയി താമസിക്കും. പിന്നെ കൈക്കുഞ്ഞുമായി തിരികെ വരും. സാലക്കയ്ക്കു അഞ്ചു പെണ്ണും ഒരാണും. ആണ്‍കുട്ടി ആകുന്ന വരെ പ്രസവിക്കണമെന്നാണ് നാട്ടുനടപ്പ്. മൂത്ത കുട്ടികള്‍ നാട്ടില്‍ പഠിക്കുന്നു. പഠിപ്പിന്  താല്പര്യം ഇല്ലെങ്കില്‍ ആട് മേയ്ക്കാന്‍ അവരെയും കൂട്ടും. നാട്ടില്‍ ഭര്‍ത്താവിന്റെ അമ്മയും അച്ഛനുമാണുള്ളത്. എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ പോകാറുള്ളൂ.വീട്ടിലേക്ക് വിളിക്കാന്‍  ഒരു മൊബൈല്‍ ഫോണുണ്ട്. ആടുകളെ മേയ്ക്കാന്‍ പോകുമ്പോള്‍ ഏതെങ്കിലും കടയില്‍ കയറിയാണ് മൊബൈല്‍ ചാര്‍ജ് ചെയ്യുക.  

ഇവര്‍ക്ക് നാനൂറ് ആടുകളുണ്ട്. മുതിര്‍ന്നവര്‍ രാവിലെ ആടു മേയ്ക്കാന്‍ പോകും. കുട്ടികള്‍ വീട്ടിലിരിക്കും. കുഞ്ഞാടുകളെ പകല്‍ സമയം കുട്ടികളാണ് പാലിക്കുന്നത്. ആട്ടിന്‍ പാല്‍ ആട്ടിന്‍ കുട്ടികള്‍ക്കു തന്നെയാണ് കൊടുക്കുക. ഇടക്ക് മാത്രം സ്വന്തം കുട്ടികള്‍ക്ക് കൊടുക്കും. പൈസക്ക് ആവശ്യം വന്നാല്‍ ആടിനെ വില്‍ക്കും. കുഞ്ഞാടുകള്‍ക്ക് ആറായിരം വരെ ലഭിക്കും. വലിയ ആടാണേല്‍ മുപ്പതിനായിരമൊക്കെ കിട്ടും.

രാവിലെയും ഉച്ചക്കും കഞ്ഞി കുടിക്കും. വൈകിട്ട് ജോവര്‍ കൊണ്ടുണ്ടാക്കിയ റൊട്ടി. പച്ചക്കറി വാങ്ങുന്നത് വിരളം. ചായ, കാപ്പി ഒന്നും പതിവില്ല. കുട്ടികള്‍ക്ക് വേറെ ഭക്ഷണം പുറത്തു നിന്ന് വാങ്ങി കൊടുക്കാറില്ല.

കൂടാരം കണ്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ കാണിച്ചു തന്നു. സാധാരണ ഗതിയില്‍ രണ്ടു പേര്‍ക്ക് താമസിക്കാവുന്ന ടെന്റ് . അതിലാണ് നാല് മുതിര്‍ന്നവരും ആറു കുട്ടികളും താമസിക്കുന്നത് .

കയറി ചെല്ലുന്ന ഭാഗത്ത് അടുപ്പില്‍ എന്തോ വേകുന്നു. പാചകത്തിനു ആവശ്യമുള്ള വെള്ളം അടുത്ത പാറക്കെട്ടില്‍ നിന്നാണ് എടുക്കുന്നത്. ഒരു മൂലയ്ക്ക് കുറേ കട്ടി പുതപ്പുകള്‍ കൂട്ടി വെച്ചിരിക്കുന്നു. രാത്രിയില്‍ നിലത്തു വിരിക്കാനാണ് പോലും. മഴയത്തും മഞ്ഞത്തും ഈ ടെന്റില്‍ ജീവിക്കുന്നത് ആലോചിക്കാന്‍ പോലും പറ്റില്ല. പ്രാഥമിക കാര്യങ്ങള്‍ കൂടാരത്തില്‍ നിന്നും മാറി പുറംപ്രദേശത്താണ് നിര്‍വഹിക്കുക.

കൂടാരത്തിന്റെ അടുത്ത് കമ്പും നെറ്റും വെച്ച് ഒരു വേലിക്കെട്ട്. അതിനകത്തു മുപ്പതോളം  കുഞ്ഞാടുകള്‍. സന്ധ്യയായപ്പോള്‍ മേയ്ക്കാന്‍ കൊണ്ടുപോയ ആടുകളൊക്കെ തിരികെ എത്തി. അമ്മമാരെ കണ്ടതും കുഞ്ഞാടുകള്‍ ഭയങ്കര ബഹളം. സാലക്ക അവരെ തുറന്നു വിട്ടതും കുഞ്ഞന്മാര്‍ അമ്മമാരെ കണ്ടുപിടിക്കാനുള്ള ഓട്ടമായി. എല്ലാ ആടുകളും നമുക്ക് ഒരുപോലെ തോന്നുമെങ്കിലും കുഞ്ഞാടുകള്‍ കൃത്യം അവരുടെ അമ്മമാരെ തേടി പിടിച്ച് പാല് കുടിക്കാന്‍ ആരംഭിച്ചു. 

തിരിച്ചെത്തിയിട്ടും അവരുടെ ജീവിതമായിരുന്നു ചിന്തകളില്‍. രാവിലെ എഴുന്നേറ്റപ്പോള്‍ ഒന്നുകൂടി അവരെ കാണണം എന്ന് തോന്നി. ആഞ്ജനേയ ഹില്‍സ് പോയി സൂര്യോദയമൊക്കെ കണ്ടു, ഹോം സ്റ്റേ വെക്കേറ്റ്  ചെയ്ത ശേഷം സന്ദീപിനെ കൂട്ടി വീണ്ടും അവരെ കാണാന്‍ പോയി. ഇത്തവണ അവര്‍ക്കു വേണ്ടി കുറച്ചു സാധനങ്ങളും കരുതി.

 

 

വീണ്ടും ടെന്റില്‍

റോഡില്‍ നിന്നും പൊതിയുമായി  കയറി വരുന്നത് കണ്ടപ്പോഴേ കുട്ടികള്‍ എന്റെ അടുത്ത്  ഓടിയെത്തി. പാറപ്പുറത്തു നിന്നു തന്നെ അവര്‍ രണ്ടു കൈയ്യിലും പലഹാരം എടുത്ത് കഴിക്കാന്‍ തുടങ്ങി. ഇടക്ക് എന്നെ നോക്കി നിഷ്‌കളങ്കമായി ചിരിച്ചു. ആത്മാര്‍ഥത ഉള്ള ചിരി. അതിഭാവുകത്വം ഇല്ലാത്ത പെരുമാറ്റം. കെട്ടിയിട്ടോ കൂട്ടിലോ അല്ല സാലക്ക ആട്ടിന്കുട്ടികളെയും സ്വന്തം കുട്ടികളെയും വളര്‍ത്തുന്നത്!

ആടുകളെല്ലാം അലസമായി പാറപ്പുത്തു വിശ്രമിക്കുകയായിരുന്നു. സാലക്കയുടെ അനിയന്‍ കിത്തപ്പ ആടിന്റെ കാലില്‍ പിടിച്ച് എന്തോ ചെയ്യുന്നത് കണ്ടു അങ്ങോട്ട് പോയി. നോക്കുമ്പോള്‍ മൂര്‍ച്ചയുള്ള കുഞ്ഞു കത്തി വെച്ച് കുളമ്പില്‍ തങ്ങി നില്‍ക്കുന്ന അഴുക്ക് വൃത്തിയാക്കുന്നു. അതിനു ശേഷം പുള്ളി ഒരു സിറിഞ്ചില്‍ എന്തോ മരുന്ന് ആടിന് കുത്തി വെച്ചു. ആടിന്റെ കാലു വേദനക്കുള്ള മരുന്നാണ് പോലും! ആടിന്റെ മരുന്നെല്ലാം കിത്തപ്പയുടെ കൈയില്‍ സ്‌റ്റോക്കുണ്ട്. പുള്ളി തന്നെയാണ് ചികിത്സ. 

കിത്തപ്പയോടു സംസാരിക്കുമ്പോഴെല്ലാം കുട്ടിപ്പട്ടാളം എന്നെ ചുറ്റിപ്പറ്റി നടന്നു. ക്യാമറ എങ്ങോട്ടു തിരിച്ചാലും അവര്‍ ഓടി വന്നു ഫ്രെയിമില്‍ ഹാജരാകും. ഫോട്ടോകള്‍ കാണാന്‍ കൊടുത്തപ്പോഴുള്ള അവരുടെ ചിരി ഇപ്പോഴും കണ്മുന്നിലുണ്ട്. 

'ഈ കഷ്ടപ്പാടുകള്‍ വിട്ടു എവിടെയെങ്കിലും സ്ഥിരം താമസമായിക്കൂടേ?'-തിരിച്ചു പോരാന്‍ നേരത്തു ഞാന്‍ സാലക്കയോട് ചോദിച്ചു.

'ഇതു ഞങ്ങളുടെ കുലത്തൊഴിലാണ്. അതു നിലനിന്നു പോകാന്‍ എന്ത് കഷ്ടപ്പാടും ഞങ്ങള്‍ സഹിക്കും.' -അവര്‍ മറുപടി പറഞ്ഞു.